കൊച്ചി: സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഇഡിക്കെതിരായ ക്രൈം ബ്രാഞ്ച് കേസ് ഹൈക്കോടതി റദ്ദാക്കി. ഒരു ഏജൻസി നടത്തുന്ന അന്വേഷണത്തിൽ മറ്റൊരു ഏജൻസിക്ക് അവകാശമില്ലെന്ന നിരീക്ഷണത്തിലാണ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് കേസ് റദ്ദാക്കിയത്. കോടതിയുടെ തീരുമാനം സംസ്ഥാന സർക്കാരിന് കടുത്ത തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല. നിയമപരമായി എൻഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റിന് അന്വേഷണം തുടരാമെന്നും, ഇടപെടാൻ സർക്കാരിന് അവകാശമില്ലെന്നും കോടതി നിർദേശിച്ചു.
ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് രജിസ്‌റ്റർ ചെയ‌്ത രണ്ട് എഫ്ഐആറും കോടതി റദ്ദാക്കി. അന്വേഷണ വിവരങ്ങൾ ക്രൈം ബ്രാഞ്ച് വിചാരണക്കോടതിക്ക് കൈമാറണം. രേഖകൾ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടർനടപടികൾ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചെന്ന ആരോപണങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കാൻ ഇഡി നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി. സ്വർണക്കടത്തു കേസിൽ ഇഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്കു തിരിയുമെന്നു കണ്ടാണു കേസെടുത്തതെന്നു ഹർജിക്കാരനായ ഇഡി ഡെപ്യൂട്ടി ഡയറക്‌ടർ പി.രാധാകൃഷ്ണൻ ആരോപിച്ചിരുന്നു. ഒരു ഏജൻസിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു ഏജൻസി അന്വേഷിക്കുന്നതു ശരിയല്ലെന്നു ഹർജിക്കാരനു വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു.
അതേസമയം, രാഷ്ട്രീയ ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള അന്വേഷണമാണ് സ്വർണക്കടത്ത് കേസിൽ ഇഡി നടത്തുന്നതെന്ന് സംസ്ഥാന സർക്കാർ വാദിച്ചു. എന്നാൽ കേസിന്റെ മെറിറ്റിലേക്കൊന്നും കടക്കാതെ തന്നെ കേസുകൾ കോടതി റദ്ദാക്കുകയായിരുന്നു. എന്നാൽ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകൾ പ്രത്യേക കോടതി പരിശോധിക്കട്ടെയെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ പേരു പറയാൻ നിർബന്ധിച്ചതായി സ്വപ്‌നയുടെ ശബ്ദരേഖ പുറത്തുവന്നതിന്റെയും സന്ദീപ് നായർ ആരോപണം ഉന്നയിച്ചതിന്റെയും അടിസ്ഥാനത്തിലാണി ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |