കണ്ണൂർ: കള്ളന്മാരെ പിടികൂടുകയാണ് പൊലീസിന്റെ പണിയെന്നാണ് നാട്ടുനടപ്പ്. എന്നാൽ, കണ്ണൂർ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ നിന്ന് സമീപകാലത്തായി വരുന്ന ചില വാർത്തകൾ കേട്ടാൽ മൂക്കിൽ വിരൽ വച്ചുപോകും. കള്ളന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പൊലീസുകാരൻ പണം തട്ടിയ സംഭവമാണ് ഏറ്റവും ഒടുവിൽ സേനയ്ക്ക് നാണക്കേടായി മാറിയത്.
കേസിന്റെ ആവശ്യത്തിന് എന്ന വ്യാജേന കള്ളന്റെ സഹോദരിയിൽ നിന്ന് എ.ടി.എം പിൻ മനസിലാക്കുകയും അരലക്ഷത്തോളം രൂപ കൈക്കലാക്കുകയുമായിരുന്നു. സംഭവം പരാതിയായി വന്നതോടെ സി.പി. ഒ ഇ.എൻ. ശ്രീകാന്തിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.
എ.ടി.എം കാർഡ് തട്ടിപ്പ് നടത്തിയ പൊലീസുകാരൻ നേരത്തെ വകുപ്പ് തല നടപടിക്ക് വിധേയനായ ആളാണ്. സമൂഹ മാദ്ധ്യമങ്ങളിൽ മുഖ്യമന്ത്രിക്കെതിരെ പോസ്റ്റിട്ടതിനാണ് നേരത്തെ നടപടിക്ക് വിധേയനായത്. കേസിലെ പ്രതിയായ സിവിൽ പൊലീസ് ഓഫീസറെ കേസിൽ നിന്ന് രക്ഷിക്കാനുള്ള നീക്കങ്ങളും അണിയറയിൽ നടക്കുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്. കേസ് സജീവമായി മുന്നോട്ടുപോയാൽ മറ്റ് പലരും കുടുങ്ങുമെന്ന ഭയമാണ് കേസ് ഒതുക്കാനുള്ള ശ്രമത്തിന് പിന്നിൽ.
സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെയാണ് ശ്രീകാന്തിനെ സസ്‌പെൻഡ് ചെയ്യാൻ നിർബന്ധിതമായത്. കാർഡ് തട്ടിയെടുത്ത ശേഷം ഏപ്രിൽ ഏഴുമുതൽ വിവിധ ആവശ്യങ്ങൾക്കായി ഇയാൾ പണം പിൻവലിക്കുകയായിരുന്നു. എ.ടി.എം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചതായുള്ള സന്ദേശം മൊബൈൽ ഫോണിൽ വന്നതോടെയാണ് സഹോദരി പരാതിയുമായി പൊലീസിനെ സമീപിച്ചത്. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിർദ്ദേശാനുസരണം സി.ഐ വി. ജയകുമാർ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തുവന്നത്.
രണ്ട് വർഷം മുൻപ് ഇതേ സ്റ്റേഷനിൽ നിന്ന് തൊണ്ടിമുതലായ മണൽ ലോറി പൊലീസുകാർ ആക്രിയ്ക്ക് വിറ്റിരുന്നു. സംഭവത്തിലെ കുറ്റക്കാരെ കണ്ടെത്തിയിരുന്നെങ്കിലും നടപടി ഒന്നും ഉണ്ടായിരുന്നില്ല. വാഹനാപകട കേസുകളിൽ ഇടനിലക്കാരായി നിന്ന് പണം തട്ടുന്ന രീതിയും ഇതേ സ്റ്റേഷനിലെ ചില പൊലീസുകാർക്കുണ്ട്. ഏത് സർക്കാർ ഭരിച്ചാലും ഇതിന് മാത്രം മാറ്റം ഉണ്ടാകാറില്ല. എസ്.ഐ മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്ക് വിഹിതം നൽകണം എന്ന് പറഞ്ഞാണ് പ്രതികളിൽനിന്നും വാദികളിൽനിന്നും പൊലീസുകാർ പണം കൈക്കലാക്കുന്നത്.
സംഘടനാ സ്വാധീനവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് കേസ് തേച്ച് മായ്ച്ച് കളയുന്നതിനാൽ വിവാദങ്ങളൊന്നും ഇവരെ ബാധിക്കാറുമില്ല. പുതുതായി ഉയർന്ന പരാതിയിൽ പിടിയിലായ സിവിൽ പൊലീസ് ഓഫീസർക്ക് മാത്രമല്ല മറ്റു പലർക്കും ബന്ധമുണ്ടെന്ന ആരോപണം ഉയർന്നിട്ടുണ്ട്. മണൽ ലോറി മറിച്ചു വിറ്റ സംഭവത്തിലും സമാനമായി പല പൊലീസുകാരും ഊരിപ്പോയിരുന്നു.
സ്വന്തം ജീവിതം പോലും ഡിപ്പാർട്ട്മെന്റിനായി ത്യജിക്കുന്നവർക്ക് കൂടി ഇത്തരക്കാർ അപമാനമാകുന്നുണ്ട്. മണൽ മാഫിയയുടെ അക്രമത്തിൽ കിടപ്പിലായ റിട്ട. എസ്.ഐ കെ.എം. രാജൻ ഇതിന് സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ ജോലി ചെയ്തയാളാണ്. മണൽ മാഫിയയെ തടയാനുള്ള ശ്രമത്തിനിടെയുണ്ടായ വധശ്രമത്തിൽ ശരീരം തളർന്ന് പോകുകയായിരുന്നു.
എം.ടി.എം തട്ടിപ്പ് സംഭവം പുറത്തുവന്നതോടെ തളിപ്പറമ്പ് പൊലീസിന്റെ കൊള്ളയ്ക്കിരയായ പലരും തങ്ങളുടെ സമാന അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. പെൺകുട്ടിയെ പിറകെ നടന്ന് ശല്യം ചെയ്യുന്നു എന്ന പരാതിയിൽ യുവാവിനെ രക്ഷിതാക്കളുടെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിച്ച സംഭവം അടുത്തിടെ ഏറെ വിവാദമായിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ഐ അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാർക്കെതിരെ ശക്തമായ നയപടി എടുക്കുമെന്ന് തളിപ്പറമ്പ് ഡി.വൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ 'കേരളകൗമുദി ഫ്ളാഷി"നോട് പറഞ്ഞു. കാസർകോട് ടൗൺ പൊലീസ് പിടിച്ചെടുത്ത ചന്ദനത്തൈലം നേരം പുലർന്നപ്പോൾ പച്ചവെള്ളമായി മാറിയ മാജിക്കും ഇടക്കാലത്ത് ഏറെ ചർച്ചയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |