തിരുവനന്തപുരം: രണ്ടു പ്രാവശ്യം മത്സരിച്ച് തോറ്റവർക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റവർക്കും ഇത്തവണ സീറ്റ് നൽകില്ലെന്ന് യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പ് സ്ക്രീനിംഗ് കമ്മിറ്റി അംഗം(സ്ട്രാറ്റജി കമ്മിറ്റി ചെയർമാൻ) ഉമ്മൻ ചാണ്ടി. യുഡിഎഫ് സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക തയ്യാറായെന്നും ഉമ്മൻ ചാണ്ടി അറിയിച്ചു.
50 ശതമാനത്തിലധികം സീറ്റുകൾ പുതുമുഖങ്ങൾക്കും യുവാക്കൾക്കും വനിതകൾക്കും ലഭ്യമാക്കണമെന്ന മാർഗ്ഗനിർദ്ദേശം സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ സ്വീകരിച്ചിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി. സ്ക്രീനിംഗ് കമ്മിറ്റി നാളെയും യോഗം ചേരുമെന്നും നാളെയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിന്റെ ഓരോ മണ്ഡലത്തിലെയും സ്ഥാനാർത്ഥികളെ സംബന്ധിച്ച് രുപീകരിക്കപ്പെട്ട പാനലുകളുടെ കാര്യത്തിൽ മുന്നണി അന്തിമഘട്ട തീരുമാനത്തിലേക്ക് എത്തുകയാണ്. ഈ പാനൽ നാളത്തെ സ്ക്രീനിംഗ് കമ്മിറ്റി യോഗം ചർച്ച ചെയ്യും. ശേഷം പാനലുമായി ഡൽഹിയിലേക്ക് പോയശേഷം സ്ഥാനാർത്ഥി പട്ടിക പ്രസിദ്ധീകരിക്കാനാണ് തീരുമാനം.
ഒപ്പം യുഡിഎഫ് ഘടകകക്ഷികളുടെ സീറ്റ് സംബന്ധിച്ച തീരുമാനവും ഉടൻ ഉണ്ടാകും. തിരഞ്ഞെടുപ്പിന് മുമ്പ് ഇത്തരത്തിലൊരു മാനദണ്ഡം അനുസരിച്ച് കോൺഗ്രസ് നീങ്ങുന്നത് ഇതാദ്യമായാണ്. സ്ഥാനാർത്ഥി നിർണയത്തിന്റെ കാര്യത്തിൽ ഇടതുപക്ഷ മുന്നണി പുരോഗമനപരമായ നിലപാടുകൾ സ്വീകരിച്ചതിനു പിന്നാലെയാണ് ഉമ്മൻ ചാണ്ടി ഇക്കാര്യം പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |