കൊച്ചി: ഐ എസ് ആർ ഒ ചാരക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി കേസിൽ പ്രതിയായിരുന്ന ഫൗസിയ ഹസൻ. രമൺ ശ്രീവാസ്‌തവ ഉൾപ്പടെയുളളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നൽകാൻ തന്നെ നിർബന്ധിച്ചതെന്ന് ഫൗസിയ പറഞ്ഞു. നമ്പി നാരായണനും ശശികുമാറിനുമെതിരെ മൊഴി വേണമെന്നാണ് പറഞ്ഞത്. വിസമ്മതിച്ചപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടാണ് ഫൗസിയ ഇക്കാര്യങ്ങൾ പറഞ്ഞത്.
ഗതികെട്ടാണ് ക്യാമറയ്‌ക്ക് മുന്നിൽ വ്യാജമൊഴി നൽകിയത്. എല്ലാവരും ചേർന്ന് തന്നെ ചാരവനിതയാക്കി. തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. മൊഴി നൽകുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നിൽ നിന്ന് നമ്പി നാരായണന്റെ പേര് എഴുതി കാണിക്കുകയായിരുന്നു. അത് നോക്കിയാണ് താൻ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമൺ ശ്രീവാസ്‌തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയിൽ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.
അന്ന് മർദ്ദനമേറ്റതിനെ തുടർന്നുളള കടുത്ത ആരോഗ്യപ്രശ്‌നങ്ങൾ തനിക്ക് ഇപ്പോഴുമുണ്ട്. നമ്പി നാരായണന് ലഭിച്ചത് പോലെയുളള നഷ്‌ടപരിഹാരം തനിക്കും വേണമെന്നും ഫൗസിയ പറയുന്നു. മാലി സ്വദേശിനിയായ ഫൗസിയ ഇപ്പോൾ ശ്രീലങ്കയിലെ കൊളംബോയിലാണ് താമസിക്കുന്നത്. ചാരക്കേസിലെ ഗൂഢാലോചന സി ബി ഐ അന്വേഷിക്കുമ്പോൾ ഫൗസിയയുടെ വെളിപ്പെടുത്തലുകളും നിർണായകമാകും. സി ബി ഐ ആവശ്യപ്പെട്ടാൽ അന്വേഷണത്തോട് സഹകരിക്കുമെന്ന് ഫൗസിയ വ്യക്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |