തിരുവനന്തപുരം: വോട്ട് വിഹിതം വർദ്ധിപ്പിക്കുക എന്നതിനപ്പുറം സീറ്റുകളുടെ എണ്ണം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിൽ കച്ചകെട്ടി ഇറങ്ങിയത്. 35 സീറ്റ് പിടിച്ചാൽ അധികാരം പിടിക്കാമെന്നായിരുന്നു തിരഞ്ഞെടുപ്പിലുടനീളം കെ.സുരേന്ദ്രന്റെ അവകാശവാദം. എന്നാൽ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ കൂടിപോയാൽ അഞ്ച് മുതൽ പത്ത് സീറ്റ് വരെയെന്നാണ് പാർട്ടി നേതാക്കൾ അടക്കം പറയുന്നത്. അതും കിട്ടിയില്ലെങ്കിൽ സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരുടെ തലയുരുളും എന്ന കാര്യത്തിൽ തർക്കമില്ല. ഇനിയും അവസരം നൽകാനുളള ക്ഷമ ബി.ജെ.പി ദേശീയ നേതൃത്വത്തിനില്ല എന്നതാണ് യാഥാർത്ഥ്യം.
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആസൂത്രണം പൂർണമായും കേന്ദ്ര നേതൃത്വത്തിന്റെ കൈകളിൽ ആയിരുന്നു. അതിനനുസരിച്ച് പ്രവർത്തിക്കുക മാത്രമായിരുന്നു സംസ്ഥാന നേതൃത്വം ചെയ്‌തത്. അതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടു എന്ന് കേന്ദ്ര നേതൃത്വത്തിന് തോന്നിയാൽ കടുത്ത നടപടികൾ പാർട്ടിക്കുളളിൽ ഉണ്ടായേക്കും. എല്ലാ മണ്ഡലങ്ങളിലും ശക്തമായ പ്രചാരണം എന്നതായിരുന്നില്ല ഇത്തവണത്തെ ബി.ജെ.പിയുടെ തന്ത്രം. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങൾ മാത്രം കേന്ദ്രീകരിച്ചായിരുന്നു പ്രചാരണ പരിപാടികൾ നടന്നത്. മറ്റിടങ്ങളിലെല്ലാം പ്രചാരണം പേരിന് പോലുമുണ്ടായിരുന്നില്ല എന്ന ആക്ഷേപമുണ്ട്.
സംസ്ഥാനത്ത് നടന്ന ഭൂരിപക്ഷം പ്രീപോൾ സർവേകളും കേരളത്തിൽ ബി.ജെ.പിയ്‌ക്ക് പൂജ്യം മുതൽ രണ്ട് സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. എന്നാൽ അതുകൊണ്ട് തൃപ്‌തിപെടാൻ പാർട്ടി ദേശീയ നേതൃത്വത്തിനാകില്ല. തൂക്കുസഭ വന്നാൽ തങ്ങൾ സംസ്ഥാനത്തെ നിർണായകശക്തിയാകുമെന്നാണ് പല സംസ്ഥാന നേതാക്കളുടേയും പ്രതീക്ഷ.
അതേസമയം, കൈയിലുളള നേമം കൈവിടുമോയെന്ന ആശങ്ക ബി.ജെ.പി നേതാക്കൾക്കിടയിലുണ്ട്. നേമത്ത് കെ മുരളീധരൻ സ്ഥാനാർത്ഥിയായി എത്തിയതോടെ വി.ശിവൻകുട്ടിയുടെ വിജയസാദ്ധ്യത വർദ്ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അഭിമാന പോരാട്ടം നടക്കുന്ന നേമം കൈവിടുന്നത് പാർട്ടിക്കുളളിൽ വലിയ പൊട്ടിത്തെറിയുണ്ടാക്കും.
മഞ്ചേശ്വരം, കാസർകോട്, പാലക്കാട്, തൃശൂർ, തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം മണ്ഡലങ്ങളാണ് ബി.ജെ.പി വലിയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലങ്ങൾ. എന്നാൽ ഇവിടെയൊന്നും വിജയം ഉറപ്പിച്ച് പറയാൻ സാധിച്ചിട്ടില്ല. മഞ്ചേശ്വരത്ത് ബി.ജെ.പിയ്ക്ക് വിജയസാദ്ധ്യതയുണ്ട് എന്നാണ് വിലയിരുത്തലെങ്കിലും, ഇവിടെ സി.പി.എം വോട്ടുകൾ എങ്ങോട്ട് പോകുമെന്നത് നിർണായകമാണ്.
സംസ്ഥാന നേതൃത്വവുമായി ഏറെനാൾ നീണ്ടുനിന്ന ശീതയുദ്ധത്തിന് ശേഷം ശോഭ സുരേന്ദ്രൻ മത്സരിക്കുന്ന കഴക്കൂട്ടം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലം ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ച് ഏറെ നിർണായകമാണ്. കഴിഞ്ഞ തവണ വി.മുരളീധരൻ രണ്ടാമതെത്തിയ മണ്ഡലത്തിൽ ശോഭ പിറകോട്ട് പോയാൽ അതിന് മറുപടി പറയേണ്ടി വരിക വി.മുരളീധരനും കെ.സുരേന്ദ്രനും തന്നെ ആയിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |