സംസ്ഥാനത്തെ ഏറ്റവും വലിയ കാൻസർ ചികിത്സാകേന്ദ്രമായ തിരുവനന്തപുരത്തെ ആർ.സി.സിയിൽ ചികിത്സയ്ക്കും പരിശോധനകൾക്കുമായി ദൂരസ്ഥലങ്ങളിൽ നിന്നെത്തുന്നവർ അനുഭവിക്കുന്ന പ്രയാസങ്ങൾ പലതാണ്. പരിചയമില്ലായ്മ, ഒരു ദിവസം തങ്ങേണ്ടിവന്നാൽ സുരക്ഷിതമായ ഇടം ലഭിക്കാനുള്ള കഷ്ടപ്പാട്, ഭക്ഷണത്തിനും വിശ്രമത്തിനുമുള്ള സൗകര്യക്കുറവ് തുടങ്ങി ക്ളേശങ്ങൾ ഒട്ടേറെയുണ്ട്. രോഗപീഡകൾക്കു പുറമെ നേരിടേണ്ടിവരുന്ന ഇത്തരം വിഷമതകൾ പലരെ സംബന്ധിച്ചും താങ്ങാനാവാത്തതു തന്നെയാണ്. കടം വാങ്ങിയും കെട്ടുതാലി വരെ പണയം വച്ചും ചികിത്സയ്ക്കെത്തുന്ന എത്രയോ സാധുക്കളുണ്ട്. സർക്കാർ നൽകുന്ന ചില്ലറ സഹായങ്ങൾ ഒന്നിനും മതിയാകില്ല. ഉദാരമതികളായ വ്യക്തികളും ചില സന്നദ്ധസംഘടനകളുമാണ് പണ്ടുതൊട്ടേ നിർദ്ധന കാൻസർ രോഗികളുടെ സഹായത്തിന് എത്താറുള്ളത്. ചികിത്സയ്ക്കെത്തുന്ന രോഗികളുടെ താത്‌കാലിക വാസത്തിനും വിശ്രമത്തിനും സൗകര്യങ്ങൾ ഒരുങ്ങിയത് അങ്ങനെയാണ്. ഇക്കൂട്ടത്തിൽ രണ്ടുപതിറ്റാണ്ടായി ഈ രംഗത്ത് പ്രവർത്തിച്ചുവരുന്ന കാൻസർ റെമെഡി അസിസ്റ്റൻസ് ബ്യൂറോ (ക്രാബ്) എന്ന സംഘടനയുടെ പ്രവർത്തനം ഏറെ ശ്രദ്ധേയമാണ്. കരുണയും മനുഷ്യസ്നേഹവുമുള്ള ഒരുകൂട്ടം മഹദ് വ്യക്തികൾ തുടക്കമിട്ട 'ക്രാബ്" വളർന്നു വലുതായി പ്രശംസാർഹമായ ഔന്നത്യത്തിൽ എത്തിനിൽക്കുകയാണ്. ഒന്നരക്കോടിയോളം രൂപ ചെലവഴിച്ച് 'ക്രാബ്" നിർമ്മിച്ച സാന്ത്വന മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. വിലയ്ക്കു വാങ്ങിയ പത്തുസെന്റ് സ്ഥലത്ത് മൂന്ന് നിലകളായി സകല സൗകര്യങ്ങളോടും കൂടി നിർമ്മിച്ച മന്ദിരത്തിൽ വിശ്രമത്തിനായി എത്തുന്ന രോഗികൾക്കായി 80 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. സഹായികളായി എത്തുന്നവർക്കും ഇവിടത്തെ സൗകര്യങ്ങൾ ഉപയോഗിക്കാനാകും. ആർ.സി.സിയിൽ നിന്ന് മുക്കാൽ കിലോമീറ്ററേയുള്ളൂ ക്രാബ് ഹൗസിലേക്ക്. അവശരല്ലാത്ത രോഗികൾക്ക് നടന്നു വേണമെങ്കിലും എത്താൻ കഴിയുമെന്ന സൗകര്യമുണ്ട്. അവശരോഗികളെ വാഹനത്തിൽ എത്തിക്കുന്നതിനും സംവിധാനമൊരുക്കും. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടിനും വൈകിട്ട് ആറിനുമിടയ്ക്ക് ക്രാബ് ഹൗസിലെ സൗകര്യം പ്രയോജനപ്പെടുത്താൻ രോഗികൾക്കു അനുമതിയുണ്ടാകും. അവർക്കാവശ്യമായ ഭക്ഷണവും ഇവിടെയൊരുക്കും.
രണ്ടു പതിറ്റാണ്ടു മുൻപ് സജി കരുണാകരൻ എന്ന മനുഷ്യസ്നേഹിയുടെ മനസിൽ ഉദിച്ച ആശയം വിവിധതുറകളിലുള്ള ഉദാരമനസ്‌കരായ ഒരുകൂട്ടം ആളുകൾ ഏറ്റെടുത്ത് പിന്തുണ നൽകിയതിന്റെ ഗുണഫലമാണ് മഹത്തായ ലക്ഷ്യപ്രാപ്തിയിലെത്തി നിൽക്കുന്നത്. തികച്ചും അനുകരണീയമായിരുന്നു അവരുടെ പ്രവർത്തനം. ഒരു കൈകൊണ്ടു കൊടുക്കുന്നത് മറുകൈ അറിയരുതെന്ന് നിഷ്‌കർഷ പുലർത്തിയ മഹാമനസ്കരാണ് ആദ്യം മുതലേ സംഘടനയിൽ പ്രവർത്തിക്കുന്നവർ. ന്യായാധിപന്മാരും രാഷ്ട്രീയ നേതാക്കളും ഭിഷഗ്വരന്മാരും മാദ്ധ്യമസ്ഥാപന മേധാവികളും പ്രമുഖ വ്യക്തിത്വങ്ങളുമടക്കം ഏറെപ്പേരുടെ സഹായവും മാർഗനിർദ്ദേശവും ആദ്യം മുതലേ ലഭിച്ചു എന്നതാണ് 'ക്രാബ്" കാലിടറാതെ മുന്നോട്ടുപോകാനും പുതിയ ഉയരങ്ങൾ കീഴടക്കാനും നിമിത്തമായതെന്ന് നിസംശയം പറയാം. മെഡിക്കൽ കോളേജിനടുത്ത് ഒരു വാടക വീട്ടിൽ ആരംഭിച്ച സാന്ത്വനഗൃഹം ഏറെ പരിമിതികൾ നേരിട്ടിരുന്നു. അതിനു പരിഹാരമായാണ് സ്വന്തം സ്ഥലത്ത് ആധുനിക സൗകര്യങ്ങളോടെ ബഹുനില മന്ദിരമെന്ന ലക്ഷ്യം സാക്ഷാത്‌കരിച്ചത്. കേരളത്തിലും വിദേശത്തുമുള്ള അനവധി പേർ ഈ മഹദ് സംരംഭത്തിന് കൈയയച്ച് സഹായം നൽകി. കാൻസർ ബോധവത്‌കരണത്തിനും ക്രാബ് ഹൗസിൽ ഏർപ്പാടുകൾ ചെയ്യുന്നുണ്ട്.
കാൻസർരോഗ ചികിത്സയും പരിചരണവും നിർദ്ധന കുടുംബങ്ങൾക്ക് രോഗത്തെക്കാൾ വലിയ ശാപമാകുന്നതായാണ് കണ്ടുവരുന്നത്. അത് അത്രയേറെ മനുഷ്യരെ തളർത്തിക്കളയും. സാമ്പത്തികശേഷിയുള്ള മദ്ധ്യവർഗ കുടുംബങ്ങളെ പോലും അത് കശക്കിക്കളയാറുണ്ട്. ഏറ്റവും മെച്ചപ്പെട്ട ചികിത്സ തേടിയാണ് സംസ്ഥാനത്തിന്റെ അങ്ങേയറ്റത്തു നിന്നുവരെ രോഗികൾ തിരുവനന്തപുരത്തേക്ക് വണ്ടികയറുന്നത്. രാവിലെ ആശുപത്രിയിലെത്തി പരിശോധനയും ചികിത്സയും കഴിയുന്നവർക്ക് അപ്പോൾത്തന്നെ വീട്ടിലേക്കു മടങ്ങാനാവും. എന്നാൽ ദൂരെദിക്കുകളിൽ നിന്നുള്ളവരാണെങ്കിൽ രാത്രി വണ്ടിയുടെ സമയം വരെ എവിടെയെങ്കിലും ഒന്നു തലചായ്ക്കാൻ ഇടം തേടേണ്ടിവരും. പോക്കറ്റിനു കനം കുറവാണെങ്കിൽ റെയിൽവേസ്റ്റേഷൻ തന്നെയാകും ഒട്ടുമിക്ക സാധുക്കൾക്കും അഭയം. സന്നദ്ധ സംഘടനകളിൽ പലതും അവർക്കു സഹായഹസ്തവുമായി എത്താറുമുണ്ട്. എന്നാൽ സൗകര്യങ്ങൾ പരിമിതവും ആവശ്യക്കാരുടെ സംഖ്യ ഏറെയുമായതിനാൽ പലരിലേക്കും സഹായം എത്തുന്നില്ല. ഈ പശ്ചാത്തലത്തിലാണ് 'ക്രാബ്" പോലുള്ള സംഘടനയുടെ പ്രവർത്തനം മാതൃകയാകുന്നത്. ഇതുപോലുള്ള സംഘടനകൾ ഇനിയും വളർന്നു വരേണ്ടതുണ്ട്. അതിന് നിസ്വാർത്ഥരായ വ്യക്തികളാണ് മുൻകൈയെടുക്കേണ്ടത്. സമൂഹത്തിൽ ആദരണീയരായവർ മുന്നിട്ടിറങ്ങിയാൽ പാവങ്ങളുടെ കണ്ണീരൊപ്പാൻ കഴിയുന്ന പല ഉദ്യമങ്ങൾക്കും തുടക്കമിടാൻ ഒരു വിഷമവുമില്ല. പ്രശസ്തിയിൽ ഒട്ടും താത്‌പര്യമില്ലാത്ത കുറച്ചുപേർ നിശ്ശബ്ദം നടത്തിയ പ്രവർത്തനത്തിന്റെ സദ്‌ഫലമാണ് 'ക്രാബി"ന്റെ ഇന്നത്തെ വളർച്ചയ്ക്ക് പിന്നിലുള്ളത്. സൗകര്യങ്ങൾ പരിമിതമായിരുന്നിട്ടും ഇതുവരെ എണ്ണായിരത്തി അഞ്ഞൂറിലധികം രോഗികൾക്ക് വിശ്രമസൗകര്യവും പരിചരണവും ഒരുക്കാൻ ക്രാബിനു കഴിഞ്ഞത് വലിയനേട്ടം തന്നെയാണ്. അതിനു പിന്നിൽ പ്രവർത്തിക്കുന്ന മനുഷ്യസ്നേഹികൾ സമൂഹത്തിന്റെ സകല ആദരവും അർഹിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |