തിരുവനന്തപുരം: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിനായി കേരളത്തിൽ നിന്ന് പതിമൂന്ന് കോടി രൂപ സംഭാവന ലഭിച്ചതായി ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്‌റ്റ്. രാജ്യത്ത് നിന്ന് ആകെ ലഭിച്ച സംഭാവന 2500 കോടി രൂപയാണ്. ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് രാജസ്ഥാനിൽ നിന്നാണ്. തമിഴ്നാട്ടിൽ നിന്ന് ക്ഷേത്ര നിർമ്മാണത്തിന് 85 കോടി രൂപയാണ് സംഭാവന ലഭിച്ചത്.
മാർച്ച് നാല് വരെ ലഭിച്ച കണക്കുകളാണ് ശ്രീരാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. അന്തിമ കണക്കെടുപ്പിൽ ഈ തുക വർദ്ധിച്ചേക്കാമെന്നും ട്രസ്റ്റ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 മുതൽ ഫെബ്രുവരി 27 വരെയായിരുന്നു ക്ഷേത്ര നിർമ്മാണത്തിന് വീടുകൾ കയറിയും സ്ഥാപനങ്ങൾ കയറിയുമുളള സംഭാവന സ്വീകരിച്ച് തുടങ്ങിയത്.
ഇനി ഓൺലൈൻ മുഖേനെ മാത്രമേ സംഭാവന സ്വീകരിക്കുകയുളളൂ. വിദേശ സംഭാവന സ്വീകരിക്കുന്നതിനുളള അനുമതി ട്രസ്റ്റിന് ഇതുവരെ ലഭിച്ചിട്ടില്ല. ലഭിച്ചാൽ ഉടൻ വിദേശത്ത് നിന്നുളള സംഭാവനയും ട്രസ്റ്റ് സ്വീകരിക്കും. രാജ്യത്ത് ഏറ്റവും കൂടുതൽ സംഭാവന നൽകിയത് ആരെന്നോ, ആ തുക എത്രയാണെന്നോ വ്യക്തമാക്കാൻ ട്രസ്റ്റ് തയ്യാറായിട്ടില്ല.
പ്രധാന ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് മാത്രമായി 400 കോടി ചെലവ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഈ തുക ഉയരും എന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടൽ. ക്ഷേത്രത്തിന് പുറമെ 67 ഏക്കർ വിസ്‌തൃതിയിലുളള ക്ഷേത്ര സമുച്ചയം വികസപ്പിക്കുന്നതിന് 1100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ലഭിച്ച ഭൂമിയുടെ സമീപത്തുളള ചില ഭൂമിയും പണം നൽകി വാങ്ങാൻ ട്രസ്റ്റ് തീരുമാനിച്ചിട്ടുണ്ട്.
മൂന്ന് വർഷം കൊണ്ട് ക്ഷേത്ര നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരളം ഉൾപ്പടെയുളള സംസ്ഥാനങ്ങളിൽ നിന്ന് ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ടവരും സംഭാവന നൽകിയിട്ടുണ്ടെന്ന് ട്രസ്റ്റ് അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |