SignIn
Kerala Kaumudi Online
Saturday, 03 October 2026 2.07 AM IST

കുടുംബവഴക്കിനെ തുടർന്ന് മർദ്ദനം: മുൻ അസി. കമ്മിഷണർ അടക്കം ഒൻപത് പേർക്കെതിരെ കേസ്

fight

ചാത്തന്നൂർ: കുടുംബവഴക്കിനെ തുടർന്ന് ചർച്ചയ്ക്ക് വിളിച്ചുവരുത്തിയ മദ്ധ്യവയസ്കനെ മർദ്ദിച്ച സംഭവത്തിൽ ചാത്തന്നൂർ മുൻ എ.സി.പി ജോർജ് കോശി ഉൾപ്പെടെ ഒൻപതുപേർക്കെതിരെ ചാത്തന്നൂർ പൊലീസ് കേസെടുത്തു. പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിർദ്ദേശപ്രകാരം കൊലപാതകശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. ചാത്തന്നൂർ മീനാട് താഴംമിഡിൽ അരോമ വീട്ടിൽ സുധീർ (53) ഫയൽ ചെയ്ത സ്വകാര്യ അന്യായത്തിലാണ് കോടതി നിർദ്ദേശം.

2019 ആഗസ്റ്റ് 28നായിരുന്നു കേസിനാസ്പദമായ സംഭവം. സുധീറും ഭാര്യ ഷീജയുമായുള്ള കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് ചാത്തന്നൂർ പൊലീസിൽ പരാതി നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി സ്റ്റേഷനിൽ വിളിച്ചുവരുത്തിയ അന്നത്തെ എ.സി.പി ജോർജ് കോശി മർദ്ദിക്കുകയും അസഭ്യം വിളിക്കുകയും ചെയ്തതായി സുധീർ പൊലീസ് കംപ്ളയിന്റ് അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല.

തുടർന്ന് ഷീജയുടെ ബന്ധുക്കളിൽ ചിലർ തന്റെ വീട്ടിൽ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ട് പരവൂർ മുൻസിഫ് കോടതിയിൽ നിന്ന് സുധീർ വിധി സമ്പാദിച്ചു. ഇതിന്റെ വൈരാഗ്യത്തിൽ ഭാര്യ ഷീജ, ഷീജയുടെ സഹോദരൻ ഷിൻലാൽ, പിതാവ് സദാശിവൻ, തൃക്കോവിൽവട്ടം പാലമുക്ക് സ്വദേശികളായ വിഷ്ണുലാൽ, വിജയൻ, ഉമയനല്ലൂർ ഏറത്തുവിള സ്വദേശി ഹരീഷ്, ചാത്തന്നൂരിലെ പ്ളംബിംഗ് സ്ഥാപന ഉടമ സതീഷ്, കൊട്ടിയത്തെ അലുമിനിയം ഫാബ്രിക്കേഷൻ സ്ഥാപന ഉടമ നാസർ എന്നിവർ രാത്രി പത്തരയോടെ സഹോദരിയുടെ വീട്ടിൽ നിന്ന് പിടിച്ചിറക്കി മാരകമായി ആക്രമിച്ചതായി ആരോപിച്ചാണ് സുധീർ കോടതിയിൽ അന്യായം ഫയൽ ചെയ്തത്.

മർദ്ദനമേറ്റ് അവശനായ സുധീറിനെ ചാത്തന്നൂർ പൊലീസ് എത്തിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അക്രമികൾക്കെതിരെ പരാതിയുണ്ടായിട്ടും പൊലീസ് കേസെടുത്തില്ലെന്ന് കോടതി നിരീക്ഷിച്ചു. ഐ.പി.സി 308ന് (കൊലപാതക ശ്രമം) പുറമേ 323 (ദേഹോപദ്രവമേൽപ്പിക്കൽ), 324 (മാരകായുധങ്ങളുമായി ദേഹോപദ്രവമേൽപ്പിക്കൽ), 294 (ബി) (അസഭ്യവർഷം നടത്തൽ), 34 (ഗൂഢാലോചന) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അതേസമയം, നിരപരാധികൾക്കെതിരെ സുധീർ നിരന്തരം പരാതി നൽകുന്നതായും തുടരന്വേഷണത്തിൽ നിന്ന് മുൻ എ.സി.പി അടക്കമുള്ളവരെ ഒഴിവാക്കുമെന്നും ചാത്തന്നൂർ എസ്.എച്ച്.ഒ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY