തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശക്തമായതോടെ പാസഞ്ചര്‍ ട്രെയിനുകള്‍ സർവീസ് തുടങ്ങാന്‍ ഇനിയും വൈകുമെന്ന കാര്യം ഉറപ്പായി. റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ ആര്‍ മുകുന്ദാണ് ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നിലവില്‍ ഓടുന്ന ട്രെയിനുകള്‍ എല്ലാം സര്‍വീസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ട്രെയിനുകളില്‍ പൊതുവേ തിരക്ക് കൂടിയ സാഹചര്യത്തിലാണ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇപ്പോള്‍ തുടങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചത്. എന്നാല്‍ മെമു സര്‍വീസും തുടരുമെന്നും അദ്ദേഹം അറിയിക്കുന്നു.
യാത്രയ്ക്കിടെ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാന്‍ ആര്‍പിഎഫിന് നിര്‍ദ്ദേശം നല്‍കി. പ്ലാറ്റ്‌ഫോമുകളില്‍ തിരക്ക് പൊതുവേ കൂടുന്നുണ്ട്. സന്ദര്‍ശകരടക്കം പ്ലാറ്റ്‌ഫോമുകളിലേക്ക് വരുന്നത് കാര്യമായി നിയന്ത്രിക്കും. ശക്തമായ മുൻ കരുതൽ റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ ജീവനക്കാര്‍ക്ക് വാക്‌സിന്‍ എടുക്കാനുള്ള നടപടികള്‍ തുടങ്ങിയെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി.
ലോക്ക്ഡൗണ്‍ പേടിച്ച് ഇതരസംസ്ഥാനത്തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങാന്‍ തിരക്ക് കൂട്ടുകയാണ്. അവരെ സമാധാനിപ്പിച്ച് പലയിടത്ത് നിന്നും തിരിച്ചയക്കുന്നുണ്ട്. ടിക്കറ്റ് ബുക്കിംഗിലും നല്ല വര്‍ദ്ധനയുണ്ടായിട്ടുണ്ട്. നാട്ടിലേക്ക് ആളുകള്‍ക്ക് മടങ്ങണമെങ്കില്‍ ഒരു ആശങ്കയും വേണ്ടെന്നും, എല്ലാം സുഗമമായി തുടരുമെന്നും റെയില്‍വേ പറയുന്നു. നിലവില്‍ ഓടുന്ന ഒരു ട്രെയിനിലും സീറ്റുകളുടെ എണ്ണം കുറയ്ക്കില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |