ന്യൂഡൽഹി:കൊവിഡിനെ പ്രതിരോധിക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഒരുമിച്ച് നിന്നാൽ ഒന്നിനും ക്ഷാമമുണ്ടാകില്ലെന്നും സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊവിഡ് കേസുകൾ കൂടിയ കേരളം ഉൾപ്പെടെ 11 സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓക്‌സിജന്റെയും മരുന്നുകളുടെയും പൂഴ്‌ത്തിവയ്പ്പും കരിഞ്ചന്തയും തടയണം. മരുന്നും ഓക്‌സിജനും എത്തിക്കാൻ സംസ്ഥാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കണം. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജൻ ടാങ്കറുകൾ തടയുകയോ കുടുങ്ങുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കണം. ആശുപത്രികളിൽ ഓക്‌സിജൻ എത്തിക്കാൻ സംസ്ഥാനങ്ങളിൽ ഉന്നതതല ഏകോപന സമിതികൾ രൂപീകരിക്കണം.
പരിഭ്രാന്തി ഒഴിവാക്കാൻ ആളുകളെ നിരന്തരം ബോധവൽക്കരിക്കണം. വാക്സിനേഷൻ മന്ദഗതിയിലാകരുത്. 13 കോടിയിലധികം വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്ക് സൗജന്യമായി നൽകിയിട്ടുണ്ട്. ഓക്സിജൻ ചോർച്ചയും തീപിടിത്തവും ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ആശുപത്രികളിലെ സുരക്ഷ വളരെ പ്രധാനമാണെന്ന് പറഞ്ഞു.
കേരളം, മഹാരാഷ്ട്ര, യു.പി, ഡൽഹി, പഞ്ചാബ്, ഗുജറാത്ത്, കർണാടക, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് പങ്കെടുത്തത്.
ചർച്ച ലൈവ്,കേജ്‌രിവാളിന്
മോദിയുടെ വിമർശനം
യോഗത്തിൽ സംസാരിക്കുന്നത് ലൈവായി പങ്കുവച്ചതിന് ഡൽഹി മുഖ്യമന്ത്രി കേജ്‌രിവാളിനെ മോദി വിമർശിച്ചു.
ഡൽഹിയിലെ ഓക്‌സിജൻ ക്ഷാമത്തെ പറ്റി കേജ്‌രിവാൾ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഓഫീസ് സമൂഹമാദ്ധ്യമത്തിലൂടെ അത് പങ്കുവച്ചു. അതുകണ്ട പ്രധാനമന്ത്രി, കേജ്‌രിവാളിന്റെ സംസാരത്തിൽ ഇടപെട്ടു. രഹസ്യയോഗം മുഖ്യമന്ത്രി ലൈവ് സംപ്രേഷണം നടത്തുന്നത് ഉചിതമല്ല. ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് മോദി വിമർശിച്ചു. തുടർന്ന് കേജ്‌രിവാൾ പ്രധാനമന്ത്രിയോട് ക്ഷമാപണം നടത്തി.
രഹസ്യ യോഗമല്ലായിരുന്നെന്നും ലൈവ് ചെയ്യരുതെന്ന് കേന്ദ്രം നിർദ്ദേശിച്ചിരുന്നില്ലെന്നും കേജ്‌രിവാളിന്റെ ഓഫീസ് പിന്നീട് വിശദീകരിച്ചു. മുൻപും പൊതുജന പ്രധാനമായ ചർച്ചകൾ സംപ്രേഷണം ചെയ്തിട്ടുണ്ട്. അസൗകര്യമുണ്ടായെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നതായും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |