കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ് എം വലിയ രാഷ്‌ട്രീയ ശക്തിയാകുമെന്ന് ചെയർമാൻ ജോസ് കെ. മാണി പറഞ്ഞു. പാർട്ടിയുടെ പേരും രണ്ടില ചിഹ്നവും ലഭിച്ച ഞങ്ങൾ മദ്ധ്യ കേരളത്തിലും മലബാറിലും ഇടതു മുന്നണിക്ക് കൂടുതൽ സീറ്റ് നേടിക്കൊടുക്കുന്നതിൽ വലിയ പങ്ക് വഹിക്കും. മത്സരിക്കുന്ന 12 സീറ്റിലും വിജയ സാദ്ധ്യതയുണ്ട്. ഘടക കക്ഷികളുടെ പൂർണ പിന്തുണയുമുണ്ട്. തിരഞ്ഞെടുപ്പോടെ മറ്റു കേരളകോൺഗ്രസ് ഗ്രൂപ്പുകൾ അപ്രസക്തമാകും.
തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ ലൗ ജിഹാദ് പരാമർശം വിവാദമായല്ലോ?
തെറ്റിദ്ധരിക്കപ്പെട്ടതാണ്. ലൗജിഹാദിനെക്കുറിച്ച് ചാനൽ പ്രവർത്തകർ ചോദിച്ചപ്പോൾ ലൗജിഹാദുണ്ടെന്നോ ഇല്ലെന്നോ പറഞ്ഞില്ല. ലൗജിഹാദുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കണം. ഇതിൽ യാഥാർത്ഥ്യമുണ്ടോ എന്നതിൽ വ്യക്തതവേണമെന്നേ പ്രതികരിച്ചുള്ളൂ. തിരഞ്ഞടുപ്പിലെ മുഖ്യ അജൻഡ ഇടതുമുന്നണി സർക്കാരിന്റെ വികസന - ക്ഷേമ പ്രവർത്തനങ്ങളാണ്. അവ ഇടതു സർക്കാരിന് നൽകിയിട്ടുള്ള സ്വീകാര്യത വഴിതിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ലൗജിഹാദ് വിവാദം. ഇടതു മുന്നണി നിലപാടാണ് ഇക്കാര്യത്തിൽ കേരള കോൺഗ്രസിന്റേത്. ഇത്തരം വിവാദങ്ങൾക്ക് ഇപ്പോൾ യാതൊരു പ്രസക്തിയുമില്ല.
പി.ജെ. ജോസഫിന്റെയും കൂട്ടരുടെയും രാഷ്ട്രീയ ഭാവി?
പാർട്ടിയും ചിഹ്നവും നഷ്ടപ്പെട്ട അവർ പുതിയ പാർട്ടി രൂപീകരിക്കാൻ സമയമില്ലാത്തതിനാൽ ഗത്യന്തരമില്ലാതെ പി.സി. തോമസ് ഗ്രൂപ്പിൽ ലയിച്ചാണ് മത്സരിക്കുന്നത്. നിലവിൽ സ്വതന്ത്രരായതിനാൽ കൂറുമാറ്റ നിരോധന നിയമം ബാധകമാകാതിരിക്കാനാണ് പി.ജെ. ജോസഫും മോൻസ് ജോസഫും എം.എൽ.എ സ്ഥാനം രാജിവച്ചത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിച്ചവരെല്ലാം ഇപ്പോൾ സ്വതന്ത്രരാണ്. വിപ്പും ഇല്ല. എങ്ങോട്ടും ചാടാം. നിയമസഭാ സീറ്റു കിട്ടാത്ത അസംതൃപ്തരായ നിരവധി നേതാക്കൾ അവിടുണ്ട്. പലരും ഞങ്ങളെ സമീപിച്ചിട്ടുണ്ട്. തത്കാലം വേണ്ടെന്നു വച്ചതാണ്, അല്ലെങ്കിൽ തിരഞ്ഞടുപ്പിനു മുമ്പേ വലിയ ഒഴുക്കുണ്ടായേനേ.
സ്വർണക്കടത്ത്, ആഴക്കടൽ മത്സ്യബന്ധനം, ശബരിമല തുടങ്ങി ഒന്നിനു പിറകേ ആരോപണങ്ങൾ നേരിടുന്ന ഇടതു മുന്നണിയുടെ ജയസാദ്ധ്യത എങ്ങനെ?
ജനവികാരം ഇടതു മുന്നണിക്ക് അനുകൂലമാണ്. ആരോപണങ്ങൾ അതിന്റെ വഴിക്കുപോകുമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചത്. ഇത്രയേറെ വികസന പദ്ധതികൾ നടന്ന മറ്റൊരു കാലമുണ്ടായിട്ടില്ല. മുന്നണികൾ മാറിമാറി ഭരിക്കുമെന്ന പതിവിന് മാറ്റമുണ്ടാകും. എല്ലാ സർവേകളും വിരൽചൂണ്ടുന്നത് അതാണ്. വികസനത്തിന്റെ നേട്ടം അനുഭവിക്കാത്ത വിഭാഗമില്ല. അതിനാൽ ഇടതുമുന്നണി നല്ല ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നാണ് വിശ്വാസം.
യു.ഡി.എഫിനെക്കാൾ ഭേദം ഇടതു മുന്നണി എന്നു തോന്നുന്നുണ്ടോ?
സീറ്റു വിഭജനത്തിൽ അർഹമായ പരിഗണന ലഭിച്ചു. റബർ തറവില 250 രൂപയാക്കി. സിയാൽ മോഡൽ റബർ ഫാക്ടറി യാഥാർത്ഥ്യമാകുന്നു. നെല്ലിനും നാളികേരത്തിനും താങ്ങുവില പ്രഖ്യാപിച്ചു. കൂടാതെ പച്ചക്കറിക്കും ന്യായവില പ്രഖ്യാപിച്ചു. ഞങ്ങളുടെ പാർട്ടി ആവശ്യപ്പെട്ട പല കാര്യങ്ങളും നടപ്പാക്കി. യു.ഡി.എഫിലെപ്പോലെ കാലുവാരലില്ല. ഘടകകക്ഷികളെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നു. ഞങ്ങൾ പൂർണ സംതൃപ്‌തരാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |