കൊച്ചി: കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയെ അറിയില്ലെന്ന് യൂണിടാക്ക് എം ഡി സന്തോഷ് ഈപ്പൻ. കോടിയേരിയുടെ കുടുംബവുമായി പരിചയമില്ലെന്നും സ്വപ്‌നയ്‌ക്കാണ് ഐ ഫോൺ നൽകിയതെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
'അന്ന് ചെന്നിത്തലയ്‌ക്ക് ഐഫോൺ കൊടുത്തെന്ന് പറഞ്ഞായിരുന്നു വിവാദം. ഇന്ന് കോടിയേരിയുടെ ഭാര്യയ്‌ക്ക് കൊടുത്തെന്ന് പറയുന്നു. ഈ രണ്ട് കാര്യങ്ങളും എനിക്ക് വായും മനസും അറിയാത്തവയാണ്. ഞാൻ മൊബൈൽ കൊടുത്തെന്നും അത് സ്വീകരിച്ചെന്നും സ്വപ്‌ന മൊഴി കൊടുത്ത കാര്യമാണ്. വാങ്ങിച്ച ഫോൺ ഡിസംബർ രണ്ടാം തീയതി അവിടെ നടന്ന നറുക്കെടുപ്പിൽ കുറേ പേർക്ക് കൊടുത്തിരുന്നു. അത് നറുക്കെടുപ്പ് നടത്തിയത് ചെന്നിത്തല ആയിരുന്നു. വിനോദിനി എന്നയാളെ കണ്ടിട്ടില്ലെന്ന് മാത്രമല്ല അത് കോടിയേരിയുടെ ഭാര്യയാണെന്ന് തന്നെ ഇന്നാണ് അറിയുന്നതെന്നും' സന്തോഷ് ഈപ്പൻ പറഞ്ഞു.
'കോടിയേരി ബാലകൃഷ്‌ണനേയും പ്രതിപക്ഷ നേതാവിനേയും പത്രങ്ങളിലൂടെ അറിയാം. സാധാരണക്കാരന് അറിയാവുന്നത് പോലെ എനിക്കുമറിയാം. പക്ഷേ വിനോദിനി ബാലകൃഷ്‌ണന് ഫോൺ നൽകുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ല. പണത്തിന് പകരമായാണ് ഐ ഫോൺ നൽകിയത്. സ്വപ്‌ന ഫോൺ ആർക്കൊക്കെ കൊടുത്തുവെന്നത് അന്വേഷിക്കേണ്ട കാര്യമാണല്ലോ' എന്നും സന്തോഷ് ഈപ്പൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |