വാഷിംഗ്ടൺ: വാക്സിനേഷൻ പ്രക്രിയ പുരോഗമിക്കുന്നതിനിടെ ലോകത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. അമേരിക്ക, ബ്രസീൽ, ഇന്ത്യ, ഫ്രാൻസ്, റഷ്യ എന്നിവിടങ്ങളിൽ കൊവിഡ് വ്യാപനവും മരണവും വീണ്ടും വർദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രതിദിന രോഗികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാമതെത്തിയിരുന്നു. ബ്രസീലാണ് ഒന്നാമത്. രണ്ടാം ഘട്ട വ്യാപനം രൂക്ഷമായ ഫ്രാൻസിൽ മൂന്നാഴ്ചത്തേയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്നാഴ്ചത്തേക്ക് ഫ്രാൻസിൽ സ്‌കൂളുകൾ അടച്ചിടും. ഗതാഗതനിയന്ത്രണങ്ങളും ഉണ്ട്. പൊതു സ്ഥലങ്ങളിൽ ആളുകൾ ഒത്തുകൂടുന്നതിനും കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് മൂന്നാം തവണയാണ് ഫ്രാൻസിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത നഷ്ടമാകാതിരിക്കാൻ ഇനി ലോക്ക്ഡൗൺ പ്രഖ്യാപിക്കില്ലെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കിരുന്നു. എന്നാൽ, രോഗവ്യാപനം കടുത്തതോടെ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ മാക്രോൺ നിർബന്ധിതനാകുകയായിരുന്നു. കൊവിഡിന്റെ രണ്ട് പുതിയ വകഭേദങ്ങളാണ് ബ്രസീലിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ബംഗ്ലാദേശിൽ ഒരാഴ്ചത്തേയ്ക്ക് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്. പാകിസ്ഥാനിലും കൊവിഡ് വ്യാപനം വീണ്ടും ശക്തമായി. ലോകത്ത് ആകെ 130,954,934 രോഗികളുണ്ട്. ഇതുവരെ 2,853,007 പേർ മരിച്ചു. 105,431,002 പേർ രോഗവിമുക്തരായി.
കുവൈറ്റിൽ പ്രവേശനവിലക്ക് തുടരും
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ കുവൈറ്റിൽ വിദേശികൾക്കുള്ള പ്രവേശന വിലക്ക് തുടരുമെന്ന് സർക്കാർ വക്താവ് താരീഖ് അൽ മുസറം അറിയിച്ചു. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായുള്ള കർഫ്യൂ സമയം വൈകിട്ട് 7 മുതൽ രാവിലെ 5 വരെയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 8മുതൽ 22വരെയാണ് പുതുക്കിയ സമയം. വ്യായാമ സവാരിക്കുള്ള സമയം വൈകിട്ട് 7 മുതൽ 10വരെ മാത്രമായിരിക്കും. കാൽനട മാത്രമേ അനുവദിക്കൂ. റംസാനിൽ റസ്റ്റോറന്റുകളിലും കഫെകളിലും ഡെലിവറി സേവനം വൈകിട്ട് 7മുതൽ പുലർച്ചെ 3 വരെ അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |