തിരുവനന്തപുരം: കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അവസാനിപ്പിച്ച സിനിമ തിയേറ്ററുകളിലെ സെക്കൻഡ് ഷോ പുനരാരംഭിക്കാൻ ദുരന്ത നിവാരണ വകുപ്പ് അനുമതി നൽകി. കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരളയുടെ ആവശ്യ പ്രകാരമാണ് തിയേറ്ററുകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചിരിക്കുന്നത്. പ്രവർത്തന സമയം രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ എന്നത് ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയായി പുനഃക്രമീകരിച്ചാണ് ഉത്തരവിറക്കിയിരിക്കുന്നത്.
തിയേറ്ററുകൾ മുന്നോട്ട് നടത്തിക്കൊണ്ട് പോകാൻ പറ്റാത്ത സാഹചര്യമാണെന്നും സിനിമാവ്യവസായത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കി മറ്റു സംസ്ഥാനങ്ങളിലേതു പോലെ കേരളത്തിലും സെക്കൻഡ് ഷോ അനുവദിച്ചുനൽകണമെന്നും ആവശ്യപ്പെട്ട് കേരള ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള സർക്കാരിന് നിവേദനം നൽകിയിരുന്നു.
മാർച്ച് ആറിന് നടന്ന കൊവിഡ് കോർ ഗ്രൂപ്പ് മീറ്റിംഗിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. രോഗ വ്യാപനം കുറയ്ക്കുന്നതിന് തിയേറ്ററുകളുടെ പ്രവർത്തനസമയം രാവിലെ ഒൻപത് മുതൽ രാത്രി ഒൻപത് വരെ എന്നതു മാറ്റി ഉച്ചയ്ക്ക് 12 മുതൽ രാത്രി 12 വരെയാക്കുന്നത് ഉചിതമാകുമെന്ന് യോഗം ശുപാർശ ചെയ്യുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന നിബന്ധനയോടെയാണ് സംസ്ഥാനത്തെ സിനിമ തിയേറ്ററുകളുടെ പ്രവർത്തന സമയം സർക്കാർ പുനഃക്രമീകരിച്ച് നൽകിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |