തോറ്റചരിത്രം കേട്ടിട്ടില്ല എന്ന മുദ്രാവാക്യം മുഴങ്ങുന്ന ഇൗ തിരഞ്ഞെടുപ്പ് കാലത്ത് തോറ്റിട്ടും ചരിത്രമെഴുതിയ നെയ്യാറ്റിൻകരക്കാരൻ ആർ.ജോസിന്റെ ജീവിതം വായിക്കാം. അക്ഷരങ്ങൾ നേരെ ചൊവ്വേ വായിക്കാനും എഴുതാനും അറിയാതെ പത്താംക്ളാസ് തോറ്റവൻ ആത്മവിശ്വാസം ആയുധമാക്കി ഡിവൈ.എസ്.പി ഡോ. ആർ.ജോസായ കഥ പ്രചോദനത്തിന്റെ പാഠപുസ്തകമാണ്...
ജോസ് എന്ന പഠിക്കാൻ ഒട്ടും മിടുക്കനല്ലാത്ത വിദ്യാർത്ഥിയെ ഇംഗ്ളീഷ് പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ട ഒരു അദ്ധ്യാപകനുണ്ടായിരുന്നു നെയ്യാറ്റിൻകര കൂതാളി രാജേന്ദ്ര വിലാസം ഹൈസ്കൂളിൽ. പത്താംക്ളാസ് എത്തിയിട്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ എഴുതാനും വായിക്കാനും അറിയാത്ത ജോസിന് 1995ലെ പത്താംക്ളാസ് പൊതുപരീക്ഷയ്ക്ക് ഇംഗ്ളീഷിന് ലഭിച്ചത് എട്ടുമാർക്കായിരുന്നു. പത്താംക്ളാസ് തോറ്റ അന്നത്തെ ജോസ് ഇന്ന് ഡിവൈ.എസ്.പിയാണ്. പത്താംക്ളാസിലെ ദയനീയ പരാജയത്തിന് ശേഷം റാങ്കുകളോടെ നേടിയത് ഒട്ടേറെ ബിരുദങ്ങൾ. ഇപ്പോൾ ഡോക്ടറേറ്റും നേടി. Cup എന്ന ഇംഗ്ളീഷ് വാക്കിനെ കുപ്പ് എന്ന് വായിക്കുമായിരുന്ന പഴയകാലം ഒാർത്ത് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ് ചിരിക്കുന്നു. ഇച്ഛാശക്തിയിലൂടെ ജീവിത വിജയം നേടിയവന്റെ ആഹ്ളാദം മുഴുവനും അലിഞ്ഞു ചേർന്നിട്ടുണ്ട് ആ ചിരിയിൽ.
നാലക്ഷരം പഠിച്ച് മുന്നോട്ടുപോകാൻ കഴിവില്ലാത്തവനെ വർക്ക് ഷോപ്പിൽ അയക്കാനായിരുന്നു വീട്ടുകാരുടെ തീരുമാനം. ജോസും അതിന് ഒരുങ്ങിയതാണ്. ഇടയ്ക്കെപ്പോഴോ മനസ് ഒരു തീരുമാനമെടുത്തു. എല്ലാവരും പഠിക്കുകയും വിജയിക്കുകയും ചെയ്യുന്ന ലോകത്ത് താൻ മാത്രം എന്തിന് പിൻമാറണം? പഠിക്കണം. പഠിച്ചേ മതിയാകൂ. പിന്നെ പിന്തിരിഞ്ഞു നോക്കിയില്ല. പക്ഷേ ഇംഗ്ളീഷ് അക്ഷരമാല കൃത്യമായി അറിയാത്ത പതിനഞ്ചുകാരന്റെ തീരുമാനം നടപ്പാക്കാൻ അത്ര എളുപ്പമായിരുന്നില്ല. അതിരുകളില്ലാത്ത ആത്മവിശ്വാസം കൊണ്ട് ഒടുവിൽ ജോസ് അത് നേടിയെടുത്തു. ആ ആത്മവിശ്വാസത്തിന്റെ കഥ ജോസ് പറയുന്നത് ചാരിതാർത്ഥ്യത്തിന്റെ പുഞ്ചിരിയോടെയാണ്. ആ പുഞ്ചിരി പാഠമാണ് ഒന്നിനും കൊള്ളാത്തവരെന്ന് സ്വയം തോന്നുന്ന കുറേയാളുകൾക്ക്. തോൽവിയല്ല, ജീവിതത്തിലെ അവസാനത്തെ വാക്കെന്ന് തെളിയിച്ച പരിശ്രമത്തിന്റെ കഥ.
എട്ടുനിലയിൽ പൊട്ടിയ കാലം
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ തമിഴ്നാട് അതിർത്തിയായ കൂതാളിയിലായിരുന്നു ജോസ് വളർന്നത്. സാധാരണ കുടുംബം. പ്ളാന്റേഷനിലെ ചെറിയ ജോലികൾ കരാറെടുത്തിരുന്നത് ജോസിന്റെ അച്ഛൻ രാജയ്യനായിരുന്നു. അമ്മ മേരി വീട്ടമ്മ. നാലു മക്കൾ. കൂതാളി സ്കൂളിലെ അദ്ധ്യാപകർ എഴുതിത്തള്ളിയ വിദ്യാർത്ഥിയായിരുന്നു ജോസ്. സ്കൂളിലെ 'ബാക്ക് ബഞ്ച് അസോസിയേഷന്റെ" നേതാവ്. സ്കൂളിൽ വരുന്നത് സമാന സ്വഭാവമുള്ള കൂട്ടുകാരുമായി കമ്പനി കൂടാനാണ്. പഠിക്കണം എന്ന ചിന്തയേയില്ല. അദ്ധ്യാപകർ ഉപദേശിച്ചു മടുത്തു. പിന്നെ ലോകപരാജയമായി എഴുതിത്തള്ളി. എ മുതൽ സെഡ് വരെയുള്ള അക്ഷരങ്ങൾ മുഴുവൻ എഴുതാൻ അറിയാതെയാണ് ജോസ് എങ്ങനെയൊക്കെയോ പത്താംക്ളാസ് വരെയെത്തിയത്. സ്വന്തം പേര് ഇംഗ്ളീഷിൽ എഴുതാൻ അദ്ധ്യാപകൻ ജോസിനെ പ്രത്യേകം പഠിപ്പിക്കുക പോലും ചെയ്തു. നാലക്ഷരം മാത്രം ഉള്ളതുകൊണ്ടാണ് അന്ന് അത് മനഃപാഠമാക്കിയതെന്ന് ജോസ് ഇപ്പോൾ പൊട്ടിച്ചിരിയോടെ പറയുന്നു. ഒരിക്കൽ അദ്ധ്യാപകനായ സെൽവരാജ് പത്താം ക്ളാസിൽ പഠിപ്പിച്ചത് റോബർട്ട് ഫ്രോസ്റ്റിന്റെ 'ദ റോഡ് നോട്ട് ടേക്കൺ" എന്ന കവിതയാണ്. ക്ളാസിനൊടുവിൽ കവിത വായിക്കാൻ സെൽവരാജ് ജോസിനോട് പറഞ്ഞു. ഒരക്ഷരം പോലും മിണ്ടാതെ ജോസ് നിന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ജോസ് വായിച്ചില്ല. അനുസരണക്കേട് കാട്ടിയ ജോസിനെ അദ്ദേഹം പൊതിരെ തല്ലി. ഒടുവിലാണ് ജോസ് ആ സത്യം അദ്ധ്യാപകനോട് പറഞ്ഞത്- 'എനിക്ക് വായിക്കാനറിയില്ല സർ..." പാഠപുസ്തകങ്ങൾ കഷ്ടിച്ച് വായിക്കാൻ പോലും അറിയാത്ത ജോസ് എല്ലാവരെയും പോലെ പരീക്ഷയെഴുതിയെന്നേയള്ളു. പ്രതീക്ഷിച്ചതു പോലെ തോറ്റു. ഇന്നത്തെ ഡിവൈ.എസ്.പിയുടെ ഭാഷയിൽ പറഞ്ഞാൽ "എട്ടുനിലയിൽ പൊട്ടി."
തോറ്റവന്റെ ജീവിതം
ജോസിന്റെ തോൽവി സ്കൂളിലോ നാട്ടിലോ വീട്ടിലോ സംസാരവിഷയമേയല്ലായിരുന്നു. എല്ലാവരും നേരത്തെ ഉറപ്പിച്ചതായിരുന്നു ആ പരാജയം. ജോസിന്റെ ഭാവി കൂതാളിയിലെ അനേകം കൂലിപ്പണിക്കാരിൽ ഒരാളാകാനുള്ളതാണെന്ന് അവരെല്ലാം ഉറപ്പിക്കുകയും ചെയ്തിരുന്നു. ജോസിനെ പണിക്ക് വിടാനായിരുന്നു വീട്ടുകാരുടെ ആലോചന. ജോസും അതിന് സന്നദ്ധനായതാണ്. പിന്നീടായിരുന്നു കാര്യങ്ങൾ മാറിമറിഞ്ഞത്. പഠിക്കണമെന്നും കൂതാളിക്ക് പുറത്തുള്ള വിശാലമായ ലോകത്ത് സ്വന്തമായ മേൽവിലാസമുണ്ടാക്കണമെന്നും ജോസിന് തോന്നി. അത് തോന്നലല്ലായിരുന്നു. വലിയൊരു തീരുമാനമായിരുന്നു. പത്താംക്ളാസ് പരീക്ഷ രണ്ടാമതും എഴുതാനുള്ള ആ തീരുമാനമായിരുന്നു ജോസിന്റെ ജീവിതത്തിലെ വഴിത്തിരിവ്. അത്രയും കാലം പിടി തരാതെ നടന്ന അക്ഷരങ്ങളും ആശയങ്ങളും ഒാരോന്നായി പഠിച്ചെടുത്തു. പഠിക്കുക എന്ന ഒരു ചിന്ത മാത്രമായിരുന്നു മനസിൽ. പകലും രാത്രിയും അതിന് മാത്രമായി ചെലവിട്ടു. ആത്മവിശ്വാസമായിരുന്നു പ്രചോദനം. പത്താംക്ളാസ് കഷ്ടിച്ച് കടന്നുകൂടിയതോടെ ഇനി വിടില്ലെന്നായി ജോസിന്റെ തീരുമാനം. ശാന്തിനികേതൻ പാരലൽ കോളേജിൽ പ്രീഡിഗ്രിക്ക് തേർഡ് ഗ്രൂപ്പിൽ ചേർന്നു. സെക്കൻഡ് ക്ളാസോടെ വിജയിച്ചു. ധനുവച്ചപുരം വി.ടി.എം എൻ.എസ്.എസ് കോളേജിൽ നിന്ന് ഒന്നാം റാങ്കോടെ ഡിഗ്രി. കാര്യവട്ടം കാമ്പസിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ പാളയം കാമ്പസിൽ നിന്ന് ലൈബ്രറി സയൻസിൽ മികച്ച വിജയം. പിന്നീട് കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ഫിൽ നേടി.പഠനത്തിലെ മികവ് കണ്ട് അദ്ധ്യാപകർ ജോസിന് പ്രത്യേകം പുസ്തകങ്ങൾ എത്തിച്ചു കൊടുക്കുമായിരുന്നു. ഇതിനിടെ മലപ്പുറത്ത് പഞ്ചായത്ത് ക്ളർക്കായി ജോലി ലഭിച്ചെങ്കിലും അവധിയെടുത്ത് പഠനം തുടർന്നു. സിവിൽ സർവീസിന് ശ്രമിച്ചെങ്കിലും നാല് മാർക്കിന്റെ കുറവിൽ പിന്നിലായി. സിവിൽ സർവീസ് പഠിച്ചതുകൊണ്ട് പിന്നീട് പി.എസ്.സി ഉൾപ്പെടെയുള്ളവയുടെ നിരവധി പരീക്ഷകൾ വിജയിച്ച് പല ജോലികൾക്കും യോഗ്യത ലഭിച്ചെങ്കിലും പൊലീസ് യൂണിഫോമിനോടായിരുന്നു ജോസിന് കമ്പം.
പൊലീസാണ് താരം
പി.എസ്.സിയുടെ തസ്തികകളിൽ ഉയർന്ന ജോലികൾ പലതും വേണ്ടെന്ന് ജോസ് തീരുമാനിച്ചത് കാക്കിയോടുള്ള കമ്പം കൊണ്ടായിരുന്നു. അല്ലലും അലച്ചിലുമില്ലാതെ നല്ല ശമ്പളം വാങ്ങി ഉയർന്ന പദവിയിലിരിക്കാമായിരുന്ന ജോലികൾ വേണ്ടെന്ന് വച്ച് കാക്കി തിരഞ്ഞെടുത്ത ജോസിനെ അന്ന് പലരും ഉപദേശിച്ചത് പൊലീസ് പണി വല്ലാത്ത സമ്മർദ്ദമാണെന്നായിരുന്നു. പക്ഷേ ജോസ് പിൻമാറിയില്ല. 2003ൽ പൊലീസ് ട്രെയിനിയായി. നാദാപുരത്തായിരുന്നു പ്രൊബേഷൻ. പൊതുജന സൗഹൃദമായിരുന്നു ജോസിന്റെ മുഖമുദ്ര. ജനങ്ങൾ പൊലീസിനെ ഭയക്കേണ്ടവരല്ലെന്നും ജനങ്ങളുടെ സുഹൃത്താണ് പൊലീസെന്നുമുള്ള കാഴ്ചപ്പാടാണ് ജോസിനെ പൊലീസ് സേനയിൽ വേറിട്ടുനിറുത്തിയത്. ജനമൈത്രി പൊലീസ് സംവിധാനത്തോട് കുടുതൽ താത്പര്യം തോന്നിയത് സ്വാഭാവികമായിരുന്നു. ജനമൈത്രി പൊലീസ് സമൂഹത്തിലുണ്ടാക്കിയ സ്വാധീനത്തെക്കുറിച്ചും സേനയ്ക്കുണ്ടാക്കിയ മികവിനെക്കുറിച്ചും പി.എച്ച് ഡി ചെയ്യാൻ തീരുമാനിച്ചത് അങ്ങനെയാണ്. കേരള സർവകലാശാലയിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അസോസിയേറ്റ് പ്രൊഫസർ സി.എ. ജോസുകുട്ടിയായിരുന്നു ഗൈഡ്. പത്താം ക്ളാസ് തോറ്റവൻ ഡോക്ടറേറ്റ് വരെ നേടിയ കഥ പറഞ്ഞ് നിറുത്തുമ്പോഴും ജോസിന്റെ മുഖത്തെ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി മാഞ്ഞിരുന്നില്ല. ലൈബ്രറി സയൻസ് കോഴ്സിൽ ഒപ്പം പഠിച്ച ഷൈനിയുമായി അന്നുണ്ടായ പ്രണയം പിന്നീട് വിവാഹത്തിലെത്തിയത് കഥയിലെയും ജിവിതത്തിലെയും മറ്റൊരു വഴിത്തിരിവ്. കോന്നി ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ അദ്ധ്യാപികയാണ് ഷൈനി. അനഘ, മീനാക്ഷി എന്നിവരാണ് മക്കൾ. പത്തനംതിട്ട ഒാമല്ലൂരിലാണ് ഇപ്പോൾ താമസം.
നേട്ടങ്ങളുടെ തിളക്കം
സംസ്ഥാന പൊലീസ് മേധാവി നൽകുന്ന ഉന്നത ബഹുമതി നേടിയതാണ് ജോസിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം. പത്തനംതിട്ട ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയായി പ്രവർത്തിക്കുമ്പോഴായിരുന്നു ബഹുമതിയായ കമന്റേഷന് അർഹനായത്. കേരളത്തിൽ ഇൗ നേട്ടം സ്വന്തമാക്കിയ ഏക സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയാണ്. മികച്ച പ്രൊഫഷണലിസവും കഠിനാദ്ധ്വാനവും അർപ്പണമനോഭാവവും പരിഗണിച്ചായിരുന്നു ബഹുമതി. രഹസ്യ വിവരശേഖരണവുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ നിരവധി റിപ്പോർട്ടുകളും രഹസ്യമായി നടത്തി വിജയത്തിലെത്തിച്ച ഒാപ്പറേഷനുകളും മോക് ഡ്രില്ലുകളും പരിഗണിക്കപ്പെട്ടു. പാസ് പോർട്ട് വേരിഫിക്കേഷൻ ഏറ്റവും വേഗത്തിൽ നടത്തുന്നതിൽ പത്തനംതിട്ട ജില്ലയെ സംസ്ഥാനത്ത് രണ്ടാമത് എത്തിച്ചതും ജോസിനെ ശ്രദ്ധേയനാക്കി.
കോളേജ് വേണ്ട, കാക്കി മതി
പന്തളം എസ്.ഐയായിരിക്കെ 2006ൽ കട്ടപ്പന ഗവ.കോളേജിൽ യു.ജി.സി സ്കെയിലിൽ അദ്ധ്യാപകനായി ജോസിന് ജോലി ലഭിച്ചതാണ്. പൊലീസിന്റെയും കോളേജ് അദ്ധ്യാപകന്റെയും ശമ്പളത്തിൽ നല്ല വ്യത്യാസമുള്ളതിനാൽ അദ്ധ്യാപകനാകാൻ പലരും ഉപദേശിച്ചു. അദ്ധ്യാപനത്തോട് താത്പര്യമുണ്ടായിരുന്ന ജോസിനെയും കോളേജ് ലക്ചറർ പദവി പ്രലോഭിപ്പിച്ചു. കോളേജിലേക്ക് പോകണോ എന്നായി ചിന്ത. പന്തളം സി.ഐ ആയിരുന്ന ജഗദീഷിനോട് കാര്യം പറഞ്ഞു. ജഗദീഷ് ചോദിച്ചു - ''ഇവിടെ എത്ര കോളേജുകളുണ്ട്. അവയിലായി എത്ര പ്രിൻസിപ്പൽമാരും അദ്ധ്യാപകരുമുണ്ട്. പൊതുജനത്തിന് അവരെ ആരെയെങ്കിലും അറിയുമോ. പക്ഷേ പന്തളം എസ്. ഐയായ ജോസിനെ ജനത്തിനറിയാം. ഇത് വേറിട്ട ഒരു പ്രൊഫഷനാണ്. പലതും ചെയ്യാൻ നിനക്ക് കഴിയും. നീ ഇവിടെ നിൽക്ക്."" അങ്ങനെയാണ് ജോസ് അദ്ധ്യാപക ജോലി വേണ്ടെന്നു വച്ചത്.
(ലേഖകന്റെ നമ്പർ: 9946102056)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |