തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾ തുടരും. കൊവിഡ് മുൻകരുതലുകൾ കർശനമായി പാലിച്ച് നടത്തുന്ന പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വാർത്താക്കുറിപ്പിൽ അറിയിച്ചു.29വരെയാണ് എസ്.എസ്.എൽ.സി പരീക്ഷ. 26ന് പ്ലസ് ടു പരീക്ഷ അവസാനിക്കും.
പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട സുരക്ഷാ മാനദണ്ഡങ്ങളും നിർദേശങ്ങളും വിദ്യാഭ്യാസ ഓഫീസർമാർക്കും ചീഫ് സൂപ്രണ്ടുമാർക്കും നൽകിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങളിൽ സാമൂഹിക അകലം ഉറപ്പുവരുത്തിയിട്ടുണ്ട്. അദ്ധ്യാപകരും അനദ്ധ്യാപകരും നിർബന്ധമായും ട്രിപ്പിൾ ലെയർ മാസ്‌ക് ധരിക്കണം. വിദ്യാർത്ഥികൾ കഴിവതും ട്രിപ്പിൾ ലെയർ മാസ്‌ക് ധരിക്കണം. ഐ.ആർ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിച്ച ശേഷമാണ് വിദ്യാർത്ഥികളെ സ്‌കൂൾ കോമ്പൗണ്ടിലേക്ക് പ്രവേശിപ്പിക്കുന്നത്. സാനിറ്റൈസർ/ സോപ്പ് ലഭ്യത ഉറപ്പുവരുത്തും. കൊവിഡ് പോസിറ്റീവായ കുട്ടികളുടെ ഉത്തരക്കടലാസുകൾ പ്രത്യേകമായി സ്വീകരിച്ച് മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കും. കൊവിഡ് പോസിറ്റീവായ വിദ്യാർത്ഥികൾ, ക്വാറന്റീനിലുള്ളവർ, ശരീരോഷ്മാവ് കൂടിയവർ എന്നിവർക്ക് പ്രത്യേകം ക്ലാസ് മുറികളിൽ പരീക്ഷ എഴുതാം. വിദ്യാർത്ഥികളുടെ ഗതാഗതസൗകര്യം ഉറപ്പുവരുത്താൻ പ്രഥമാദ്ധ്യാപകർ നടപടികൾ സ്വീകരിക്കും. ഓരോ പരീക്ഷ കഴിയുമ്പോഴും പരീക്ഷ ഹാളുകൾ അണുമുക്തമാക്കുന്നുണ്ട്.
സുരക്ഷ ഉറപ്പാക്കാൻ വിദ്യാലയാടിസ്ഥാനത്തിൽ മൈക്രോപ്ലാൻ രൂപീകരിച്ചാണ് പരീക്ഷ നടത്തുന്നത്. മേൽനോട്ടത്തിന് വിദ്യാഭ്യാസ ഓഫീസർമാരുടെ മോണിറ്ററിംഗ് ടീം സജ്ജമാണെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |