തിരുവനന്തപുരം: 18നും 45നും ഇടയിൽ പ്രായമുള്ളവർക്ക് മേയ് ഒന്ന് മുതൽ കൊവിഡ് വാക്സിൻ നൽകുന്നതിനായി കേരളത്തിന് ഏകദേശം 1,100 കോടി രൂപ ചെലവഴിക്കേണ്ടിവരുമെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക് പറഞ്ഞു. കൊവിഡ് ഉയർത്തിയ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന സംസ്ഥാനത്തിന് ഇത് വമ്പൻ ബാദ്ധ്യതയാണ്. കൊവിഡ് പടർന്നുപിടിച്ച് മരണസംഖ്യ പെരുകുന്ന ഈ സമയത്ത് പ്രതിരോധ വാക്‌സിന്റെ വില നിർണയാധികാരം മരുന്ന് നിർമ്മാണ കമ്പനികൾക്ക് കൈമാറരുതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകുമെന്ന ഉറപ്പ് പാലിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനർത്ഥം വാക്‌സിൻ കമ്പനികൾ നിശ്ചയിക്കുന്ന വില അങ്ങനെതന്നെ വിഴുങ്ങുമെന്നോ, കേന്ദ്രസർക്കാർ ചുമതല ഏറ്റെടുക്കാൻ വിസമ്മതിക്കുന്നതിനെ കണ്ണടച്ച് അംഗീകരിക്കുമെന്നോ അല്ല. സ്വതന്ത്ര ഇന്ത്യ ഇതുവരെ പിന്തുടർന്ന നയം സൗജന്യവും സാർവ്വത്രികവുമായ വാക്‌സിനേഷനാണ്. ഇതാണ് ബി.ജെ.പി സർക്കാർ വാക്‌സിൻ കമ്പനികൾക്കു വേണ്ടി അട്ടിമറിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണം. കേന്ദ്രം തന്നെ വാക്‌സിൻ വാങ്ങി സംസ്ഥാനങ്ങളിലെ കൊവിഡ് രോഗികളുടെ എണ്ണം കണക്കാക്കി വിതരണം ചെയ്യണം. ചെകുത്താനും കടലിനുമിടയിൽ എന്ന പഴഞ്ചൊല്ല് കൊവിഡിനും മോദിക്കുമിടയിൽ എന്ന് പുതുക്കുകയാണ് രാജ്യമെന്നും ഐസക് കളിയാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |