
തിരുവനന്തപുരം: വികസന പദ്ധതികൾ തടസപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു വിടുന്നുവെന്നും ആരോപിച്ച് ഇ. ഡി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്കെതിരെ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും ഇലക്‌ഷൻ കമ്മിഷന്റെ അനുമതി നേടാനായില്ല. ഇതിനുള്ള അപേക്ഷ ഇതുവരെ കണ്ടില്ലെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസിൽ നിന്ന് അറിയുന്നത്.
26നാണ് മന്ത്രിസഭ ജുഡിഷ്യൽ അന്വേഷണം തീരുമാനിച്ചത്. അതിന് ശേഷം ചീഫ്സെക്രട്ടറിയുടെ മൂന്നംഗസമിതി ഈ ഫയൽ, അനുമതിക്കുള്ള അപേക്ഷ സഹിതം ഇലക്‌ഷൻ കമ്മിഷന് കൈമാറിയെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ തീരുമാനമെടുക്കും മുമ്പ് സർക്കാർ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടേണ്ടതായിരുന്നു. ഇവിടെ അതുണ്ടായില്ല. തീരുമാനമെടുത്ത ശേഷം ഉത്തരവ് ഇറക്കുന്നതിന് മുമ്പെങ്കിലും കമ്മിഷന്റെ അനുമതി തേടേണ്ടതാണ്. അനുമതി കിട്ടാതെ ഉത്തരവ് ഇറക്കാനും ജുഡിഷ്യൽ അന്വേഷണം ആരംഭിക്കാനുമാകില്ല.
മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനോട് കേന്ദ്ര ഏജൻസികൾ പറയുന്നത് കേട്ടതായി രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ഇതിനെതിരെ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ അധികാരവും സംശയകരമാണെന്ന് അഭിപ്രായമുണ്ട്. നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അതൃപ്‌തി പ്രകടിപ്പിച്ചിട്ടുണ്ട്.
പൊലീസ് കംപ്ളെയ്ന്റ് അതോറിറ്റി ചെയർമാൻ ജസ്റ്റിസ് വി.കെ. മോഹനനെയാണ് ജുഡിഷ്യൽ കമ്മിഷനായി നിശ്ചയിച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |