കണ്ണൂർ: പെരിങ്ങത്തൂർ പുല്ലൂക്കരയിലെ യൂത്ത് ലീഗ് പ്രവർത്തകൻ പാറാൽ മൻസൂർ വധക്കേസിലെ രണ്ടാം പ്രതി രതീഷിന്റെ ദുരൂഹമരണം കൊലപാതകമാണെന്ന സംശയം ബലപ്പെടുന്ന തരത്തിൽ ക്രൈംബ്രാഞ്ചിന് നിർണായക വിവരങ്ങൾ ലഭിച്ചതായി അറിയുന്നു. കൂടുതൽ വ്യക്തതയ്ക്കായി രതീഷിന്റെ ക്ഷതമേറ്റ ആന്തരികാവയവങ്ങൾ ഡി.എൻ.എ പരിശോധനയ്ക്ക് അയയ്ക്കും. രതീഷ് തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ട സ്ഥലത്ത് രതീഷും കേസിലെ നാലാം പ്രതി അറസ്റ്റിലായ ശ്രീരാഗും ഒരുമിച്ചു താമസിച്ചുവെന്നതിന് കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് വ്യക്തമായ സൂചനകൾ ലഭിച്ചിരുന്നു.
ശ്വാസകോശത്തിന് അമിത സമ്മർദ്ദമുണ്ടായതായാണ് പ്രാഥമിക പോസ്റ്റുമോർട്ടത്തിൽ വ്യക്തമായത്. സാധാരണ ആത്മഹത്യയിൽ സംഭവിക്കാവുന്ന രീതിയിലുള്ള പരിക്കല്ല ദേഹത്തും ആന്തരികാവയവങ്ങളിലും ഉണ്ടായിട്ടുള്ളത്. ഡി.എൻ.എ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യത്തിൽ ശാസ്ത്രീയമായ സ്ഥിരീകരണം ലഭിക്കുകയുള്ളൂ.
ആരെങ്കിലും ശ്വാസം മുട്ടിക്കാൻ ശ്രമിച്ചതാണെങ്കിൽ അതിനെ ചെറുക്കുന്നതിനിടയിൽ നഖങ്ങളുടെ ഇടയിൽ ആക്രമിക്കുന്നയാളുടെ രക്തമോ ശരീരഭാഗങ്ങളിലെ മാംസമോ പറ്റിപ്പിടിക്കാൻ സാദ്ധ്യതയുണ്ട്. ഡി.എൻ.എ പരിശോധനയിലൂടെ ഇതും കണ്ടെത്താം. മൻസൂർ വധക്കേസിൽ രതീഷിന്റെ പങ്കും ഡി.എൻ.എ പരിശോധനയിലൂടെ കണ്ടെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. മൻസൂർ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ഫോറൻസിക് വിദഗ്ദ്ധർ വിവിധതരം സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. രതീഷിന്റെ രക്തവും മുടിയിഴകളും സംഭവസ്ഥലത്തുനിന്ന് ലഭിച്ച സാമ്പിളുകളുമായി താരതമ്യ പരിശോധന നടത്തും. സാമ്പിളുകൾ തിരുവനന്തപുരത്തെ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കും.
രതീഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ട ചെക്യാട് അരൂണ്ട കൂളിപ്പാറയിലെ വിജനമായ പറമ്പിലും പൊലീസ് പരിശോധന നടത്തിയിരുന്നു. രതീഷിന്റെ കൂടെ മറ്റ് മൂന്നുപേർ കൂടി ഉണ്ടായിരുന്നതായും വ്യക്തമായിട്ടുണ്ട്. രതീഷ് ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട സ്ഥലത്തിനു മുകളിലുള്ള പറമ്പിൽനിന്ന് ഭക്ഷണം പൊതിഞ്ഞ കവറും സിഗരറ്റ് കുറ്റികളും കണ്ടെത്തിയിരുന്നു. പാഴ്സൽ വാങ്ങിയ ഹോട്ടലിനെ കേന്ദ്രീകരിച്ചും അന്വേഷണം നീങ്ങുന്നുണ്ട്.
മൻസൂറിന്റെ കൊലപാതകത്തിലെ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവർത്തകർ കണ്ണൂർ കളക്ടറേറ്റിനു മുന്നിൽ പ്രതിഷേധസംഗമം നടത്തി. പാനൂരിലെ സംഘർഷപ്രദേശങ്ങളിൽ എൽ.ഡി.എഫ് നേതൃത്വത്തിൽ സമാധാന സന്ദേശയാത്രയും നടത്തി.
രതീഷിനെ കൊന്ന് കെട്ടിത്തൂക്കിയെന്ന് കെ.സുധാകരൻ
കൂലോത്ത് രതീഷിനെ കൊലപ്പെടുത്തിയ ശേഷം കെട്ടിതൂക്കിയതാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ ആവർത്തിച്ച് പറഞ്ഞു. യാദൃച്ഛികമായുണ്ടായ ഒരു തർക്കത്തെ തുടർന്നാണ് രതീഷ് കൊല്ലപ്പെട്ടത്. ഒളിവിൽ കഴിയുന്നതിനിടെ രതീഷ് ഒരു നേതാവിനെ കുറ്റപ്പെടുത്തി സംസാരിച്ചു. ആ നേതാവിന്റെ പേര് ഇപ്പോൾ പറയാൻ താത്പര്യപ്പെടുന്നില്ല.- സുധാകരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മറ്റ് പ്രതികൾ മർദ്ദിച്ചതിനെ തുടർന്ന് രതീഷ് ബോധരഹിതനായി വീണു. തുടർന്ന് അവരെല്ലാംചേർന്ന് രതീഷിനെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പാർട്ടി ഗ്രാമത്തിൽ നിന്നു ലഭിച്ച വിവരമെന്നും സുധാകരൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |