കൊച്ചി: മുട്ടാർ പുഴയിൽ 11 വയസുകാരി വൈഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റസമ്മതം നടത്തി അച്ഛൻ സാനു മോഹൻ. വൈഗയെ കൊന്നത് താൻ തന്നെയെന്ന് സാനു സമ്മതിച്ചു. സാമ്പത്തിക ബാദ്ധ്യത കാരണം കുട്ടിയുമായി ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നാണ് മൊഴി. താൻ മരണപ്പെട്ടാൻ കുട്ടിക്ക് ആരും ഉണ്ടാകില്ലെന്നത് കൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ കുട്ടിയെ പുഴയിൽ എറിഞ്ഞ ശേഷം ആത്മഹത്യ ചെയ്യാൻ മനസ് അനുവദിച്ചില്ല. ഇതോടെ കാറുമെടുത്ത് കടന്നുകളയുകയായിരുന്നുവെന്ന് മൊഴിയിലുണ്ട്. തനിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന മകളാണ് വൈഗയെന്നും സാനു പറഞ്ഞതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
മൊഴിയിൽ പൊരുത്തക്കേടുണ്ടെന്ന വിലയിരുത്തിൽ സാനുവിനെ കൂടുതൽ ചോദ്യംചെയ്യും. അറസ്റ്റും ഇന്നുണ്ടായേക്കും. കർണാടക കാർവാറിൽനിന്ന് ഇന്നലെ പിടിയിലായ സാനു മോഹനെ പുലർച്ചെ നാലേകാലോടെയാണ് കൊച്ചി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
വൈഗയുടെ ദുരൂഹമരണ കേസിൽ ഇതുവരെ ആരെയും പ്രതി ചേർത്തിട്ടില്ല. സാനു മോഹനെ കാണാതായി എന്ന പരാതി മാത്രമാണുള്ളത്. വൈഗയുടെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പുതിയ വകുപ്പുകൾ കൂട്ടിച്ചേർത്ത ശേഷമാകും അറസ്റ്റ്. കോയമ്പത്തൂരിൽ വിറ്റ സനുവിന്റെ കാറും അന്വേഷണ സംഘം കസ്റ്റഡിയിലെടുക്കും.
വൈഗയെ മുട്ടാർ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി ഇരുപത്തിയേഴാം ദിവസമാണ് പൊലീസിനെ വട്ടംചുറ്റിച്ച കേസിലെ നിർണായക വഴിത്തിരിവ്. കാർവാറിൽ ഇന്നലെ രാവിലെ കർണാടക പൊലീസിന്റെ പിടിയിലായ കങ്ങരപ്പടി ശ്രീഗോകുലം ഹാർമണി ഫ്ളാറ്റിൽ സാനുവിനെ കേരള പൊലീസിനു കൈമാറി. എറണാകുളം ഡി.സി.പി ഐശ്വര്യ ഡോംഗ്രെയുടെ നേതൃത്വത്തിൽ മണിക്കൂറുകളോളം ചോദ്യം ചെയ്ത ഇയാളെ പുലർച്ചയോടെ കൊച്ചിയിലെത്തിക്കും. സാനു കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിനു മുന്നിലെ ബീന റസിഡൻസി ഹോട്ടലിൽ താമസിച്ചിരുന്നതായി ഇക്കഴിഞ്ഞ 16 നാണ് പൊലീസിന് വിവരം ലഭിച്ചത്. അന്നുതന്നെ കൊച്ചി പൊലീസ് അവിടെയെത്തി, റെയിൽവേ സ്‌റ്റേഷൻ, എയർപോർട്ട്, കൊല്ലൂരിലെ വനമേഖലകൾ എന്നിവിടങ്ങളിലടക്കം തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല.
കൊല്ലൂരിൽ നിന്ന് സ്വകാര്യ ബസിൽ ഉഡുപ്പിയിലേക്കു പോയ ഇയാൾ അവിടെ നിന്ന് മറ്റൊരു ബസിൽ കാർവാറിലെത്തുകയായിരുന്നു. കൊല്ലൂരിൽ നിന്ന് 175 കിലോമീറ്റർ അകലെയാണ് കാർവാർ. 80 കിലോമീറ്റർ കഴിഞ്ഞാൽ ഗോവയായി. മാർച്ച് 21ന് ആലപ്പുഴ തൃക്കുന്നപ്പുഴയിലെ ബന്ധുവീട്ടിൽ ഭാര്യ രമ്യയെ കൊണ്ടുചെന്നാക്കിയ സാനു വൈഗയെയും കൂട്ടി കങ്ങരപ്പടിയിലെ ഫ്ളാറ്റിലേക്കു മടങ്ങുകയായിരുന്നു. പിറ്റേന്ന് കളമശേരി മുട്ടാർ റെഗുലേറ്റർ കം ബ്രിഡ്‌ജിനരികിൽ വൈഗയുടെ ജഡം കണ്ടെത്തി. സാനു പുലർച്ചെ തന്നെ കാറിൽ വാളയാർ ചെക്ക് പോസ്റ്റ് വഴി കോയമ്പത്തൂരിലേക്ക് കടക്കുകയും ചെയ്തു. വൈഗയുടെ ശരീരത്തിൽ മദ്യത്തിന്റെ സാന്നിദ്ധ്യമുണ്ടെന്ന രാസപരിശോധനാ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മകളെ മദ്യം നൽകി മയക്കി പുഴയിലെറിയുകയായിരുന്നു എന്നാണ് പൊലീസ് നിഗമനം.
2016 വരെ പൂനെയിൽ ലെയ്‌ത്ത് ബിസിനസ് നടത്തിയ സാനു നിരവധി സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയാണ്. പൂനെയിൽ നിന്ന് ആരുമറിയാതെയാണ് ഇവർ കൊച്ചിയിലേക്കു മുങ്ങി, ഫ്ളാറ്റ് വാങ്ങി താമസമാക്കിയത്. കൊച്ചിയിലും പലരിൽ നിന്നായി സാനു വലിയ തുകകൾ കടം വാങ്ങുകയും തട്ടിപ്പുകൾ നടത്തുകയും ചെയ്തു. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്ര സംസ്ഥാനങ്ങളിൽ അന്വേഷണം തുടരുന്നതിനിടെയാണ് സാനു പിടിയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |