രജനീകാന്ത് എന്ന നടൻ തമിഴ് സിനിമയുടെ സൂപ്പർതാരം മാത്രമല്ല. ഒരു പാൻ ഇന്ത്യൻ സ്റ്റാർ പരിവേഷമാണ് രജനിയ്ക്കുള്ളത്. അത്തരത്തിലൊരു സൂപ്പർതാരത്തെ നായകനാക്കിക്കൊണ്ട് മലയാളത്തിലെ സൂപ്പർ സംവിധായകനായ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് 'കാളി'. 1980ലാണ് രജനീകാന്തിനെ പ്രധാന കഥാപാത്രമാക്കിക്കൊണ്ട് ഐവി ശശി ചിത്രം സംവിധാനം ചെയ്തത്.
തമിഴ് നടൻ വിജയകുമാറും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്. 'കാളി'യുടെ തെലുങ്ക് പതിപ്പിലാകട്ടെ വിജയകുമാറിന്റെ റോൾ ചെയ്തത് സാക്ഷാൽ ചിരഞ്ജീവിയും. ഒരേസമയം ഇരു ഭാഷകളിലുമായി 'കാളി' ചിത്രീകരിക്കുകയായിരുന്നു ഐവി ശശി. എന്നാൽ ഈ ചിത്രത്തിലൂടെ ബാലതാരമായി രംഗപ്രവേശം ചെയ്ത ഒരാളുണ്ട്. പിന്നീട് സിനിമാരംഗത്ത് വലിയ രീതിയിൽ പേരെടുത്ത ഒരാൾ.
സിനിമയുടെ ചിത്രീകരണ വേളയിൽ എടുത്ത ഈ ചിത്രം കണ്ടാൽ ആ വ്യക്തിയെ പെട്ടെന്ന് മനസിലായിക്കൊള്ളണമെന്നില്ല. പിൽക്കാലത്ത്, മികച്ച ഗായികയെന്ന രീതിയിൽ പേരെടുത്ത അനുരാധ ശ്രീരാമാണ് ഈ കൊച്ചുപെൺകുട്ടി. ബാലതാരമായി അനുരാധ സിനിമാരംഗത്തേക്ക് ആദ്യമായി ചുവടുവയ്ക്കുന്നത് 'കാളി'യിലൂടെയാണ്.
രജനീകാന്തിന്റെ മകളുടെ വേഷമായിരുന്നു ചിത്രത്തിൽ അനുരാധയ്ക്ക്. 'മൂവീ സ്ട്രീറ്റ്' എന്ന ഫേസ്ബുക്ക് സിനിമാ ഗ്രൂപ്പിലാണ് ഈ ചിത്രം പ്രത്യക്ഷപ്പെട്ടത്. സുനിൽ വെയിൻസ് എന്നയാൾ പങ്കുവച്ച ചിത്രം കണ്ട്, അനുരാധ ചിത്രത്തിൽ അഭിനയിച്ചിരുന്നു എന്നും ഐവി ശശിയാണ് 'കാളി' സംവിധാനം ചെയ്തതെന്നും ഇപ്പോഴാണ് അറിയുന്നതെന്നായിരുന്നു പലരും ചിത്രത്തിന് കീഴിലെ കമന്റ് ബോക്സിലൂടെ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |