കൊച്ചി: ആഗസ്റ്റ് ഒന്നിന് പകരച്ചുങ്കം നടപ്പാകുന്നതിന് മുൻപ് അമേരിക്കയുമായി ഇടക്കാല വ്യാപാര കരാർ ഒപ്പുവക്കാൻ ഇന്ത്യ നീക്കം ശക്തമാക്കി. കേന്ദ്ര സർക്കാരിന്റെ വാണിജ്യ മന്ത്രാലയം പ്രതിനിധികൾ ഇതിനായി ചർച്ചകളുടെ വേഗം കൂട്ടി. ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ 15 ശതമാനമായി കുറയ്ക്കാനാണ് സർക്കാർ സമ്മർദ്ദം ചെലത്തുന്നത്. ഇതോടെ വിയറ്റ്നാം ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളുമായി ശക്തമായ മത്സരം നടത്താനാകുമെന്നും വിലയിരുത്തുന്നു. ഫെബ്രുവരിയിൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 26 ശതമാനം പകരച്ചുങ്കം ആഗസ്റ്റ് ഒന്നിനാണ് നടപ്പാകുന്നത്. സമ്പൂർണ കരാറിന് ചർച്ചകൾ വേഗത്തിലാക്കുന്നതിന് ഇതോടെ സാവകാശം ലഭിക്കും.
ആഭ്യന്തര കാർഷിക, ക്ഷീര മേഖലകളെ സംരംക്ഷിച്ച് വ്യാപാര കരാർ യാഥാർത്ഥ്യമാക്കുന്നതിനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ജനിതക മാറ്റം വരുത്തിയ വിത്തുകളുടെ ഇറക്കുമതി അനുവദിക്കുന്നതിനെതിരെ ഇന്ത്യ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ലോകത്തിലെ പല രാജ്യങ്ങൾക്കും ട്രംപ് ഭരണകൂടം അയക്കുന്ന താരിഫ് ലെറ്റർ ഇന്ത്യയ്ക്ക് ലഭിക്കില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.
വ്യാപാര പങ്കാളിത്ത രാജ്യങ്ങളിൽ ഉൾപ്പെടാൻ ശ്രമം
ഇടക്കാല കരാർ ഒപ്പുവക്കുന്നതോടെ അമേരിക്കയുടെ ചുരുക്കം വ്യാപാര പങ്കാളി രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടും. അതേസമയം വ്യാപാരി പങ്കാളിത്ത രാജ്യങ്ങളിലെ ചില ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെ തീരുവ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ഡൊണാൾഡ് ട്രംപ് പുതിയ ആശങ്കകൾ സൃഷ്‌ടിക്കുന്നുണ്ട്. വിയറ്റ്‌നാമുമായി യു.എസ് ഒപ്പുവച്ച വ്യാപാര കരാറിൽ 20 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുളളത്. അതിനാൽ തീരുവ പരമാവധി 15 ശതമാനമായി കുറയ്ക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. നിലവിൽ ഇന്ത്യൻ ഉത്പന്നങ്ങൾ അമേരിക്കയിലേക്ക് കയറ്റി അയക്കുമ്പോൾ പത്ത് ശതമാനം അടിസ്ഥാന തീരുവയാണ് ഈടാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |