SignIn
Kerala Kaumudi Online
Sunday, 06 July 2025 11.28 PM IST

രണ്ടാം തരംഗത്തിൽ ഉലയാതിരിക്കാൻ

Increase Font Size Decrease Font Size Print Page

covid

കൊവിഡിന്റെ ആദ്യ വ്യാപനത്തെ അപേക്ഷിച്ച് രണ്ടാം വരവിൽ വൈറസിന്റെ പകർച്ചസാദ്ധ്യത, വകഭേദം, പകരുന്നതിന്റെ വേഗം എന്നിവ ആശങ്കാജനകമായ നിലയിൽ കൂടുതലാണ്. പല സംസ്ഥാനങ്ങളും ലോക്ഡൗണിന്റെ വിവിധ മാർഗങ്ങൾ നടപ്പിൽ വരുത്തിയിരിക്കുന്നു. നിർഭാഗ്യകരമെന്ന് പറയട്ടെ, വൻകിട രാഷ്ട്രീയ,

സാമൂഹ്യ മതപരമായ സമ്മേളനങ്ങൾ ഇപ്പോഴും തുടരുകയാണെന്നത് ഈ നിയന്ത്രണങ്ങളെ നിരർത്ഥകമാക്കുകയാണ്. തിരഞ്ഞെടുപ്പ് റാലികളും പൊതുസമ്മേളനങ്ങളും ഒഴിവാക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനവും
കുംഭമേള പ്രതീകാത്മകമാക്കി മാത്രം നടത്തണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനവും വൈകി വന്ന വിവേകമാണ്. അതു കൊണ്ടുള്ള ഫലം തുലോം കുറവും. കൊവിഡ് വ്യാധി മൂലമുണ്ടായ സാഹചര്യങ്ങൾ കൊണ്ട് ഇന്ത്യയുടെ ജി.ഡി.പി വലിയ ചാഞ്ചാട്ടങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ഈ വർഷം 12.5 ശതമാനം വളർച്ച രാജ്യം കൈവരിക്കുമെന്നാണ് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്) വിലയിരുത്തുന്നത്. എന്നാൽ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊണ്ടുള്ള വളർച്ചയാണിതെന്ന് കരുതുക വയ്യ. സാങ്കേതികം, ഔഷധവ്യവസായം, ആരോഗ്യ മേഖല എന്നിവിടങ്ങളിൽ വലിയ വളർച്ച കൈവരിച്ചു. കൊവിഡ് കാലത്ത് ശതകോടീശ്വരന്മാരുടെ സമ്പത്ത് 35 ശതമാനം വർദ്ധിച്ചു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.
കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ വരുമാന സ്രോതസിന്റെ പ്രധാന പങ്ക് വഹിച്ചിരുന്ന ടൂറിസം, ആതിഥേയ വ്യവസായം, തുടങ്ങിയവ ചരിത്രപരമായ വളർച്ചാ പ്രതിസന്ധിയിലാണ് നിൽക്കുന്നത്. ചെറുകിട -മദ്ധ്യവർഗ വ്യവസായങ്ങളെയും അസംഘടിത മേഖലയിലെ നിരവധി പേരെയും കൊവിഡ് ഗുരുതരമായി ബാധിച്ചു. 75 ദശലക്ഷം ജനങ്ങളാണ് ദാരിദ്ര്യത്തിലേക്ക് തള്ളിവിടപ്പെട്ടത്. മതിയായ തയ്യാറെടുപ്പില്ലാതെ കഴിഞ്ഞ വർഷം ദേശവ്യാപകമായി നടത്തിയ ലോക്ഡൗൺ ലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളുടെ പലായനത്തിനും ദുരിതത്തിനും കാരണമായി. പലരും നൂറുകണക്കിന് കിലോമീറ്ററുകൾ കാൽനടയായി യാത്ര ചെയ്താണ് സ്വന്തം വീടുകളിൽ എത്തിയത്. അതേസമയം ഐ.ടി, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ മേഖലയിലെ വെള്ളക്കോളർ ജോലികളുള്ള നമ്മുടെയിടയിലെ ചിലർ വീടിന്റെ സുരക്ഷിതത്വത്തിൽ ജീവിക്കുകയും ചെയ്തു.
കൊവിഡിന്റെ രണ്ടാം വരവിനും വളരെ മുൻപേ തന്നെ ഇതിൽ നിന്നുള്ള മറികടക്കൽ എല്ലാവർക്കും ഒരു പോലെ സാദ്ധ്യമാകില്ലെന്ന് രാജ്യത്തെ പ്രധാന സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. സാധാരണക്കാരെയും പാവപ്പെട്ടവരെയുമാണ് കൊവിഡ് ഏറ്റവുമധികം ബാധിച്ചതും ബാധിച്ചു കൊണ്ടിരിക്കുന്നതും. ഭാഗിക ലോക്ഡൗൺ നടത്തിയാൽ പോലും അത് ചരക്ക് നീക്കത്തെയും തൊഴിലിനെയും ബാധിക്കും. ഇതുവഴി വ്യാവസായിക ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും സാമ്പത്തികവും സാമൂഹ്യവുമായ അസമത്വങ്ങൾ വർധിക്കാൻ കാരണമാകുകയും ചെയ്യും. നമ്മുടെ സർക്കാരുകൾ ആ ദിശയിലേക്കാണ് സഞ്ചരിക്കുന്നത്. ഇതിന് പരിഹാരമായി സമാനസ്വഭാവമുള്ള വ്യവസായങ്ങളെ ഏകോപിപ്പിച്ച് കഴിയുന്നത്ര ഷിഫ്‌റ്റുകളിൽ പ്രവർത്തിപ്പിക്കാൻ സാധിക്കണം. സമാന്തരമായി കർശനമായ ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങൾ നടപ്പിൽ വരുത്തണം. മാസ്‌ക്, സാമൂഹ്യ അകലം എന്നിവ നിർബന്ധിതമായ നടപ്പാക്കണം. അനാവശ്യമായ ഒത്തുകൂടൽ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്യാം. സാമ്പത്തികരംഗം അടച്ചിടലിന് വിധേയമാക്കാതെ കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള നടപടികളാണ് ഇന്നത്തെ ആവശ്യം.
കൊവിഡ് കാലത്ത് ഡിമാൻഡ് കുറഞ്ഞതാണ് സാമ്പത്തിക രംഗം കൂപ്പുകുത്താൻ കാരണം. ഇതൊഴിവാക്കാൻ വ്യക്തികളിലും സ്ഥാപനങ്ങളിലും പണത്തിന്റെ ലഭ്യത ഉറപ്പു വരുത്താൻ സർക്കാരുകൾ നടപടിയെടുക്കണം. ഇത് ഉപഭോഗവും നിക്ഷേപവും വളർത്താൻ സഹായിക്കും. കൊവിഡ് പ്രതിസന്ധിയിൽ തളർന്ന് പോയ വ്യവസായങ്ങൾക്ക് കൂടുതൽ സഹായം നൽകണം. തൊഴിലുറപ്പ് പദ്ധതി, പണം നേരിട്ട് കൈമാറൽ, തൊഴിലവസരം എന്നിവയിൽ കൂടുതൽ പണമെത്തിക്കണം. 2019 ൽ കോൺഗ്രസ് ആവിഷ്‌കരിച്ച ന്യായ് പദ്ധതി പ്രകാരം 6000 രൂപ വീതം എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി നടപ്പിൽ വരുത്തേണ്ട സമയമായി. 2021 തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഇക്കാര്യം യുഡിഎഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്.

പല സംസ്ഥാനങ്ങളിൽ നിന്നുമുള്ള റിപ്പോർട്ട് പ്രകാരം ജനിതക വകഭേദം വന്ന വൈറസ് യുവാക്കളിലും ഭീഷണിയുണ്ടാക്കുന്നുണ്ട്. 18 വയസിനു മുകളിൽ പ്രായമുള്ള എല്ലാവർക്കും പ്രതിരോധമരുന്ന് നൽകാനുള്ള സർക്കാർ
തീരുമാനം സ്വാഗതാർഹമാണ്. അതോടൊപ്പം പ്രതിരോധമരുന്നിന്റെ ഉത്പാദനം, സംഭരണം, വിതരണം എന്നീ കാര്യങ്ങൾ ത്വരിതപ്പെടുത്തേണ്ടതുണ്ട്. ഇതോടെ തൊഴിലാളികൾക്കും ജീവനക്കാർക്കും തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്നതിന് കൂടുതൽ സ്വാതന്ത്ര്യമുണ്ടാകും. കൂടുതൽ വിദ്യാർത്ഥികൾക്ക് തടസം കൂടാതെ ക്ലാസുകളിൽ പോകാനും നൈപുണ്യ പരിപാടികളിൽ പങ്കെടുക്കാനും സാധിക്കും.
കൊവിഡിന്റെ രണ്ടാം തരംഗത്തിലും ആരോഗ്യമേഖലയിലെ പരിതാപകരമായ അവസ്ഥയിലും പ്രതിരോധ മരുന്നിന്റെ ക്ഷാമത്തിലും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൂട്ടുത്തരവാദികളാണ്.

കൊവിഡിന്റെ രണ്ടാം വരവിൽ തെരഞ്ഞെടുപ്പ് പ്രചരണം അതിന്റെ മൂർധന്യത്തിലായിരുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ നമ്മൾ കാറ്റിൽ പറത്തി. അതേസമയം 2020 ലെ കൊവിഡിന്റെ ആദ്യ ആക്രമണത്തിന്റെ അനുഭവപാഠം ഉൾക്കൊണ്ട് ആരോഗ്യപ്രവർത്തകർക്കും നയകർത്താക്കൾക്കും സുരക്ഷാ മാനദണ്ഡങ്ങളും ചികിത്സാരീതികളും തയ്യാറാക്കാൻ ആവശ്യത്തിന് സമയം ലഭിച്ചിട്ടുണ്ട്. എന്നിട്ടും രണ്ടാം വ്യാപനം നടക്കുമ്പോൾ മറ്റ് സംസ്ഥാനങ്ങളിൽ ആശുപത്രി കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, റെംഡെസിവിർ പോലുള്ള അവശ്യമരുന്നുകൾ എന്നിവയ്ക്ക് ക്ഷാമം നേരിടുന്നുണ്ട്. അതേ അവസ്ഥ ഇവിടെയുണ്ടാകാതിരിക്കാൻ കേരള സർക്കാർ അടിയന്തര നടപടികൾ എടുക്കണം.
സന്നദ്ധ സംഘടനകളും സ്വകാര്യമേഖലയും കൊവിഡിന്റെ ആദ്യ വരവിനെ ചെറുക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നു. ഈ ലേഖകൻ അംഗമായ പൈ ഇന്ത്യ ഗുജറാത്ത്, ഡൽഹി, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ താത്കാലിക ചികിത്സാ കേന്ദ്രങ്ങൾ തുടങ്ങുകയും ഗുരുതരമല്ലാത്ത 10,000 ത്തോളം രോഗികൾക്ക് ചികിത്സാസൗകര്യം ഒരുക്കുകയും ചെയ്തിരുന്നു.

രാഷ്ട്രീയമായ നിശ്ചയദാർഢ്യവും പൊതുജനപങ്കാളിത്തവുമുണ്ടെങ്കിൽ ജീവിതമാർഗങ്ങൾ വഴിമുട്ടിക്കാതെ കൊവിഡിന്റെ രണ്ടാം വരവിൽ ജനങ്ങളെ സംരക്ഷിക്കാൻ സാധിക്കും. സാധാരണക്കാരും പാവപ്പെട്ടവരും കൊവിഡ് കാലത്ത്സാമ്പത്തികമായും സാമൂഹികമായും ഇനിയും പിന്നാക്കം പോകുന്നത് തടയാനും
ഇതിലൂടെ കഴിയും.

(ലേഖകൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയഡിജിറ്റൽ
കമ്മ്യൂണിക്കേഷൻ ദേശീയ കോ - ഓർഡിനേറ്ററും കൊവിഡ് 19
കർമ്മസമിതിയായ പൈ ഇന്ത്യയുടെ ദേശീയ കോ- ഓർഡിനേറ്ററുമാണ് )

TAGS: COVID, ANIL ANTONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.