ന്യൂഡൽഹി: പശ്ചിമ ബംഗാളിൽ അവശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിൽ വൈകിട്ട് ഏഴിനും രാവിലെ 10നും ഇടയ്‌ക്ക് പ്രചാരണം നടത്തുന്നത് കൊവിഡ് വ്യാപനം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് കമ്മിഷൻ വിലക്കി. മൂന്ന് ഘട്ടങ്ങൾ ഒന്നിച്ച് നടത്തണമെന്ന മുഖ്യമന്ത്രി മമതാ ബാനർജിയുടെ അഭ്യർത്ഥന കമ്മിഷൻ നിരസിച്ചു. അതേസമയം, ബി.ജെ.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തു നിന്ന് കൊണ്ടുവന്ന ആളുകളാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന് കാരണമായതെന്ന് മമത ആരോപിച്ചു. പുറത്തു നിന്നുള്ളവർക്ക് നിയന്ത്രണം ഏർപ്പെടുത്താൻ തിര. കമ്മിഷനോട് അഭ്യർത്ഥിക്കുമെന്നും മമത പറഞ്ഞു.
ബി.ജെ.പി പന്തൽ കെട്ടാനും പ്രചാരണ വേദികൾ ഒരുക്കാനും മറ്റും കൊവിഡ് വ്യാപനം കൂടിയ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടു വരുന്നവരാണ് ബംഗാളിൽ രോഗം പരത്തുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രചാരണത്തിന് വരുന്നതിൽ തടസമില്ല. പക്ഷേ ആളുകളെ നിയന്ത്രിക്കാൻ തിര. കമ്മിഷനോട് അഭ്യർത്ഥിക്കും. സംസ്ഥാനത്ത് വാക്സിൻ സ്റ്റോക്ക് പരിമിതമാണെന്നും കേന്ദ്രസർക്കാർ അഭ്യർത്ഥന കേട്ടില്ലെന്നും മമത പറഞ്ഞു.
അഞ്ചാം ഘട്ട വോട്ടെടുപ്പ് ഇന്ന്
ബംഗാളിൽ ഇന്ന് നടക്കുന്ന അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ജൽപായ്ഗുഡി, കാലിംപോംഗ്, ദാർജിലിംഗ്, നാദിയ, നോർത്ത് 24 പർഗനാസ്, പൂർബ ബർദ്ധമാൻ ജില്ലകളിലെ 45 മണ്ഡലങ്ങളിൽ വോട്ടർമാർ വിധിയെഴുതും. ഇന്ന് മത്സരിക്കുന്ന 319 സ്ഥാനാർത്ഥികളിൽ 39 പേർ വനിതകളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |