
തൃശൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ പ്രചാരണരംഗത്ത് സജീവമായത് ചാലക്കുടിയിലാണ്. യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ജെ സനീഷ് കുമാറിനു വേണ്ടി. അതേക്കുറിച്ച് അച്ചു ഉമ്മൻ കേരളകൗമുദിയോട് പറഞ്ഞു:
' വളരെ അടുത്ത സുഹൃത്താണ് സനീഷ് കുമാർ. കെ.എസ്.യുവിൽ പ്രവർത്തിക്കുന്ന കാലം മുതൽ അറിയാം. അതിനാലാണ് ഇവിടെ നാലു ദിവസം പ്രചാരണം നടത്തിയത്. ചാലക്കുടിയിൽ സനീഷ് വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. മറ്റ് മണ്ഡലങ്ങളിലും പ്രചാരണത്തിന് ഇറങ്ങിയിട്ടുണ്ട്. വീണ്ടും ചാലക്കുടിയിലേക്ക് വരുമോ എന്ന് തീരുമാനിച്ചിട്ടില്ല. പ്രചാരണത്തിൽ സജീവമായുണ്ടാകും. '
രാഷ്ട്രീയത്തിൽ സജീവമാകുമോ?
രാഷ്ട്രീയത്തിൽ സജീവമാകാൻ ആലോചിക്കുന്നില്ല. പ്രചാരണത്തിന് വന്നതാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ദുബായിലേക്ക് മടങ്ങും. സർവ്വേ ഫലങ്ങളെക്കുറിച്ച് ആശങ്കയില്ല. അത് കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ യു.ഡി.എഫ് പ്രവർത്തകരെ സഹായിച്ചു. '
കൊരട്ടിയിലും ലെപ്രസി ആശുപത്രിയിലുമെല്ലാം സ്ഥാനാർത്ഥിക്കൊപ്പം വോട്ടു ചോദിച്ചു. പ്രസംഗങ്ങളല്ല, വോട്ടർമാരുമായുളള സൗഹൃദ സംഭാഷണമായിരുന്നു. ചാലക്കുടിയിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം പ്രചാരണം നടത്തി. അച്ചു ഉമ്മന്റെ സാന്നിദ്ധ്യം ഏറെ സഹായകരമായെന്നാണ് വിലയിരുത്തൽ.
കൊരട്ടി നൈപുണ്യ എൻജിനീയറിംഗ് കോളേജിൽ നടൻ രമേഷ് പിഷാരടിയും അച്ചു ഉമ്മനൊപ്പം ഉണ്ടായിരുന്നു. നാട്ടിൽ എന്ത് സംഭവിച്ചാലും 'അത് ഞമ്മളാ' എന്ന് അവകാശപ്പെടുന്ന മമ്മൂഞ്ഞിനെപ്പോലെ സംസ്ഥാനത്തെ ഓരോ വികസനത്തിലും അവകാശവാദം ഉന്നയിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് അച്ചു ഉമ്മൻ കോളേജിലെ പ്രസംഗത്തിൽ പറഞ്ഞു. കൊരട്ടിയിൽ നിന്ന് കാടുകുറ്റി വരെ റോഡ് ഷോയിലും അച്ചു ഉമ്മനും രമേഷ് പിഷാരടിയും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |