പാരീസ്: പതിനഞ്ചു വയസിനു താഴെയുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം പീഡനക്കുറ്റമാണെന്ന നിയമവുമായി ഫ്രാൻസ്. കുട്ടികൾക്കെതിരായ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 20 വർഷം വരെ തടവുശിക്ഷ നിഷ്‌കർഷിക്കുന്ന ബില്ലിന് ഫ്രഞ്ച് പാർലമെന്റായ നാഷണൽ അസംബ്ലി അംഗീകാരം നൽകി. ഇതോടെ ബിൽ നിയമമായി. കുട്ടികൾക്കെതിരെയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ചരിത്രപരമായ തീരുമാനമെന്ന് നിയമമന്ത്രി എറിക് ഡുപോൻഡ് മൊറേറ്റി ദേശീയ അസംബ്ലിയിൽ പറഞ്ഞു.
നിലവിലെ നിയമം അനുസരിച്ച് 18 വയസിൽ താഴെയുള്ള കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം ശിക്ഷാർഹമാണെങ്കിലും ബലാത്സംഗ കുറ്റം ചുമത്തണമെങ്കിൽ അക്രമി ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി തെളിയിക്കണമായിരുന്നു. നിയമത്തിന്റെ ഈ പഴുത് ഉപയോഗപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ സമ്മതമുണ്ടെന്ന വാദം ഉയർത്തി ശിക്ഷ ഒഴിവാക്കുന്നത് പതിവായതോടെയാണ് നിർണായക നീക്കം.
പതിനഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ സമ്മതമുണ്ടെന്ന വാദം ഉയർത്തി നീചമായ കുറ്റകൃത്യത്തിൽ നിന്ന് ആർക്കും ഇനി രക്ഷപ്പെടാൻ കഴിയില്ലെന്നും നിയമമന്ത്രി പറഞ്ഞു. വ്യാഴാഴ്ചയാണ് ബിൽ ഫ്രഞ്ച് പാർലമെന്റ് പാസാക്കിയത്. തെരുവുകളിലെ ലൈംഗിക പീഡനത്തെ കുറ്റകൃത്യമായി കണക്കാക്കി 2018 മുതലാണ് ലൈംഗിക കുറ്റകൃത്യ നിയമങ്ങൾ ഫ്രാൻസിൽ കർശനമായി നടപ്പാക്കാൻ ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |