യാതൊരു ബുദ്ധിമുട്ടുകളും അറിയിക്കാതെ എണ്ണിയാലൊടുങ്ങാത്ത പ്രവർത്തനങ്ങളിൽ പങ്കാളിയാവുന്ന പ്രധാനപ്പെട്ട ഒരു അവയവമാണ് കരൾ. കാര്യങ്ങളെല്ലാം കിറുകൃത്യമായി നടക്കുന്നതുകൊണ്ട് കരളിനെ നമ്മൾ അൽപ്പം പോലും മൈൻഡ് ചെയ്യാറുമില്ല. എന്നാൽ, ദഹനപ്രശ്നങ്ങൾ, കൊളസ്ട്രോൾ, മഞ്ഞപ്പിത്തം, കൊഴുപ്പടിയുക തുടങ്ങി, ചില ത്വക് രോഗങ്ങളുണ്ടായാൽ പോലും പലപ്പോഴും നമ്മൾ പഴിചാരുന്നത് ആ പാവത്തെയാണ്.
ദഹനപഥത്തിൽ നിന്നെത്തുന്ന രക്തം യഥാവിധി ഫിൽറ്റർ ചെയ്ത് മറ്റു ഭാഗങ്ങളിലേക്ക് എത്തിക്കുകയും നമ്മൾ ഉപയോഗിക്കുന്ന എല്ലാത്തരം മരുന്നുകളും ദഹിപ്പിക്കാനായി പ്രവർത്തിക്കുകയും രാസസംയുക്തങ്ങളിൽ നിന്നുമുണ്ടാവുന്ന വിഷ സ്വഭാവത്തെ നിർഹരിക്കുകയും ചെയ്യുന്ന വളരെ പ്രധാനപ്പെട്ട ജോലിയാണ് കരൾ ചെയ്യുന്നത്. മാലിന്യത്തെയും മറ്റു വസ്തുക്കളെയും സംസ്കരിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നതും ഏറ്റവും വലിയ ഗ്രന്ഥിയായ കരളാണ്.
പിത്തരസം ഉൽപ്പാദിപ്പിക്കുന്നതും കരൾതന്നെയാണ്. കരളിന്റെ പകുതി ഭാഗം കൊണ്ടു പോലും വലിയ കുഴപ്പമില്ലാതെ നമുക്ക് ജീവിക്കുവാനാകുമെന്നതാണ് മറ്റൊരു സവിശേഷത. മാസങ്ങൾക്കുള്ളിൽ ബാക്കി ഭാഗം വളർന്ന് സാധാരണ വലുപ്പത്തിലെത്താനുള്ള ശേഷിയും ഈ അവയവത്തിനുണ്ട്.
ആവശ്യമുള്ള ഊർജ്ജം പ്രദാനം ചെയ്യുന്നതിനും അണുബാധകൾക്കെതിരെ പ്രവർത്തിക്കുന്നതിനും ആവശ്യമുള്ളപ്പോൾ രക്തം കട്ടി പിടിപ്പിക്കുന്നതിനും ഹോർമോണിന്റെ അളവ് ക്രമീകരിക്കുന്നതിനുമെല്ലാം ശരിയായി പ്രവർത്തിക്കുന്ന കരൾതന്നെ വേണം.
ദഹനത്തിന് ആവശ്യമായ സ്രവങ്ങൾ ഉണ്ടാക്കുന്നതും രക്തത്തിലുള്ള അമോണിയയെ യൂറിയയാക്കുന്നതും ശരീരത്തിനാവശ്യമായ കൊളസ്ട്രോളും ഗ്ലൂക്കോസും ഉൽപാദിപ്പിക്കുന്നതും രക്തത്തിൽ കൂടുതലായെത്തുന്ന ഗ്ലൂക്കോസിനെ കൊഴുപ്പും പ്രോട്ടീനുമാക്കി സംഭരിക്കുന്നതും രക്തത്തിലെ ഗ്ലൂക്കോസ് നില ക്രമീകരിക്കുന്നതുമെല്ലാം കരൾതന്നെയാണ്.
കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ മഞ്ഞപ്പിത്തം, കരൾവീക്കം, സിറോസിസ്, അർബുദം തുടങ്ങിയവ മാരകവുമായേക്കാം. ഫാറ്റി ലിവറുള്ളവരിൽ രക്തത്തിലെ കൊഴുപ്പ് ആഗിരണം ചെയ്യാനുള്ള കരളിന്റെ ശേഷി കുറഞ്ഞു പോകും. മദ്യപിക്കാത്തവരിലും ഫാറ്റിലിവർ കാണാമെങ്കിലും മദ്യപാനം ശീലമാക്കിയവരിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്.
പ്രമേഹരോഗികളിൽ കരളിന്റെ പ്രവർത്തനങ്ങൾ ശരിയായി നടക്കുന്നുണ്ടെങ്കിൽ മാത്രമേ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാനാകൂ. അതിനാൽ ദഹന പചനപ്രക്രിയകൾ ശരിയായി നടക്കാൻ പര്യാപ്തമായ രീതികൾ ശീലിക്കാൻ പ്രമേഹരോഗികൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
കരൾ രോഗങ്ങൾ ഒന്നുമില്ലാതിരുന്നാൽ തന്നെ ആരോഗ്യത്തോടെ ദീർഘനാൾ ജീവിക്കാനാകും. ആരോഗ്യകരമായ ഭക്ഷണം, ജീവിതശൈലി, വ്യായാമം, ശരീരഭാര നിയന്ത്രണം എന്നിവ കരളിനെ സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ആയുർവേദമരുന്നുകൾ കരളിന്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും.
മദ്യം, പുകവലി, മറ്റുലഹരികൾ എന്നിവ ഒഴിവാക്കുക തന്നെ വേണം. ആവശ്യമില്ലാത്തതും ഡോക്ടർ നിർദ്ദേശിക്കാത്തതുമായ യാതൊരുവിധ മരുന്നുകളും കഴിക്കാൻ പാടില്ല. വിഷസ്വഭാവമുള്ള രാസപദാർത്ഥങ്ങൾ പരമാവധി ശ്രദ്ധയോടെ മാത്രമേ കൈകാര്യം ചെയ്യാവൂ. കൂടുതൽ പരിഗണന നൽകി കരളിനെ സംരക്ഷിക്കാൻ ലോക കരൾദിന ചിന്തകൾക്ക് കഴിയട്ടെ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |