തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത 30ന് സർവീസിൽ നിന്ന് സ്വയം വിരമിക്കും. 2023 ജൂലായ് വരെ സർവീസുള്ള സരിത വ്യക്തിപരമായ കാരണത്താൽ വിരമിക്കലിന് അനുമതി തേടി സമർപ്പിച്ച അപേക്ഷയിൽ കഴിഞ്ഞ ദിവസം സർക്കാർ ഉത്തരവായി.
അഡീഷണൽ ഡയറക്ടർക്ക് ഡയറക്ടറുടെ താത്കാലിക ചുമതല നൽകും. പുതിയ ഡയറക്ടറെ നിയമിക്കുന്നത് അടുത്ത സർക്കാരായിരിക്കും. വ്യക്തിപരമായ കാരണത്താൽ സ്വയം വിരമിക്കൽ അനുവദിക്കണമെന്നാവശ്യപ്പെട്ട് നാലു മാസം മുമ്പാണ് ആർ.എൽ.സരിത സർക്കാരിന് അപേക്ഷ നൽകിയത്. കൊവിഡ് പ്രതിരോധത്തിന്റെ നിർണായഘട്ടമായതിനാൽ മന്ത്രി കെ.കെ.ശൈലജ തത്കാലം തുടരാൻ ആവശ്യപ്പെട്ടു. ആരോഗ്യപ്രശ്നങ്ങളാണ് വിരമിക്കലിന് കാരണമെന്നാണ് വിവരം. അടുത്തിടെ ജനറൽ ആശുപത്രിയിൽ ഉൾപ്പെടെ അവർ ചികിത്സയിലുമായിരുന്നു. അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെത്തുടർന്ന് 2017 ഏപ്രിലിലാണ് സരിതയെ ആരോഗ്യഡയറക്ടറായി നിയമിച്ചത്. 2016ൽ ഡോ. എൻ. ശ്രീധർ വിരമിച്ചതിനെത്തുടർന്ന് ഡോ. ആർ.രമേഷിനെ സർക്കാർ ആരോഗ്യവകുപ്പ് ഡയറക്ടറായി നിയമിച്ചത് സീനിയോറിട്ടി ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി അവർ ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. പിന്നാലെ സരിത ഡയറക്ടറായി. ഡോ. ആർ. രമേഷിന് ഡയറക്ടറുടെ പദവിയും ശമ്പളവും നിലനിറുത്തി എയ്ഡ്സ് കൺട്രോൾ പ്രോജക്ട് ഡയറക്ടറായി മാറ്റി നിയമിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |