അടച്ചിട്ട മുറിയിലെ പരിപാടിക്ക് 100 പേർ
തുറസായ സ്ഥലത്തെങ്കിൽ 200
തിരുവനന്തപുരം :കൊവിഡ് വ്യാപനം രൂക്ഷമായതോടെ, സംസ്ഥാനത്ത് നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കി. കടകളും ഹോട്ടലുകളും രാത്രി 9 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. ഹോട്ടലുകളിൽ 50 ശതമാനം പേർക്കാണ് ഒരുസമയം ഇരുന്ന് കഴിക്കാൻ അനുമതി. വിവാഹമുൾപ്പെടെയുള്ള ചടങ്ങുകൾക്ക് സദ്യ വിളമ്പാൻ പാടില്ല. പകരം, പായ്ക്കറ്റ് ഫുഡ് നൽകാം. എല്ലാ പൊതുപരിപാടികളും പരമാവധി രണ്ട് മണിക്കൂറിനുള്ളിൽ അവസാനിപ്പിക്കണം. അടച്ചിട്ട മുറിക്കുള്ളിൽ 100 പേർക്കും, തുറസായ സ്ഥലത്തെ പരിപാടിയിൽ 200 പേർക്കുമാണ് പങ്കെടുക്കാൻ അനുമതി. ഷോപ്പിംഗ് മേളകളും പാടില്ല. വാർഡ് തലത്തിൽ നിരീക്ഷണം കർശനമാക്കും. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനമെടുത്തത്. വിശദമായ ഉത്തരവ് ഉടൻ പുറത്തിറക്കും.
അതേസമയം, രോഗികളുടെ വിവരശേഖരണം ഊർജ്ജിതമാക്കാൻ ഇന്നലെ രാവിലെ ചേർന്ന ആരോഗ്യവകുപ്പിന്റെ റാപ്പിഡ് റെസ്‌പോൺസ് ടീം യോഗം തീരുമാനിച്ചു. ആർ.ടി.പി.സി.ആർ പരിശോധന വ്യാപകമാക്കാനും ക്വാറന്റൈൻ നിരീക്ഷണം കർശനമാക്കാനും നിർദേശം നൽകി. ഇടക്കാലത്ത് വിവരശേഖരണവും ക്വാറന്റൈൻ പ്രവർത്തനങ്ങളും കാര്യക്ഷമമായിരുന്നില്ല.
വാക്‌സിനേഷനും മറ്റു പ്രവർത്തനങ്ങളും ഒരുമിച്ച് നടത്തേണ്ടതിനാൽ കൂടുതൽ ആരോഗ്യപ്രവർത്തകരെ നിയോഗിക്കണമെന്ന് യോഗത്തിൽ ഡി.എം.ഒമാർ ആവശ്യപ്പെട്ടു.
അതിനിടെ, നിരീക്ഷണ കേന്ദ്രങ്ങൾ ഏത് സമയവും തുറക്കേണ്ടി വരാമെന്നതിനാൽ, അതിനാവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് തദ്ദേശവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശരദാമുരളീധരൻ ഇന്നലെ വിളിച്ച യോഗം തദ്ദേശസ്ഥാപനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി.
ടെസ്റ്റ് പോസിറ്റിവിറ്റി 12% കവിഞ്ഞു
ഇന്നലെ സംസ്ഥാനത്ത് രോഗവ്യാപന നിരക്ക് 12ശതമാനം കവിഞ്ഞു. 5692 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. യു.കെയിൽ നിന്ന് വന്ന ഒരാൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. 23 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്. 11 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ചികിത്സയിലായിരുന്ന 2474 പേർ രോഗമുക്തരായി.
ആകെ രോഗികൾ -11,72,882
ചികിത്സയിലുള്ളവർ -47,596
രോഗമുക്തർ -11,20,174
ആകെ മരണം -4794
അന്തർ സംസ്ഥാന ട്രെയിൻ യാത്ര: കൊവിഡ് സർട്ടിഫിക്കറ്റ് നിർബന്ധം
തിരുവനന്തപുരം: കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ അന്തർ സംസ്ഥാന ട്രെയിൻ യാത്രയ്ക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഇ പാസ്, ഇ രജിസ്ട്രേഷൻ സംവിധാനങ്ങളും നിർബന്ധമാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. കേന്ദ്ര ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങളുടെ നിർദ്ദേശത്തെ തുടർന്നാണിത്. ട്രെയിനുകളിൽ ശക്തമായ സുരക്ഷാ പരിശോധനയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |