കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ 114- ാമത് വാർഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്താൻ നാഷണൽ കമ്പനി ലാ ട്രിബ്യൂണൽ അനുമതി നൽകി. യോഗം ഭാരവാഹികൾക്ക് അയോഗ്യതയില്ലാത്തതിനാൽ വാർഷികപൊതുയോഗം വിളിക്കാൻ അവകാശമുണ്ടെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. യോഗം ജനറൽ സെക്രട്ടറി പുറത്തിറക്കിയ സർക്കുലറും നോട്ടീസും റദ്ദാക്കണമെന്നും മറ്റും ആവശ്യപ്പെട്ട് എരുമേലി യൂണിയൻ മുൻ സെക്രട്ടറി ഫയൽചെയ്ത ഹർജിയും, പൊതുയോഗം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെടുന്ന ഉപഹർജിയും തള്ളിയാണ് ഉത്തരവ്.
യോഗം ഭാരവാഹികളെന്ന നിലയിൽ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് ഡോ.എം.എൻ. സോമൻ, ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് എന്നിവരെ അയോഗ്യരാക്കി നീക്കം ചെയ്യണമെന്നും വാർഷിക പൊതുയോഗത്തിന് ജനറൽ സെക്രട്ടറി പുറപ്പെടുവിച്ച നോട്ടീസ് റദ്ദാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. വാർഷികവും ഭാരവാഹി തിരഞ്ഞെടുപ്പും സ്റ്റേ ചെയ്യണമെന്നായിരുന്നു ഉപഹർജി.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും 2020 ഡിസംബർ 29 വരെ നടത്തില്ലെന്ന് ഉപഹർജിയിൽ യോഗത്തിന്റെ അഭിഭാഷകൻ വാക്കാൽ അറിയിച്ചിരുന്നു. ഹർജികൾ 2020 ഡിസംബർ 29ന് വാദത്തിന് വച്ചിരുന്നെങ്കിലും വിവിധ കാരണങ്ങളാൽ നീണ്ടുപോയി. 2013ലെ നിയമപ്രകാരം മൂന്നു വർഷത്തെ റിട്ടേണുകൾ ഫയൽ ചെയ്യാത്തതിനാൽ ഭാരവാഹികൾക്ക് അയോഗ്യത കല്പിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്. 2018 മുതൽ അയോഗ്യരായി പരിഗണിച്ച് പൊതുയോഗവും തിരഞ്ഞെടുപ്പും നടത്തുന്നതിന് അവകാശവും അധികാരവുമില്ലെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
കമ്പനി നിയമമനുസരിച്ച് റിട്ടേണുകൾ യഥാസമയം യോഗം ഫയൽചെയ്തിട്ടുണ്ടെന്നും , ഭാരവാഹികൾക്ക് അയോഗ്യതയില്ലെന്നും യോഗത്തിനുവേണ്ടി ഹാജരായ അഡ്വ.എ.എൻ. രാജൻബാബു വാദിച്ചു. കുറ്റമറ്റരീതിയിൽ ശാഖാ പൊതുയോഗങ്ങൾ ചേർന്ന് പ്രതിനിധികളെ നിയമപ്രകാരം തിരഞ്ഞെടുത്തു. യൂണിയനുകളുടെ കർശനമായ മേൽനോട്ടം ഉണ്ടാകുന്നതിന് ചട്ടപ്രകാരമുള്ള സർക്കുലറാണ് ജനറൽ സെക്രട്ടറി പുറപ്പെടുവിച്ചത്. ജനറൽ സെക്രട്ടറിക്ക് അയോഗ്യതയില്ലാത്തതിനാൽ നിലവിലെ ഭാരവാഹികൾക്ക് പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ കമ്പനിനിയമപ്രകാരം അധികാരവും അവകാശവുമുണ്ട്. വിരമിച്ച ജില്ലാ ജഡ്‌ജിയെയോ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനെയോ മാത്രമേ നിഷ്പക്ഷമായി തിരഞ്ഞെടുപ്പ് നടത്താൻ റിട്ടേണിംഗ് ഓഫീസറായി നിയമിക്കുകയുള്ളു. കമ്പനിനിയമപ്രകാരം നിശ്ചിതസമയത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്താനുള്ള ബാദ്ധ്യത ഭാരവാഹികൾക്കുണ്ട്. പൊതുയോഗം നടത്തുന്നില്ലെന്ന് അഭിഭാഷകൻ മുമ്പ് വാക്കാൽ അറിയിച്ചത് പിൻവലിക്കാൻ അനുവദിച്ച് പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ അനുമതി നൽകണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രാതിനിദ്ധ്യ വാർഷിക പൊതുയോഗം ആകാമെന്നും എല്ലാ യോഗാംഗങ്ങൾക്കും നോട്ടീസും വോട്ടവകാശവും നൽകണമെന്ന കമ്പനിനിയമത്തിലെ വകുപ്പുകളിൽനിന്ന് യോഗത്തിന് ഒഴിവ് നൽകിയ 1974ലെ കേന്ദ്രസർക്കാർ ഉത്തരവ് അംഗീകരിച്ച് 114- ാമത് പൊതുയോഗം സ്റ്റേ ചെയ്യണമെന്ന റിട്ട് ഹർജി ഹൈക്കോടതി 2020 മാർച്ച് 17ന് തള്ളിക്കളഞ്ഞതായും യോഗം ബോധിപ്പിച്ചു.
ഇരുവാദങ്ങളും കേട്ടശേഷമാണ് യോഗം ഭാരവാഹികൾക്ക് അയോഗ്യതയില്ലാത്തതിനാൽ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടത്താൻ അവകാശമുണ്ടെന്നും ട്രിബ്യൂണൽ കണ്ടെത്തിയത്. യോഗം ജനറൽ സെക്രട്ടറിയുടെ സർക്കുലർ സ്റ്റേചെയ്തിട്ടില്ലെന്നതും അംഗീകരിച്ച് പൊതുയോഗം നടത്താൻ നാഷണൽ കമ്പനി ലാ ട്രിബ്യൂണൽ കൊച്ചി ബെഞ്ച് അംഗം അശോക് കുമാർ ബോറ ഉത്തരവിടുകയായിരുന്നു. പൊതുയോഗത്തിന്റെ തീരുമാനങ്ങൾ അവസാനവിധിക്ക് വിധേയമായിരിക്കുമെന്നും ട്രിബ്യൂണൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |