തിരുവനന്തപുരം: കിഫ്‌ബി വിദേശ ഫണ്ട് സ്വീകരിച്ച വിഷയത്തിൽ ഇഡി ഇപ്പോൾ 'ചാടിപ്പുറപ്പെടുന്നതെന്തെന്ന്' മനസിലാക്കാൻ പാഴൂർ പടിപ്പുര വരെ പോകേണ്ട കാര്യമില്ലെന്ന് പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ബിജെപിയേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുതിന് വേണ്ടിയല്ല കേന്ദ്ര ഏജൻസികൾ പ്രവര്‍ത്തിക്കേണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.ബിജെപിയേയും കോണ്‍ഗ്രസിനേയും തൃപ്തിപ്പെടുത്താനല്ല കേന്ദ്ര ഏജൻസികൾ പ്രവര്‍ത്തിക്കേണ്ടത്. മൊഴി നൽകാത്തവരെ ഭീഷണിപ്പെടുത്തി മൊഴിയെടുപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. മുഖ്യമന്ത്രി പറഞ്ഞു.
കിഫ്ബിയിലെ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി കാര്യങ്ങൾ അറിയുകയല്ല ഇഡി ചെയ്തതതെന്നും സ്ത്രീകൾ അടക്കമുള്ള ഉദ്യോഗസ്ഥരോട് മാന്യതയുടെ അതിര് ലംഘിക്കുന്ന പെരുമാറ്റം ഇഡി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായി എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മാര്‍ച്ച് രണ്ടിന് ദൃശ്യമാധ്യമങ്ങളിലൂടെ കിഫ്ബിക്കെതിരെ ഇഡി അന്വേഷണമെന്നും കിഫ്ബി സിഇഒയ്ക്കും ഡെപ്യൂട്ടി സിഇഒയ്ക്കും സമൻസ് പോയതായി മാധ്യമവാര്‍ത്ത വന്നു. ഇതിനു ശേഷമാണ് അവര്‍ക്ക് സമൻസ് ലഭിച്ചത്. ഇതൊക്കെ അസാധാരണ നടപടിയാണ്. മുൻപും കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നും ഇത്തരം നടപടികളുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പറയുന്നു.
വിളിച്ചു വരുത്തി പീഡിപ്പിക്കുന്നത് രാഷ്ട്രീയ മേലാളന്മാർക്ക് വേണ്ടിയാണ്. ഇഷ്ടമുള്ള മൊഴി കിട്ടിയില്ലെങ്കിൽ ഭീഷണിപ്പെടുത്തി വഴിക്ക് കൊണ്ടു വരാനാണ് നീക്കം. ശാരീരികമായി ഉപദ്രവിക്കും എന്ന നില വരെ ഉണ്ടായി. തെരഞ്ഞെടുപ്പ് കാലത്ത് എന്തു കൊണ്ടാണ് ഈ നിലയിലൊരു വെപ്രാളം കേന്ദ്ര ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാവുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും മുഖ്യമന്ത്രി വിമർശിച്ചു. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഏറ്റവും കൂടുതൽ ഉയർത്തിയ ആൾ എന്ന ബഹുമതി പ്രതിപക്ഷ നേതാവിനാണ്. സർക്കാരിനെ അക്രമിച്ചോളൂ എന്നാൽ അത് ജനങ്ങളുടെ ക്ഷേമത്തിന്റെ കടക്കൽ കത്തി വെച്ചിട്ടാകരുത് എന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |