തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ അന്വേഷണ ഏജൻസിയെ രാഷ്ട്രീയമായി ബി.ജെ.പി ഉപയോഗിക്കുകയാണെന്ന സി.പി.എമ്മിന്റെ വാദം ബാലിശമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു. കസ്റ്റംസ് സത്യവാങ്മൂലം സ്വമേധയാ കൊടുത്തതല്ല. ജയിൽ ഡി.ജി.പിയുടെ റിട്ട് ഹർജിക്ക് മറുപടി നൽകുകയായിരുന്നു. ഈ റിട്ടിന് പിന്നിൽ മുഖ്യമന്ത്രിയാണ്. നിയമപരമായ നടപടികളിലൂടെ കസ്റ്റംസ് നീങ്ങുന്നതിനെയാണ് വേട്ടയാടൽ വാദമാക്കി മാറ്റാൻ സി.പി.എമ്മും ഇടതു മുന്നണിയും ശ്രമിക്കുന്നത്. ഇരയാക്കിയെങ്കിൽ കാരണക്കാർ ജയിൽ വകുപ്പും കോടതിയുമാണ്. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയർത്തുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്ക് കേസിലെ നടപടി ക്രമങ്ങൾ അറിയാത്തതല്ലെന്നും മന്ത്രി വാർത്താലേഖകരോട് പറഞ്ഞു.
കസ്റ്റംസിന്റേത് ഗൂഢനീക്കമാണെന്ന് ആവർത്തിക്കുന്നവർ മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയിൽ വകുപ്പിന്റെ ഗൂഢനീക്കങ്ങൾ കണ്ടില്ലെന്ന് നടിക്കുന്നു. കോഫെപോസ പ്രകാരം തടവിലുള്ള സ്വപ്ന അടക്കമുളള പ്രതികളെ സന്ദർശിക്കുമ്പോൾ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യം വേണ്ട എന്ന് ജയിൽ ഡി.ജി.പി സർക്കുലർ ഇറക്കി. സാധാരണ കോഫെപോസ തടവുകാർക്ക് ലഭിക്കാത്ത ആനുകൂല്യം കള്ളക്കടത്ത് പ്രതികൾക്ക് നൽകിയത് ആരുടെ സന്ദേശം കൈമാറാനായിരുന്നുവെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ കൈവശം എങ്ങനെ വന്നുവെന്ന് സി.പി.എം വിശദീകരിക്കണം. ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തേണ്ടത് കസ്റ്റംസ് ഓഫീസിലേക്കല്ല, മറിച്ച് എ.കെ.ജി സെന്ററിനു മുന്നിലേക്കോ ജയിൽ ഡി.ജി.പിയുടെ ഓഫീസിലേക്കോ ആണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |