സമൂഹമാദ്ധ്യമങ്ങളിൽ പൊങ്കാല
കണ്ണൂർ: സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജന് തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് എൻ. ധീരജ്കുമാർ രാജിവച്ചു. ഇതിനു പിന്നാലെ, പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയതിന് പള്ളിക്കുന്ന് ചെട്ടിപ്പീടിക ബ്രാഞ്ച് അംഗമായ ധീരജ്കുമാറിനെ പുറത്താക്കിയതായി സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു. ഇനിയും വലിയ പ്രതിഷേധമുയരുമെന്നും പാർട്ടിയുടെ മാനദണ്ഡം എല്ലാവർക്കും ബാധകമാണെന്നും ധീരജ് പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജില്ലാ സെക്രട്ടറി സ്ഥാനം ജയരാജൻ രാജിവച്ചിരുന്നു. നിലവിൽ സംഘടനാ ചുമതല ഒന്നുമില്ലാത്തതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് യോഗം പി. ജയരാജന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ സംസ്ഥാന സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജയരാജന് ഇളവ് നൽകേണ്ടെന്ന് സംസ്ഥാന നേതൃത്വം തീരുമാനിച്ചതോടെ ജയരാജൻ പട്ടികയിൽ നിന്നു പുറത്തായി.
പി. ജയരാജന് സീറ്റ് നിഷേധിച്ചതിൽ പി.ജെ. ആർമി എന്ന ഫേസ്ബുക്ക് പേജിലും രൂക്ഷമായ പ്രതികരണങ്ങളാണുള്ളത്. ' ഒരു തിരുവോണനാളിൽ അകത്തളത്തിൽ ഇരച്ചുകയറിയവർ, ഒരിലച്ചീന്തിനു മുന്നിൽ ഒരുപിടി ഓണസദ്യയ്ക്ക് പോലും ഇടംകൊടുക്കാതെ അരിഞ്ഞുവീഴ്ത്തിയപ്പോൾ അവിടെനിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിർത്തെഴുന്നേറ്റ് ഞങ്ങളെ പൊരുതാൻ പഠിപ്പിച്ച ധീരസഖാവേ… എന്നാണ് പ്രതികരണങ്ങളിൽ ഒന്ന് തുടങ്ങുന്നത്.
പിണറായി വിജയനെതിരെയണ് പ്രതിഷേധങ്ങളിൽ അധികവും. ജയരാജനോടു കാണിച്ചത് നെറികേടാണെന്നും ഇതിൽ പ്രതിഷേധിച്ച് ഇത്തവണ പാർട്ടിക്ക് വോട്ടു നൽകില്ലെന്നുമാണ് പലരും സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |