തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കിയതോടെ പകിട്ട് കെട്ടുപോയ കൊട്ടിക്കലാശം ഡിജിറ്റൽ പ്ളാറ്റ് ഫോമിൽ പരമാവധി ഉഷാറാക്കാൻ മുന്നണികൾ. ഇന്ന് പരസ്യപ്രചാരണം അവസാനിക്കാനിരിക്കെ സമൂഹ മാദ്ധ്യമങ്ങളിൽ സൈബർ പോരാളികൾ 'പണി' തുടങ്ങി. മൂന്ന് മുന്നണികളും ഇക്കാര്യത്തിൽ ഒട്ടും പിന്നിലല്ല.
ഭരണനേട്ടം ചൂണ്ടിക്കാട്ടിയുള്ള ചെറുവീഡിയോകളും കേന്ദ്രത്തിനും പ്രതിപക്ഷത്തിനുമെതിരെയുള്ള ആക്ഷേപ ഹാസ്യ വീഡിയോകളുമൊക്കെയായി ഇടതുമുന്നണി മുന്നേറുകയാണ്. തുടക്കം മുതൽ ഇന്നലെ വരെയുള്ള സ്ഥാനാർത്ഥിയുടെ പര്യടനത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന വീഡിയോകളും തയാറാക്കുന്നുണ്ട്. ഇതിനൊപ്പം സ്ഥാനാർത്ഥികളുടെ പര്യടനങ്ങളുടെയും പ്രസംഗത്തിന്റെയും ഫേസ് ബുക്ക് ലൈവും സജീവം.
പ്രമുഖ നേതാക്കളുടെ പ്രചാരണം ഉൾപ്പെടെയാണ് യു.ഡി.എഫ് ഡിജിറ്റൽ പ്രചാരണം കൊഴുപ്പിക്കുന്നത്. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും പര്യടനവും തീപ്പൊരി പ്രസംഗവും ഗാനങ്ങളുമായി സംയോജിപ്പിച്ച് ചെറു വീഡിയോകൾ തയ്യാറാക്കി പോസ്റ്റ് ചെയ്യും. ഇന്ന് സ്ഥാനാർത്ഥിയുടെ പര്യടനം മുഴുവൻ സമയവും ഫേസ് ബുക്കിൽ തത്സമയമായിരിക്കും. ഇടതുമുന്നണിയുടെ ഭരണപരാജയം ചൂണ്ടിക്കാട്ടുന്ന ട്രോളുകൾ തയ്യാറാക്കി അവ ഒരുമിച്ച് വീഡിയോയായി പുറത്തിറക്കും.
എൻ.ഡി.എയും ഡിജിറ്റൽ പ്രചാരണത്തിന് ഒട്ടും പിന്നോട്ടല്ല. സംസ്ഥാന സർക്കാരിനെയും പ്രതിപക്ഷത്തെയും വിമർശിക്കുന്ന വീഡിയോകളും പോസ്റ്ററുകളുമാണ് പ്രധാന പ്രചാരണ ആയുധം. കേന്ദ്രത്തിലെ പ്രമുഖ നേതാക്കൾ നടത്തിയ പര്യടനത്തിന്റെ ചെറുവീഡിയോകളുമുണ്ട്. സ്ഥാനാർത്ഥികൾ അവരുടെ മണ്ഡലത്തിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ ഗ്രാഫിക്സ് രൂപത്തിലാക്കി പോസ്റ്റ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |