ബംഗളൂരു: ജയിലിലെ തടവുകാരന്റെ വയറ്റിൽ നിന്ന് ശസ്ത്രക്രിയ നടത്തി മൊബൈൽ ഫോൺ പുറത്തെടുത്തു. ശിവമോഗ സെൻട്രൽ ജയിലിൽ കഞ്ചാവ് കേസിൽ തടവിൽ കഴിയുന്ന ദൗലത്ത് ഖാന്റെ (30) വയറ്റിൽ നിന്നാണ് മൊബൈൽ ഫോൺ പുറത്തെടുത്തത്. കഞ്ചാവ് കടത്തിയ കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട തടവുകാരനാണ് ദൗലത്ത് ഖാൻ. കല്ല് വിഴുങ്ങിയെന്നും പിന്നാലെ കഠിനമായ വേദനയുണ്ടെന്നും പറഞ്ഞാണ് യുവാവ് ജൂൺ 24ന് ജയിലിലെ ഡോക്ടറുടെ അടുത്തേക്കെത്തിയത്.
മരുന്നു കൊടുത്തെങ്കിലും വയറുവേദനയിൽ യാതൊരു കുറവും ഉണ്ടായില്ല. തുടർന്നാണ് ദൗലത്ത് ഖാനെ ജില്ലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എക്സ്റേയിൽ ഇയാളുടെ വയറ്റിൽ ഒരു വസ്തുവുള്ളതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് വയറ്റിലുളളത് മൊബൈൽ ഫോണാണെന്ന് കണ്ടെത്തിയത്. ഒരിഞ്ച് വീതിയും മൂന്ന് ഇഞ്ച് നീളവുമുളള മൊബൈൽ ഫോണാണ് പുറത്തെടുത്തത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെൻട്രൽ ജയിൽ സൂപ്രണ്ട് പി. രംഗനാഥ് തുംഗനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ദൗലത്ത് ഖാനെതിരെ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജയിൽ പരിശോധനയ്ക്കിടെ പിടിക്കപ്പെടാതിരിക്കാൻ യുവാവ് മൊബൈൽ ഫോൺ വിഴുങ്ങിയതാണെന്ന നിഗമനത്തിലാണ് പൊലീസ്.അതേസമയം, ചില ജയിൽ ജീവനക്കാർ യുവാവിന് സഹായം ചെയ്തിട്ടുണ്ടാകുമെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |