കഴക്കൂട്ടം: തിരുവനന്തപുരം കാര്യവട്ടം ഗ്രീൽഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന ആർമി റിക്രൂട്ടുമെന്റ് റാലിയിൽ പങ്കെടുത്ത യുവാവ് കുഴഞ്ഞുവീണ് മണിക്കൂറുകൾക്കകം മരിച്ചു. കാസർകോട് നീലേശ്വരം പുത്തരിയടികം പാലത്തടം മഡോണ ഹൗസിൽ ശേഖരന്റെ മകൻ സച്ചിനാണ് (23) മരിച്ചത്. ഓട്ടത്തിനിടെ കുഴഞ്ഞുവീണ സച്ചിന് പ്രാഥമിക ശുശ്രൂഷ നൽകി. അൽപസമയം കഴിഞ്ഞ് മറ്റു പ്രശ്നമൊന്നുമില്ലെന്ന് തോന്നിയതിനാൽ, റാലിയുടെ നടത്തിപ്പുകാർ സച്ചിനെ കാസർകോട് സ്വദേശികളായ മറ്റ് ഉദ്യോഗാർഥികൾക്കൊപ്പം താൽക്കാലികമായി തങ്ങാൻ സൗകര്യമൊരുക്കിയ ചന്തവിളയിലേക്ക് വിട്ടു. അവിടെ കുറെ നേരം വിശ്രമിച്ചു. ഉച്ചയ്ക്ക് ഒന്നരമണിയോടെ പഴം കഴിച്ചപ്പോൾ ഛർദ്ദിച്ചുവെന്ന് കൂടെയുണ്ടായിരുന്നവർ പറഞ്ഞു. ആംബുലൻസ് വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടാത്തതുകൊണ്ട് ഓട്ടോറിക്ഷയിൽ കഴക്കൂട്ടം സി.എസ്.ഐ. മിഷൻ ആശുപത്രിയിലെത്തിച്ചു. അപ്പോഴേക്കും വളരെ അവശനായിക്കഴിഞ്ഞിരുന്നു. ഹൃദയമിടിപ്പ് തീരെ കുറവാണെന്നും ഗുരുതരമാണെന്നും അശുപത്രി അധികൃതർ സൂചിപ്പിച്ചു. അല്പം കഴിഞ്ഞ് മരണം സ്ഥിരീകരിച്ചു. കഴക്കൂട്ടം പൊലീസ് ആശുപത്രിയിലെത്തി മേൽനടപടി സ്വീകരിച്ചു. മൃതദേഹം മെഡിക്കൽ കോളേജാശുപത്രിയിലേക്കു മാറ്റി. കോവിഡ് പരിശോധനയും പോസ്റ്റ് മോർട്ടവും കഴിഞ്ഞ് നാട്ടിലേക്ക് അയയ്ക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |