തിരുവനന്തപുരം : അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്കു കൊവിഡ് വാക്സിൻ രാജ്യമെമ്പാടും ലഭ്യമാക്കിയതിന് പിന്നാലെ കേരള മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാക്സിൻ സ്വീകരിച്ചിരുന്നു. എന്നാൽ മുഖ്യൻ വാക്സിൻ സ്വീകരിച്ചത് അദ്ദേഹത്തിന്റെ വലതു കൈയിലായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ളവർ ഇടം കൈയിൽ കുത്തിവയ്‌പ്പെടുത്തപ്പോൾ ഇടത് നേതാവായ പിണറായി തനിക്ക് വാക്സിൻ വലത് കൈയിൽ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇടംകൈയിലാണു കുത്തിവയ്‌പെടുക്കേണ്ടതെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഓർമിപ്പിച്ചപ്പോൾ അതിനുള്ള കാരണവും മുഖ്യൻ വെളിപ്പെടുത്തി. ചികിത്സയുടെ ഭാഗമായി തലേന്നാൾ ഇടംകൈയിൽ കുത്തിവയ്‌പ്പെടുത്തിരുന്നതായി അദ്ദേഹം ആരോഗ്യ പ്രവർത്തകരോടു പറഞ്ഞു. അദ്ദേഹത്തിനൊപ്പം വാക്സിനെടുക്കാനെത്തിയ ഭാര്യ കമല ഇടംകൈയിലാണ് കുത്തിവയ്‌പ്പെടുത്തത്. നഴ്സ് എസ് എസ് അഭിരമ്യയാണു കുത്തിവയ്‌പെടുത്തത്.
ഒരു ചെറിയ നീറ്റലുണ്ടാകുമല്ലോ അതുപോലും ഉണ്ടായില്ല
കൊവിഡ് വാക്സിൻ എടുത്തത് നല്ല അനുഭവമായിരുന്നെന്നും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാക്സിൻ സ്വീകരിച്ച ശേഷം പറഞ്ഞു. തൈക്കാട് ആശുപത്രിയിൽ വാക്സിൻ എടുത്തശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുയായിരുന്നു മുഖ്യമന്ത്രി. ചില ഇഞ്ചക്ഷന് ഒരു ചെറിയ നീറ്റലുണ്ടാകുമല്ലോ. ഇതിന് അതുപോലും ഉണ്ടായില്ല. കുത്തിവയ്‌പ്പെടുത്തശേഷം അരമണിക്കൂർ വിശ്രമിച്ചു. കുഴപ്പം ഒന്നുമില്ല. കുറെപേർ വാക്സിൻ എടുക്കാൻ സന്നദ്ധരായി വരുന്നുണ്ട്. എല്ലാവരും അതിന് തയ്യാറാകണമെന്നാണ് പറയാനുള്ളത്. തന്റെയൊക്കെ ചെറുപ്പകാലത്ത് വസൂരിവന്ന് നിരവധി പേർ കൂട്ടത്തോടെ മരിച്ചിരുന്നു. ഇപ്പോൾ അതില്ലല്ലോ. പ്രതിരോധ കുത്തിവയ്‌പ്പെടുത്ത് ആ രോഗത്തെ തടയാനായി. അപൂർവം ചിലരെങ്കിലും വാക്സിനേഷനെതിരെ പ്രചാരണം നടത്തുന്നുണ്ട്. ചിലരെങ്കിലും ആ പ്രചാരണത്തിൽ പെട്ടുപോകാതിരിക്കാനാണ് ഇത് പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |