SignIn
Kerala Kaumudi Online
Monday, 23 February 2026 6.02 PM IST

ബാല്യകാല കുറ്റവും ശിക്ഷയും

Increase Font Size Decrease Font Size Print Page

ithi

ബ്രഹ്മാവ്, സൃഷ്‌ടി തുടങ്ങിയകാലം മുതൽതന്നെ ജീവികളിൽ കുറ്രവാസനകളും കുറ്രകൃത്യങ്ങളും തുടങ്ങി. കുറെക്കാലം ആരും ഇവ കാര്യമാക്കിയില്ലെങ്കിലും കുറ്റകൃത്യങ്ങൾ പെരുകാൻ തുടങ്ങിയപ്പോൾ എന്തെങ്കിലും നിയന്ത്രണങ്ങൾ കൊണ്ടുവന്നേ പറ്റൂ എന്ന സ്ഥിതിയായി. ബ്രഹ്മാവും ദേവമുഖ്യന്മാരും കൂടിയാലോചനകൾ തുടങ്ങിയെങ്കിലും സൃഷ്‌ടികർത്താവായ ബ്രഹ്മാവ് ദേവമുഖ്യന്മാരും കൂടിയാലോചനകൾ തുടങ്ങിയെങ്കിലും സൃഷ്‌ടികർത്താവായ ബ്രഹ്മാവ് തന്നെ ഇതിനുള്ള പരിഹാരവും ഉണ്ടാക്കണമെന്ന് ദേവകൾ നിർദ്ദേശിച്ചു.കുറ്റം ചെയ്യുന്നത് മറ്റൊരാൾ നേരിൽ കണ്ടാൽമാത്രമേ കുറ്റവാളിയെ തിരിച്ചറിയാൻ കഴിയൂ എന്നു ചിന്തിച്ച ബ്രഹ്മാവ് ജീവിച്ചിരിക്കുമ്പോൾ ചെയ്യുന്ന കുറ്റകൃത്യങ്ങൾഖ്ക് ഇവിടെ ശിക്ഷ ലഭിക്കാതെ ആരെങ്കിലും രക്ഷപ്പെട്ടാൽ മരിച്ച് യമലോകത്ത് എത്തുമ്പോൾ അവിടെ ശിക്ഷ ലഭിക്കുംവിധം നിയമങ്ങൾ ഉണ്ടാക്കി. യമപുരിയിൽ എത്തുമ്പോൾ കുറ്റകൃത്യങ്ങൾക്ക് ദൃക്‌സാക്ഷികൾ ഉണ്ടോ ഇല്ലയോ എന്നത് പ്രശ്‌നമല്ലെന്നും ബ്രഹ്മാവ് കല്‌പിച്ചു.

കുറേനാൾ കഴിഞ്ഞപ്പോൾ മുതിർന്നവർ ചെയ്യുന്ന കുറ്റങ്ങൾക്ക് ശിക്ഷ വിധിക്കുന്നതോടൊപ്പം അറിവില്ലാത്ത ചെറിയ കുട്ടികൾ ചെയ്യുന്ന കുറ്റങ്ങൾക്ക് എങ്ങനെ ശിക്ഷ വിധിക്കും എന്ന ആശയക്കുഴപ്പമുണ്ടായി. വളരെക്കാലത്തെ ആലോചനകൾക്കുശേഷം മനുഷ്യരെ സംബന്ധിച്ച് പന്ത്രണ്ട് വയസ് വരെയുള്ള കാലം ബാലദശയായതിനാൽ ഈ കാലത്ത് ചെയ്യുന്ന കുറ്റകൃത്യങ്ങൾക്ക് ശിക്ഷ വേണ്ടെന്ന നിലപാടിൽ ബ്രഹ്മാവ് എത്തിച്ചേർന്നു. അതിനനുസരിച്ച് നിയമങ്ങളിൽ ഭേദഗതികൾ വരുത്തി ശിക്ഷ നടപ്പാക്കാൻ തുടങ്ങി.

ഒരിക്കൽ കുറേ കള്ളന്മാർ രാജഭണ്ഡാരം കൊള്ളയടിച്ച് കൊള്ളമുതലുമായി പോകുമ്പോൾ രാജഭടന്മാർ തൊട്ടുപുറകെയെത്തിയതറിഞ്ഞ് കൊള്ളമുതൽ മാണ്ഡവ്യമുനിയുടെ ആശ്രമത്തിൽ ഒളിപ്പിച്ചശേഷം നിരപരാധികളായി നടിച്ച് ആശ്രമപരിസരത്ത് ചുറ്റിപ്പറ്റി നിന്നു. ആശ്രമം പരിശോധിച്ച ഭടന്മാർ കൊള്ളമുതൽ കണ്ടെടുക്കുകയും മഹർഷിയേയും കള്ളന്മാരേയും രാജാവിന് മുമ്പാകെ ഹാജരാക്കുകയും ചെയ്‌തു.

മഹർഷിയുടെ മനസ് പൂർണമായും ജഗത്തിങ്കൽ അർപ്പിച്ചിരുന്നതിനാൽ കള്ളന്മാർ കാണിച്ചതും ഭടന്മാർ കാണിച്ചതും രാജാവ് ചോദ്യം ചെയ്‌തതുമൊക്കെ മഹർഷിയുടെ ഭൗതികനേത്രങ്ങൾ കാണുന്നുണ്ടെങ്കിലും മനസിൽ യാതൊന്നും പതിയുന്നില്ലായിരുന്നു. ആയതിനാൽ രാജാവിന്റെ ചോദ്യം ചെയ്യലിൽ മഹർഷി മൗനിയായിരുന്നതേയുള്ളൂ. മഹർഷിയുടെ മൗനം കൊല്ളയിൽ പങ്കാളിയാണെന്ന് രാജാവ് ധരിച്ചു.

എല്ലാരേയും ശൂലങ്ങളിൽ തറച്ചുകൊല്ലാൻ രാജാവ് കല്‌പിക്കുകയും ഭടന്മാർ ശിക്ഷ നടപ്പാക്കുകയും ചെയ്‌തു. കള്ളന്മാരെല്ലാം രണ്ടുദിവസങ്ങൾക്കുള്ളിൽ മരിച്ചെങ്കിലും മഹർഷിമാത്രം ഏറെനാൾ കഴിഞ്ഞിട്ടും മരിച്ചില്ല. മഹർഷിയുടെ സ്ഥിതി പ്രജകൾ പറഞ്ഞുപറഞ്ഞ് രാജാവും അറിഞ്ഞു. രാജാവ് മഹർഷിയെ സമീപിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. നിരപരാധിയായ മഹർഷിയെ ശിക്ഷിക്കാനിടയായതിൽ രാജാവ് ക്ഷമ ചോദിച്ചു. രാജാവിനോടോ ഭടന്മാരോടോ കള്ളന്മാരോടോ തനിക്ക് പരിഭവമില്ലെന്നും എല്ലാം തന്റെ വിധിയായിരിക്കും എന്നും മഹർഷി പറഞ്ഞു. ഭടന്മാരെ വിളിച്ചുവരുത്തി ശൂലം ശരീരത്തിൽ നിന്നും ഊരിയെടുക്കാൻ ശ്രമിച്ചെങ്കിലും ശൂലം ശരീര കോശങ്ങളുമായി ചേർന്നുപോയതിനാൽ ശ്രമം പരാജയപ്പെട്ടു. ഒടുവിൽ ശൂലത്തിന്റെ അണി (മുന) മാത്രം ശരീരത്തിൽ നിറുത്തി ബാക്കിഭാഗം മുറിച്ചുകളഞ്ഞ് മഹർഷിയെ സ്വതന്ത്രനാക്കി. അണി ശരീരത്തിൽകൊണ്ടു നടക്കാനിടയായതിനാൽ മഹ‌ർഷി

'അണിമാണ്ഡവ്യൻ" എന്നറിയാൻ തുടങ്ങി.

ഏറെ നാൾ കഴിഞ്ഞ് മഹർഷി ശരീരം ഉപേക്ഷിച്ച് യമലോകത്തെത്തി. നിരപരാധിയായിരുന്നിട്ടും ജീവിച്ചിരുന്നപ്പോൾ ശൂലം തറക്കാനിടയായ പാപകാരണമെന്തെന്ന് മാണ്ഡവ്യൻ യമരാജനോട് ചോദിച്ചു. യമൻ ചിത്രഗുപ്‌തനോട് മഹർഷിയുടെ പാപങ്ങൾ വെളിപ്പെടുത്താൻ ആവശ്യപ്പെട്ടു. ബാലനായിരുന്നപ്പോൾ ചിത്രശലഭങ്ങളെപ്പിടിച്ച് നൂലിൽ കൊരുത്തു കളിക്കുമായിരുന്നതാണ് ശിക്ഷിക്കാനിടയായത് എന്ന് വ്യക്തമാക്കി. എന്തു പ്രായമുള്ളപ്പോഴാണ് ചിത്രശലഭങ്ങളെ കൊരുത്തുകളിച്ചതെന്ന അടുത്ത ചോദ്യത്തിന് ഏഴിനും എട്ടിനും ഇടയ്‌ക്ക് പ്രായമുള്ളപ്പോഴാണ് കുറ്റം ചെയ്‌തതെന്നും വെളിപ്പെടുത്തി. പന്ത്രണ്ടുവയസുവരെ ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷയില്ലെന്ന് ബ്രഹ്മാവ് കല്‌പിച്ചിട്ടുള്ളപ്പോൾ എട്ട് വയസിനുള്ളിൽ ചെയ്‌ത തെറ്റിന് ശിക്ഷ വിധിച്ചതെന്തിന് എന്ന ചോദ്യത്തിന് യമരാജന് ഉത്തരം മുട്ടി. ധർമ്മമറിയാത്ത താങ്കൾ എങ്ങനെ ധർമ്മരാജാവായി എന്നു ചോദിച്ച മാണ്ഡവ്യൻ നിരപരാധിയായ താൻ ശിക്ഷിക്കാനിടയായതിന് '' താങ്കൾ ദാസിപുത്രനായി ജനിച്ച് രാജാവിന്റെ ഉപദേശകനായിത്തീരട്ടെ" എന്നും ശപിച്ചു. കൂടാതെ 12 വയസ് എന്നത് 14 വയസു വരെ ഉയർത്താനും മാണ്ഡവ്യൻ കല്‌പിച്ചു. അതുപ്രകാരം ബ്രഹ്മാവും യമരാജനും ചേർന്ന് നിയമങ്ങളിൽ മാറ്റം വരുത്തി.

മാണ്ഡവ്യശാപത്തെ തുടർന്ന് യമരാജൻ ധൃതരാഷ്ട്രരുടെ കൊട്ടാരത്തിൽ ദാസീപുത്രനായ വിദുരർ ആയി ജനിച്ച് ധൃതരാഷ്ട്രരുടെ മന്ത്രിയും ഉപദേശകനുമായി. എന്നാൽ ധൃതരാഷ്ട്രരോ സന്താനങ്ങളോ വിദുരരുടെ ഉപദേശങ്ങൾക്ക് വില കല്‌പിക്കുകയോ അനുസരിക്കുകയോ ചെയ്‌തിരുന്നില്ല.

TAGS: RITUALS, WEEKLY, RITUALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.