ന്യൂഡൽഹി: രാജസ്ഥാനിൽ കർഷക നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനവ്യൂഹം ആക്രമിച്ച കേസിൽ എ.ബി.വി.പി നേതാവ് കുൽദീപ് യാദവ് അടക്കം 14 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ടിക്കായത്ത് ആരോപിച്ചിരുന്നു. അക്രമത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് അപലപിച്ചു. ടിക്കായത്തിന് സംരക്ഷണമൊരുക്കുന്നതിൽ രാജസ്ഥാനിലെ സർക്കാരിന് വീഴ്ച സംഭവിച്ചതായി കർഷകസംഘടനകൾ വിമർശിച്ചു.
വെള്ളിയാഴ്ചയാണ് രാജസ്ഥാനിലെ അൽവാർ ജില്ലയിലെ തതർപൂർ ഗ്രാമത്തിൽ വച്ച് ടിക്കായത്തിന്റെ വാഹനവ്യൂഹം തടഞ്ഞ് നിറുത്തി ഒരു സംഘം ആക്രമിച്ചത്. കാർഷിക നിയമങ്ങൾക്കെതിരായ പരിപാടിയിൽ പങ്കെടുത്ത ശേഷം ബൻസുരിലേക്ക് പോകുകയായിരുന്നു അദ്ദേഹം. കല്ലേറിൽ കാറിന്റെ ചില്ലുകൾ തകർന്നിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ഗാസിപ്പൂരിൽ കർഷകരുടെ മഹാപഞ്ചായത്ത് നടക്കും.
അതിനിടെ ഹരിയാനയിലെ റോത്തക്കിൽ മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ കരിങ്കൊടി വീശിയ കർഷകർക്ക് നേരെ പൊലീസ് ലാത്തിചാർജ്ജ് നടത്തി. നിരവധിപ്പേർക്ക് പരിക്കേറ്റു.
പഞ്ചാബിലെ കർഷകർ യു.പിയിൽ നിന്നും ബീഹാറിൽ നിന്നുമുള്ള തൊഴിലാളികൾക്ക് മയക്കുമരുന്ന് നൽകി കൂടുതൽ സമയം ജോലിയെടുപ്പിക്കുന്നുവെന്നുവെന്ന പരാമർശത്തിൽ കേന്ദ്രആഭ്യന്തരമന്ത്രാലയം വിശദീകരണവുമായി രംഗത്തെത്തി. സംസ്ഥാനസർക്കാരിന് അയച്ച കത്തിൽ കർഷകരെ അപമാനിക്കുന്ന പരാമർശമില്ല. തൊഴിലാളികളെ കടത്തുന്ന ചില സംഘങ്ങളെ കണ്ടെത്തിയെന്നും അവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും ആഭ്യന്തര മന്ത്രാലയം വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |