കുളത്തൂപ്പുഴ: അഞ്ചുവയസുള്ള ഭിന്നശേഷിക്കാരനായ മകനെ ബന്ധുവിന്റെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച് മുങ്ങിയ മാതാവും സുഹൃത്തും സ്റ്റേഷനിൽ കീഴടങ്ങി. കുളത്തൂപ്പുഴ സ്വദേശിനി ഇരുപത്തൊൻപതുകാരി, അഞ്ചൽ നെടിയറ ഉഷസ് ഭവനിൽ ഉമേഷ് (28) എന്നിവരാണ് സ്റ്റേഷനിൽ ഹാജരായത്.
ഭർത്താവിന്റെ പരാതിയിൽ കുളത്തൂപ്പുഴ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് ഇരുവരും മടങ്ങിയെത്തിയത്. എട്ടുമാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് കുളത്തൂപ്പുഴ സി.ഐ സജുകുമാർ, എസ്.ഐ എസ്.എൽ. സുധീഷ് എന്നിവർ പറഞ്ഞു. ഈമാസം രണ്ടിനാണ് ഇവരെ കാണാതായത്.
പൊലീസ് മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷിച്ചപ്പോൾ ഇരുവരും എറുണാകുളത്തുണ്ടെന്ന് വ്യക്തമായി. ഇതിനിടയിൽ ഉമേഷിന്റെ സുഹൃത്തുക്കളെയും പൊലീസ് ബന്ധപ്പെട്ടു. ഇതോടെ ഉമേഷ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ജുവനൈൽ ജസ്റ്റീസ് നിയമ പ്രകാരം കേസെടുത്ത പൊലീസ് ഇരുവരെയും പുനലൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഉമേഷിനെതിരെ മറ്റ് നിരവധി കേസുകൾ ഉള്ളതായി പൊലീസ് പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |