തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിൽ സെക്കൻഡ് ഷോ വീണ്ടും തുടങ്ങാൻ സർക്കാർ അനുമതി നൽകി. തിയേറ്ററുകൾക്ക് പകൽ 12 മുതൽ രാത്രി 12 വരെയാണ് പ്രദർശനാനുമതി. എന്നാൽ പകുതി സീറ്റിൽ മാത്രം പ്രവേശനം എന്ന നിബന്ധന തുടരും. തിയേറ്ററുകൾ നടത്തിക്കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സിനിമാ വ്യവസായത്തിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കണമെന്നും കേരള ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓർഗനൈസേഷനും ഫിലിം ചേംബറും സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ചീഫ് സെക്രട്ടറി വി.പി. ജോയ് സംഘടനാഭാരവാഹികളുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. തിയേറ്ററുകളുടെ നിലവിലെ പ്രവർത്തന സമയം രാവിലെ 9 മുതൽ രാത്രി 9 വരെയാണ്.
ഇതോടെ മമ്മൂട്ടി ചിത്രമായ ദി പ്രീസ്റ്റ് വ്യാഴാഴ്ച റിലീസ് ചെയ്യുമെന്നുറപ്പായി. സെക്കൻഡ് ഷോ അനുവദിച്ചില്ലെങ്കിൽ സാമ്പത്തികമായി മുന്നോട്ടുപോകാൻ കഴിയില്ലെന്നും അതിനാൽ തിയേറ്റർ അടച്ചിടേണ്ടി വരുമെന്നുമായിരുന്നു ഉടമകളുടെ നിലപാട്. സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ റിലീസുകളും കൂട്ടത്തോടെ മാറ്റിവച്ചിരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |