തിരുവനന്തപുരം: ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന അന്വേഷിക്കാൻ സി.ബി.ഐ എത്തുന്നത്, സ്വർണക്കടത്തിലെന്ന പോലെ ബി.ജെ.പിക്ക് മറ്റൊരു ആയുധമാകുമോയെന്ന ചോദ്യം രാഷ്ട്രീയകേന്ദ്രങ്ങളിൽ ചർച്ചയാവുന്നു. ശാസ്ത്രജ്ഞൻ നമ്പി നാരായണനെ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ സന്ദർശിച്ചതും ഗൂഢാലോചന അന്വേഷിച്ച ജയിൻകമ്മിറ്റി റിപ്പോർട്ട് കേരളത്തിലെ വോട്ടെടുപ്പിന് മുമ്പ് പരിഗണിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടതും ഇതുമായി ചേർത്തുവായിക്കുകയാണ് പലരും.
യു.ഡി.എഫ് അധികാരത്തിലെത്തിയാൽ സി.ബി.ഐ അന്വേഷണം ഉദ്യോഗസ്ഥരിൽ നിന്ന് മാറി കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തുമോയെന്നതാണ് ചോദ്യം. രാഷ്ട്രീയമായ വരിഞ്ഞുമുറുക്കലിന് കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്ന ബി.ജെ.പി തന്ത്രം പല സംസ്ഥാനങ്ങളിലും ബി.ജെ.പിയിതര സർക്കാരുകൾക്ക് തലവേദനയാകുന്നുണ്ട്. 35 സീറ്റ് നേടിയാൽ ബി.ജെ.പി കേരളത്തിൽ അധികാരം പിടിക്കുമെന്ന സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവനയും പുതിയ സാഹചര്യത്തിൽ ചർച്ചയിലേക്കെത്തുകയാണ്.
രണ്ടര പതിറ്റാണ്ട് മുമ്പാണ് ഐ.എസ്.ആർ.ഒ ചാരക്കേസുണ്ടായത്. ബി.ജെ.പിക്ക് കേസുമായി ബന്ധമില്ലെങ്കിലും, സി.ബി.ഐ വരുമ്പോൾ രാഷ്ട്രീയനേട്ടം ബി.ജെ.പിക്ക് മാത്രമാകുമെന്നാണ് വിലയിരുത്തൽ.
ഗൂഢാലോചനയിൽ സംസ്ഥാന പൊലീസിനെ പോലെ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും പ്രതിക്കൂട്ടിലാണ്. അന്ന് അവിടെ ഉദ്യോഗസ്ഥനായിരുന്ന ആർ.ബി. ശ്രീകുമാറിനെ അന്വേഷണ പരിധിയിലാക്കിയാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും അതൊരായുധമായിരിക്കും. ഗുജറാത്ത് കലാപക്കേസുകളിലെ പ്രധാന സാക്ഷികളിലൊരാളായിരുന്നു അന്നത്തെ ഗുജറാത്ത് പൊലീസ് മേധാവിയായ ശ്രീകുമാർ. പിൽക്കാലത്ത് അദ്ദേഹം മോദിയുടെ വിമർശകനായി. ആ വിമർശകനെ വരുതിയിലെത്തിക്കാൻ സി.ബി.ഐ അന്വേഷണത്തിലൂടെ കേന്ദ്ര ബി.ജെ.പി നേതൃത്വം ശ്രമിച്ചേക്കാം.
കോൺഗ്രസ് നേതാക്കൾക്ക് ചാരക്കേസുമായി ബന്ധമില്ലെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നുവെങ്കിലും ഗ്രൂപ്പ് പോരിന് ഒരു വിഭാഗം ഇത് ആയുധമാക്കുകയായിരുന്നു. കെ. കരുണാകരനെതിരെ നേരിട്ട് ഗൂഢാലോചന നടത്തിയിട്ടില്ലെങ്കിലും കിട്ടിയ അവസരം എ വിഭാഗം മുതലെടുത്തു. എന്നാൽ സി.ബി.ഐ അന്വേഷണം രാഷ്ട്രീയമായി ഉപയോഗിക്കാൻ ബി.ജെ.പിക്ക് കിട്ടുന്ന മികച്ച അവസരമാണെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |