കോഴിക്കോട്: ഒരു ജീവൻ രക്ഷിക്കാൻ കാട്ടിയ കാരുണ്യ പ്രവൃത്തി സ്വന്തം ജീവിതം ഊന്നുവടിയിലെത്തിച്ചെങ്കിലും ലിന്റോ ജോസഫിന്റെ പോരാട്ടവീര്യം ചോർന്നിട്ടില്ല.
തിരുവമ്പാടിയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കുന്ന ഇടതു മുന്നണി സ്ഥാനാർത്ഥി ലിന്റോ ജോസഫിന് വോട്ട് പിടിക്കാൻ ഇറങ്ങണമെങ്കിൽ പരസഹായം കൂടിയെ തീരൂ. അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസുമായി പോയതാണ് ഈ 28 കാരനെ ഊന്നുവടിയിലാക്കിയത്.
2019ലെ പെരുന്നാൾ ദിവസമായിരുന്നു അപകടം. വീടിന് സമീപത്തെ മാങ്കുന്ന് കോളനിയിലെ കാൻസർ രോഗിയായ ബിജുവിന്റെ ആരോഗ്യനില വഷളായി. കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തണം. വാഹനങ്ങൾ കുറവ്. കൂമ്പാറ ജമാഅത്തിന്റെ ആംബുലൻസ് ഉണ്ടെങ്കിലും ഡ്രൈവറില്ല. ഡി.വൈ.എഫ്.ഐ തിരുവമ്പാടി ബ്ളോക്ക് ട്രഷറർ ആയിരുന്ന ലിന്റോ ഡ്രൈവർ സീറ്റിൽ കയറി. മലയോര ഗ്രാമം കഴിഞ്ഞ് വാഹനം മുക്കം ബൈപ്പാസിലെത്തിയപ്പോൾ എതിരെ വന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. കാലിന്റെ മൂന്ന് എല്ലുകളാണ് പൊട്ടിയത്. രണ്ട് ഞരമ്പുകൾ കൂടിച്ചേരാത്തതിനാൽ ഇനിയും ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം.
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടരഞ്ഞി പഞ്ചായത്തിലേക്ക് മത്സരിക്കാൻ ലിന്റോവിന് നിയോഗം. വിജയിച്ചെന്നു മാത്രമല്ല, പഞ്ചായത്ത് പ്രസിഡന്റുമായി.
പാലക്കൽ ഹൗസിൽ ജോസഫ് - അന്നമ്മ ദമ്പതികളുടെ ഇളയ മകനാണ്. ജോസഫ് പാലക്കാട്ടെ സ്വകാര്യ എസ്റ്റേറ്റിൽ സൂപ്പർവൈസറാണ്. ഇടുക്കി തങ്കമണിയിൽ നിന്ന് ആനക്കാംപൊയിൽ മുത്തപ്പൻ പുഴയിലേക്ക് കുടിയേറിയ ലിന്റോ ജോസഫിന്റെ കുടുംബം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കൂമ്പാറയിലാണ് താമസം.
മികച്ച കായികതാരമായിരുന്നു ലിന്റോ. 1500 മീറ്റർ ഓട്ടം, ക്രോസ് കൺട്രി എന്നിവയിൽ സംസ്ഥാന ജേതാവ്. 2007 ലെ ഗോവ ദേശീയ മീറ്റിൽ ക്രോസ് കൺട്രിയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ചു. പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയിലൂടെയാണ് കായിക രംഗത്ത് വളർന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |