
കൊച്ചി: കേസുകൾ തീർപ്പാക്കുന്നതിൽ റെക്കാഡ് വേഗവുമായി കേരള ഹൈക്കോടതി. 2024ൽ 1,02,963 കേസുകൾ തീർപ്പാക്കിയ കോടതി 2025ൽ ഇതുവരെ തീർപ്പാക്കിയത് 1,09,239 കേസുകൾ. ആറ് ശതമാനത്തിലധികമാണ് വർദ്ധന. ബെഞ്ചും ബാറും തമ്മിലുള്ള ടീം വർക്കാണ് ഈ നേട്ടത്തിന് നിദാനം.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഇത്തവണയും ഒന്നാമത് - 15,026 കേസുകൾ. ജസ്റ്റിസ് സി.എസ്. ഡയസ് (8,713), ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് (7,627), ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് (5,936) എന്നിവരും മുൻനിരയിലുണ്ട്.
എങ്കിലും, കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ആശങ്കയുണ്ടാക്കുന്നു. സിവിൽ വിഭാഗത്തിൽ മാത്രം 2,07,081 കേസുകൾ തീർപ്പുകൽപ്പിക്കാനുണ്ട്. ഇവയിൽ 1,47,963 കേസുകൾ ഒരു വർഷത്തിലേറെ പഴക്കമുള്ളവയാണ്. ക്രിമിനൽ വിഭാഗത്തിൽ 50,785 കേസുകളുണ്ട്. ഇതിൽ 34,835 എണ്ണം ഒരു വർഷത്തിനപ്പുറമുള്ളതാണ്.
ജീവനക്കാരുടെ കുറവും നടപടിക്രമങ്ങളിലെ സങ്കീർണ്ണതയുമാണ് കേസുകൾ നീണ്ടുപോകാൻ പ്രധാന കാരണമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടി. ഇ-ഫയലിംഗ് പോലുള്ള സംവിധാനങ്ങൾ വന്നെങ്കിലും കേസുകൾ വർദ്ധിക്കുന്നതും കെട്ടിക്കിടക്കാൻ ഇടയാക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |