ന്യൂഡൽഹി: കൊവിഡ് വാക്സിൻ ദൗർലഭ്യമുണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉന്നയിച്ച സംസ്ഥാനങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ. ചില സംസ്ഥാനങ്ങൾ തങ്ങളുടെ പരാജയം മറച്ചുവെക്കാൻ കാരണം കണ്ടെത്തുകയാണ്. വാക്സിനേഷനിലടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴിചാരുന്നത് ശരിയല്ല. വാക്സിന് ക്ഷാമമുണ്ടെന്ന വാദം തെറ്റാണെന്നും ഹർഷവർദ്ധൻ പറഞ്ഞു.
വാക്സിൻ ദൗർലഭ്യം നേരിടുന്നുവെന്ന അടിസ്ഥാന രഹിതമായ ആരോപണം സംസ്ഥാനങ്ങൾ ഉന്നയിക്കുന്നു. ആദ്യ ഘട്ടത്തിലെ ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ പോലും കാര്യക്ഷമമായി നടത്താൻ ഈ സംസ്ഥാനങ്ങൾക്ക് സാധിച്ചിട്ടില്ല. വാക്സിൻ വിതരണം സംബന്ധിച്ച മഹാരാഷ്ട്ര സർക്കാർ പ്രതികരണം, കൊവിഡ് വ്യാപനം തടയാൻ കഴിയാത്തതിലുളള പരാജയം മറച്ചുവെക്കാനാണ്.
മഹാരാഷ്ട്രയിൽ 86 ശതമാനം ആരോഗ്യ പ്രവർത്തകർ മാത്രമാണ് ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചത്. അതേസമയം ഡൽഹിയിൽ 72 ശതമാനവും പഞ്ചാബിൽ 64 ശതമാനവുമാണ്. പത്ത് സംസ്ഥാനങ്ങൾ മാത്രമാണ് 90 ശതമാനത്തിന് മുകളിൽ ഇത് പൂർത്തിയാക്കിയത്. മഹാരാഷ്ട്രയിൽ തന്നെ വെറും 41 ശതമാനം ആരോഗ്യ പ്രവർത്തകരാണ് രണ്ടാമത്തെ ഡോസ് സ്വീകരിച്ചത്. ഡൽഹിയിലിത് 41 ശതമാനമാണെങ്കിൽ പഞ്ചാബിൽ 27 ശതമാനമാണ്. മറ്റ് 12 സംസ്ഥാനങ്ങൾ മാത്രമാണ് ഇത് 60 ശതമാനത്തിന് മുകളിൽ ചെയ്തത്.
ഇത്തരത്തിൽ വാക്സിനേഷനിലടക്കമുള്ള പ്രതിരോധ പ്രവർത്തനങ്ങളിലെ പരാജയം മറയ്ക്കാൻ കേന്ദ്രസർക്കാരിന് മേൽ പഴിചാരുന്നത് ശരിയല്ല. പ്രതിരോധ പ്രവർത്തനങ്ങൾക്കായി എന്ത് സഹായം നൽകാനും സർക്കാർ തയ്യാറാണ്. ഇക്കാര്യങ്ങളെ രാഷ്ട്രീയമായി കാണരുത്. ആരോഗ്യപ്രവർത്തകർ, കൊവിഡ് മുന്നണി പോരാളികൾ, എന്നിങ്ങനെ കൃത്യമായ മാനദണ്ഡം അനുസരിച്ചാണ് വാക്സിനേഷൻ നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇപ്പോൾ 45 വയസു മുതലുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്. വാക്സിന് ക്ഷാമമുണ്ടെന്ന വാദം തെറ്റാണ്. ഉത്പാദന വിതരണ പ്രക്രിയക്കനുസരിച്ച് വാക്സിൻ നൽകി വരുന്നുണ്ട്. ഇത്തരത്തിൽ ഘട്ടം ഘട്ടമായി വാക്സിൻ നൽകുന്ന രീതിയാണ് ലോകത്തെവിടെയും ഉള്ളത്. അതനുസരിച്ച് കൃത്യമായ സമയത്ത് സൗജന്യമായി തന്നെ നൽകാൻ വാക്സിൻ കേന്ദ്ര സർക്കാരിന് സാധിക്കുന്നുണ്ടെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |