തിരുവനന്തപുരം:തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കൊവിഡ് വ്യാപനം രൂക്ഷമാകാമെന്ന ആശങ്കയിൽ നിയന്ത്രണങ്ങൾ വീണ്ടും കടുപ്പിക്കാൻ ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അദ്ധ്യക്ഷതയിൽ നടന്ന കൊവിഡ് കോർ കമ്മിറ്റി യോഗം തീരുമാനിച്ചു. മാസ്‌ക്, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാൻ ഇന്നുമുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്‌ട്രേട്ടുമാരെയും നിയമിക്കും.
തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും മാറ്റിവച്ച എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ ആരംഭിക്കുന്ന സാഹചര്യത്തിലും ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി. വിദ്യാർത്ഥികൾ കൊവിഡ് മാനദണ്ഡം കർശനമായി പാലിക്കണം. പോളിംഗ് ഏജന്റായിരുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്തും.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നും വരുന്നവർക്ക് ഒരാഴ്ച ക്വാറന്റൈൻ കൂടുതൽ കർശനമാക്കും. കൊവിഡ് പരിശോധനയുടെ എണ്ണം കൂട്ടാൻ തദ്ദേശസ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കും. വാക്‌സിനേഷൻ വർദ്ധിപ്പിക്കും.45 വയസ് കഴിഞ്ഞവർ വാക്സിനേഷൻ കൃത്യമായി നടത്തണം. സംസ്ഥാനത്ത് കൊവിഡ് രണ്ടാംതരംഗത്തിന്റെ സൂചന കണ്ടതോടെയാണിത്. വോട്ടെടുപ്പ് കഴിഞ്ഞതോടെ രോഗബാധ കൂടുമോ എന്ന ആശങ്ക ശക്തമാണ്. ഈ പശ്ചാത്തലത്തിലാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ കോർ കമ്മിറ്റി യോഗം ചേർന്നത്.
കർശനമായി നടപ്പാക്കും: ഡി.ജി.പി
കൊവിഡ് നിയന്ത്രണങ്ങളും നിർദ്ദേശങ്ങളും കർശനമായി നടപ്പാക്കാൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിർദ്ദേശം നൽകി. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി, മേഖല ഐ.ജിമാർ, ഡി.ഐ.ജിമാർ എന്നിവരെ കൂടാതെ എല്ലാ സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും സബ്ഡിവിഷണൽ ഓഫീസർമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കുമാണ് അടിയന്തര നിർദ്ദേശം നൽകിയത്. മാസ്‌ക് കൃത്യമായി ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ എന്നിവ കർശനമാക്കാനാണ് നിർദ്ദേശം. നോഡൽ ഓഫീസറായി എ.ഡി.ജി.പി വിജയ് സാഖറെയെ നിയോഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |