കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനുളള സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം. തൃക്കരിപ്പൂരിൽ കെ എം മാണിയുടെ മരുമകൻ എം പി ജോസഫാണ് സ്ഥാനാർത്ഥി. മുൻ ഐ എ എസ് ഉദ്യോഗസ്ഥനായ എം പി ജോസഫ് വിരമിച്ച ശേഷം ദീർഘകാലമായി കോൺഗ്രസ് പ്രവർത്തകനായിരുന്നു.
മുതിർന്ന നേതാക്കളായ ജോസഫ് എം പുതുശേരിയും വിക്‌ടർ ടി തോമസും അവകാശവാദം ഉന്നയിച്ചിരുന്ന തിരുവല്ലയിലും അപ്രതീക്ഷിത സ്ഥാനാർത്ഥിയാണ് പട്ടികയിൽ ഇടംപിടിച്ചത്. കുഞ്ഞുകോശി പോളാണ് ഇവിടെ സ്ഥാനാർത്ഥി. പി ജെ ജോസഫ് തൊടുപുഴയിലും മോൻസ് ജോസഫ് കടുത്തുരുത്തിയിലും മത്സരിക്കും.
ഫ്രാൻസിസ് ജോർജ് ഇടുക്കിയിൽ നിന്നാകും ജനവിധി തേടുക. ഇരിങ്ങാലക്കുട സീറ്റിൽ തോമസ് ഉണ്ണിയാടൻ സ്ഥാനാർത്ഥിയാകും. കോതമംഗലത്ത് ഷിബു തെക്കുംപുറം, കുട്ടനാട്ടിൽ അഡ്വ ജേക്കബ് എബ്രഹാം, ചങ്ങനാശേരിയിൽ വി ജെ ലാലി, ഏറ്റുമാനൂരിൽ പ്രിൻസ് ലൂക്കോസ് എന്നിങ്ങനെയാണ് സ്ഥാനാർത്ഥി പട്ടിക.
ജോസഫ് എം പുതുശേരിക്കും സജി മഞ്ഞക്കടമ്പനും സീറ്റില്ലാത്തത് തിരുവല്ലയിലും ഏറ്റുമാനൂരും കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയേക്കും. ചങ്ങനാശേരിയിൽ സി എഫ് തോമസിന്റെ കുടുംബത്തിൽ നിന്നൊരാൾ സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും അവസാനം പരിഗണിച്ചത് വി ജെ ലാലിയെയാണ്. പ്രാദേശിക പിന്തുണ കൂടി കണക്കിലെടുത്താണ് പ്രഖ്യാപനമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്. മുതിർന്ന നേതാവ് ജോണി നെല്ലൂരിനും സീറ്റ് ലഭിച്ചില്ല.
പതിമൂന്ന് സീറ്റാണ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം യു ഡി എഫിനോട് ആവശ്യപ്പെട്ടത്. എന്നാൽ ഒമ്പത് സീറ്റ് മാത്രമെ നൽകാനാകൂ എന്ന നിലപാടിലായിരുന്നു മുന്നണി. അവസാന നിമിഷമാണ് തൃക്കരിപ്പൂർ കൂടി ജോസഫിന് വിട്ടു നൽകാൻ ധാരണയായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |