കുറുമ്പഭാഷയിലുള്ള ആദ്യ സിനിമയാണ് 'മ്, സൗണ്ട് ഓഫ് പെയിൻ ". ഇന്ത്യയുടെ ഓസ്കാർ പ്രതീക്ഷയാണെന്നത് ചിത്രത്തിന്റെ തിളക്കം കൂട്ടുന്നു. തേനീച്ചകളുടെ ജീവിതവും അവരുടെ ആവാസവ്യവസ്ഥയുമാണ് ചിത്രം പറയുന്നത്. സംവിധായകൻ വിജീഷ് മണി സംസാരിക്കുന്നു...
എന്തുകൊണ്ട് ഇങ്ങനെയൊരു പേര്?
തേനീച്ചകളുടെ ആവാസവ്യവസ്ഥയെ കുറിച്ചുള്ള കഥയാണ് പറയുന്നത്. തേനീച്ചകൾ നശിച്ചുകൊണ്ടിരിക്കുകയാണ്. അവരുടെ വേദനയാണ് ഈ സിനിമ പറയുന്നത്. അത് ആലോചിച്ചപ്പോൾ ഈ ടൈറ്റിൽ ആണ് മനസിലേക്ക് വന്നത്. ഇത് പറഞ്ഞ് മനസിലാക്കാനും ബുദ്ധിമുട്ടാണ്. അതുതന്നെയാണ് തേനീച്ചകളുടെ അവസ്ഥയും. തേനീച്ചകൾ ഇല്ലാതായി കഴിഞ്ഞാൽ പിന്നീട് നാലു വർഷം കൂടിയേ മനുഷ്യന് ആയുസ് ഉണ്ടാകൂവെന്ന് ഡോ. ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞിട്ടുണ്ട്. അതിനെ കുറിച്ച് പഠിച്ചപ്പോഴാണ് ഉൾക്കാട്ടിൽ തേനെടുക്കൻ പോകുന്നവരെ പറ്റി അറിയുന്നത്. അവരാണ് കുറുമ്പ സമുദായം. അപ്പോൾ അവരുടെ ഭാഷയിൽ സിനിമ ചെയ്യാമെന്ന് കരുതി.
ചരിത്രം, വിശ്വാസം, പ്രകൃതി ഇങ്ങനെയുള്ള വിഷയങ്ങളിലൂന്നിയാണല്ലോ സിനിമകളെടുക്കുന്നത്?
വ്യക്തിപരമായി പരിസ്ഥിതിയുമായി വളരെ താത്പര്യമുള്ള ഒരു വ്യക്തിയാണ്. ഒരുപാട് കാര്യങ്ങളിൽ സിനിമ അല്ലാതെയും പ്രകൃതിയുമായി ഇടപെടാറുണ്ട്. 'പുഴയമ്മ"യും പരിസ്ഥിതിയുമായി ബന്ധപ്പെട്ടുള്ള ചിത്രമായിരുന്നു. മാലിന്യങ്ങൾ ഒരു പ്രയാസവും കൂടാതെ തള്ളുന്ന സ്ഥലമാണ് പുഴകൾ. എന്നാൽ അതിന്റെ ഭീകരത എത്രത്തോളമുണ്ടെന്ന് ജനങ്ങളിലെത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ആ സിനിമ ചെയ്തത്. ഇന്ത്യയിലെ ഒട്ടുമിക്ക പുഴകളിലും പോയാണ് ആ സിനിമ ഷൂട്ട് ചെയ്തത്. അടുത്ത സിനിമ നേതാജി ആയിരുന്നു. ഒരു മെട്രോ സിറ്റിയിൽ താമസിക്കുന്ന അച്ഛനും അമ്മയും മകനും അടങ്ങുന്ന കുടുംബം. പത്ത് ദിവസത്തെ അവധിക്ക് നാട്ടിലുള്ള മുത്തച്ഛന്റെ അടുത്തേക്ക് പോകുന്ന ആ കുട്ടിയിൽ ഉണ്ടാകുന്ന മാറ്റമാണ് കഥ പിന്നീട് കാണിക്കുന്നത്. അവിടെ എത്തുമ്പോഴാണ് ആ കുട്ടി മണ്ണിൽ ആദ്യമായി ചവിട്ടുന്നത്.
51 മണിക്കൂർ എടുത്ത് നിർമ്മിച്ച സിനിമ ഗിന്നസിലേയ്ക്ക് എത്തി. തയ്യാറെടുപ്പുകൾ എങ്ങനെ ആയിരുന്നു?
എന്റെ ആദ്യ സിനിമ 'വിശ്വഗുരു" ആണ്. ശിവഗിരി മഠവുമായി ബന്ധപ്പെട്ടുള്ള സിനിമ ആയിരുന്നു. 'വിശ്വഗുരു" ഒരു അത്ഭുതം ആയിട്ടാണ് തോന്നുന്നത്. ഷൂട്ട് ചെയ്യുന്ന സമയത്ത് ശിവഗിരിയിൽ പതിനായിരത്തോളം ജനങ്ങളുണ്ട്. അവസാന ദിവസം 35 ലക്ഷം ആളുകളാണ് അവിടെ ഉണ്ടാവുക. ഞാൻ ഉദേശിച്ച രീതിയിൽ സിനിമ ചെയ്യുമ്പോൾ അതിനു ഒരു ആധികാരികത വേണം. അങ്ങനെയാണ് ഗിന്നസ് വേൾഡ് റെക്കോർഡുമായി ബന്ധപ്പെട്ടത്. ഗിന്നസിന് അപ്ലൈ ചെയ്തപ്പോഴാണ് അറിയുന്നത് ഒരു സിനിമ എന്ന് പറയുന്നത് കഥയെഴുത്തു മുതൽ തിയേറ്റർ റിലീസ് വരെ ഉൾപ്പെട്ടിരിക്കുന്നുവെന്ന്. സ്ക്രിപ്ട് ടു സ്ക്രീൻ. മുൻകൂട്ടി കാസ്റ്റിംഗ് പോലും പറ്റില്ല. നിരീക്ഷിക്കാൻ ഗിന്നസിൽ നിന്നും ആറു പേർ എത്തിയിരുന്നു. എന്നാൽ അതൊരു ചലഞ്ചായി ഏറ്റെടുത്ത് പൂർണമാക്കാൻ എന്റെ സഹപ്രവർത്തകരും ഒപ്പം നിന്നു.
സംസ്കൃതത്തിൽ സിനിമ ചെയ്തിട്ടുണ്ടല്ലോ?
പുരാണത്തിലെ കൃഷ്ണ - കുചേല സൗഹൃദം അടിസ്ഥാനമാക്കിയാണ് 'നമോ" ചെയ്തത്. കുചേലൻ ആവാൻ ജയറാമേട്ടനെ സമീപിച്ചപ്പോൾ അദ്ദേഹവും വലിയ താത്പര്യം കാട്ടി. ആ കഥാപാത്രത്തിന് വേണ്ടി നന്നായി തയ്യാറെടുക്കണമായിരുന്നു. ഡയലോഗ് ആദ്യം തന്നെ അദ്ദേഹത്തിന് നൽകി. 21 കിലോയോളം ഭാരം അദ്ദേഹം കുറച്ചിരുന്നു. തലമുടി എടുത്തു. പണം വാങ്ങാതെയാണ് ജയറാമേട്ടൻ അഭിനയിച്ചത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിൽ നിന്നും കലാകാരന്മാർ ആ സിനിമയിൽ ഉണ്ട്.
കുറുമ്പ, ഇരുള ഭാഷകളൊക്കെ പഠിച്ച് സിനിമ ചെയ്യുന്നത് ഒരു വെല്ലുവിളി ആയിരുന്നില്ലേ ?
എനിക്ക് അട്ടപ്പാടിയുമായി നല്ലൊരു ബന്ധമുണ്ട്. സമയമുള്ളപ്പോൾ എല്ലാം കാട്ടിലൂടെയുള്ള യാത്ര പ്രിയപ്പെട്ടതാണ്. കുറുമ്പ സമുദായത്തിൽ നിലവിൽ 2456 പേരാണ് ആകെയുള്ളത്. അവരെ വച്ച് ഇനിയൊരു സിനിമ ഉണ്ടാകുമോ എന്നറിയില്ല. അവരെക്കുറിച്ച് മനസിലാക്കിയപ്പോഴാണ് എനിക്ക് ആ ഭാഷയിൽ സിനിമ ചെയ്യണം എന്ന ആഗ്രഹം തോന്നിയത്. അടുത്തത് 'മുടുക" എന്നൊരു ഭാഷയിലാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. അവരെ മനസിലാക്കി അവരെ പഠിച്ച് കഴിയുമ്പോൾ തന്നെ ആ ഭാഷയെ കുറിച്ച് അത്യാവശ്യം ഐഡിയ കിട്ടും.
ഡയറക്ടർ, പ്രൊഡ്യൂസർ, എഡിറ്റർ അങ്ങനെ എല്ലാ മേഖലയിലും കയ്യൊപ്പ് പതിപ്പിച്ചു?
പ്രീഡിഗ്രി ഫസ്റ്റ് ഇയറിൽ അഭിനയിക്കാൻ ആഗ്രഹവുമായി മദ്രാസിലേക്ക് വണ്ടി കയറിയതാണ്. അവിടെ അഭിനയിക്കാൻ ആഗ്രഹവുമായി എത്തുന്നവർക്ക് ഒരു കുറവുമില്ല. അപ്പോൾ മാറി ചിന്തിച്ചു. അങ്ങനെയാണ് ഞാൻ സിനിമയിൽ പ്രൊഡക്ഷൻ മാനേജർ ആകുന്നത്. ഒത്തിരി തമിഴ് സിനിമകളിൽ ഞാൻ പ്രൊഡക്ഷൻ മാനേജർ ആയിരുന്നു. പിന്നെ പ്രൊഡക്ഷൻ കൺട്രോളറായി. അധികം വൈകാതെ സിനിമ പ്രൊഡ്യൂസ് ചെയ്തു. ഇപ്പോൾ സംവിധാനവും.
അടുത്ത പ്രോജക്ട്?
അത് ആംഗ്യ ഭാഷയെ പറ്റി ആണ്. ആംഗ്യഭാഷ ഉപയോഗിക്കുന്ന കലാകാരന്മാരെ തന്നെ വച്ച് ചെയ്യുന്ന പടം. അതിന് വലിയ തയ്യാറെടുപ്പുകൾ വേണം. ഇപ്പോൾ അതിന്റെ ഓഡിഷൻ നടന്നുകൊണ്ടിരിക്കുകയാണ്.
സിനിമയ്ക്ക് പുറത്തുള്ള ജീവിതം?
ജൈവകൃഷിയോട് വലിയ താത്പര്യമാണ്. ഞങ്ങൾ വ്യത്യസ്ത മേഖലകളിലുള്ള പത്തു സുഹൃത്തുക്കൾ ചേർന്ന് കൃഷി ചെയ്യുന്നുണ്ട്. ഒരുപാട് സ്ഥലത്ത് കൃഷി ചെയ്തു. അട്ടപ്പാടിയിലും ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇനി ചെയ്യാൻ പോകുന്ന ആംഗ്യ ഭാഷയെപ്പറ്റിയുള്ള ചിത്രവും കൃഷിയെ ആസ്പദമാക്കിയുള്ളതാണ്. അതുകൊണ്ടാണ് ആ ചിത്രം ചെയ്യാൻ തയ്യാറെടുപ്പുകൾ ആവശ്യമാണെന്ന് പറഞ്ഞത്. കുറഞ്ഞത് പത്തുമാസത്തോളം വേണം. ഒരു വിത്ത് ഇടുന്നത് മുതൽ പൊട്ടിമുളച്ച് ചെടിയായി ഫലമാകുന്നത് വരെയുള്ള കാലഘട്ടമാണ് പറയുന്നത്.
ഫെസ്റ്റിവൽ ചിത്രങ്ങളിൽ നിന്നുമാറി എപ്പോഴാണ് കൊമേഴ്സ്യൽ മൂവി ചെയ്യുന്നത്?
കെ.വി. വിജയേന്ദ്ര പ്രസാദ് സാറിനെ കൂടാതെ റഫീക്ക് അഹമ്മദ് ഒരു കഥ എഴുതുന്നുണ്ട്. അതൊരു മ്യൂസിക്കൽ ലവ് സ്റ്റോറിയാണ്. അത് കഴിഞ്ഞ ഡിസംബറിൽ ചെയ്യണമെന്ന് കരുതിയതാണ്. കൊവിഡ് കാരണം നീണ്ടു. ഏതൊരു ഫിലിം മേക്കറെ പോലെയും എന്റെയും ആഗ്രഹം ഒരുപാട് പേരിൽ എന്റെ സിനിമ എത്തണമെന്നു തന്നെയാണ്. എന്നെപോലെ വ്യത്യസ്ത ഭാഷകളിൽ സിനിമ ചെയ്യുന്നവർക്ക് ഒ.ടി.ടി പ്ലാട്ഫോം വലിയൊരു സാദ്ധ്യത ആണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |