നിലമ്പൂർ: മലപ്പുറം ജില്ലയിൽ നിലമ്പൂരിലും പെരിന്തൽമണ്ണയിലും പാലക്കാട് ജില്ലയിൽ തച്ചമ്പാറയിലുമായി ഇടിമിന്നലേറ്റ് മൂന്നുപേർ മരിച്ചു. ചുങ്കത്തറ കുറുമ്പലങ്ങോട് കണയംകൈ കോളനിയിലെ ദിവാകരൻ(47), രാമപുരം പിലാപറമ്പ് കൊങ്ങുംപ്പാറ അബ്ദുൽ റസാഖിന്റെ മകൻ ഷമീം, തച്ചമ്പാറ പഞ്ചായത്ത് മുൻ അംഗവും സി.പി.എം പിച്ചളമുണ്ട ബ്രാഞ്ചംഗവുമായ പിച്ചളമുണ്ട രാമദാസിന്റെയും അമ്മിണിയുടെയും മകൻ ഗണേഷ് കുമാർ (ബേബി, 46) എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് നാലോടെ എടവണ്ണയിൽ വച്ചാണ് ദിവാകരന് മിന്നലേറ്റത്. ചാലിയാർ പുഴയിൽ ഭാര്യയ്ക്കും കോളനിയിലെ മറ്റ് ആളുകൾക്കുമൊപ്പം ജോലി കഴിഞ്ഞ് മടങ്ങാൻ തുടങ്ങുമ്പോഴാണ് അപകടം. ദിവാകരന്റെ കൈയിൽ കത്തിയുണ്ടായിരുന്നു. ഇതാകാം ഇടിമിന്നലേൽക്കാൻ കാരണമെന്ന് പറയുന്നു. മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും. സീതയാണ് ഭാര്യ. മക്കൾ: മുത്തു, നന്ദു. മരുമകൾ: വിചിത്ര.
വീട്ടിൽ വച്ചാണ് ഷമീമിന് ഇടിമിന്നലേറ്റത്.
കാഞ്ഞിരപ്പുഴ ഡാമിൽ മീൻ പിടിക്കുന്നതിനിടെ ഇന്നലെ വൈകിട്ട് ആറിനാണ് ഗണേഷ് കുമാറിന് ഇടിമിന്നലേറ്റത്.
ഡാം മത്സ്യ സൊസൈറ്റി അംഗമായ ഗണേഷ് കുമാറും സഹപ്രവർത്തകരും വല ഇടുന്നതിനിടെയാണിത്. പുഴയിൽ വീണ ഗണേഷിനെ സമീപത്തെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയിൽ ആറാം വാർഡ് പ്രതിനിധിയായിരുന്നു. ഭാര്യ: സുനില. മക്കൾ: കണ്ണൻ, കുഞ്ഞുമണി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |