തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ച ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകളിൽ അഞ്ച്, ആറ് ക്ലാസുകളുടെ പഠനം ഇന്നത്തോടെ പൂർത്തിയാകും. ഏഴും ഒൻപതും ക്ലാസുകൾ ചൊവ്വാഴ്ചയോടെയും മറ്റു ക്ലാസുകൾ മുപ്പതോടെയും തീരും.
പ്ലസ് വണ്ണിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഹിസ്റ്ററി വിഷയങ്ങളും ഇന്ന് സംപ്രേഷണം പൂർത്തിയാക്കും. പൊതുപരീക്ഷ പ്രഖ്യാപിക്കുന്നതനുസരിച്ച് പ്രത്യേക റിവിഷൻ ക്ലാസുകളും ഓഡിയോബുക്കുകളും പ്ലസ് വൺ ക്ലാസുകൾക്ക് ആരംഭിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു.
ഫസ്റ്റ്‌ബെൽ ക്ലാസുകളുടെ തുടർച്ചയായി ഒന്നുമുതൽ ഒൻപതു വരെയുള്ള ക്ലാസുകളിൽ വർഷാന്ത്യവിലയിരുത്തലിനായി കുട്ടികൾക്ക് പഠനമികവുരേഖകൾ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഇവയിലെ പ്രവർത്തനങ്ങൾ കുട്ടികൾ പൂർത്തിയാക്കി സമർപ്പിക്കുന്നതിനനുസരിച്ചാണ് അദ്ധ്യാപകർ മൂല്യനിർണയം നടത്തുക. മേയ് 20നകം വർഷാന്ത്യവിലയിരുത്തൽ നടത്തി സ്‌കൂളുകൾ പ്രൊമോഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കണം. പ്രീപ്രൈമറി കുട്ടികൾക്കുള്ള കിളിക്കൊഞ്ചൽ ക്ലാസുകൾ മേയിലും തുടരും. ഇതിനുപുറമെ ശാസ്ത്രം, പരിസ്ഥിതി, മാനസികാരോഗ്യം, സാങ്കേതികവിദ്യ, കലാകായിക വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ പ്രത്യേക പരിപാടികളും കൈറ്റ് വിക്ടേഴ്സിൽ മേയിൽ സംപ്രേഷണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |